കൊല്ലം - മദ്യപിച്ച സുഹൃത്തുക്കള്‍ തമ്മില്‍ പെട്രോള്‍ പമ്പില്‍വെച്ചുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ തലയ്ക്കടിച്ച് കൊന്നു. ദര്‍പ്പക്കാട് സ്വദേശി സെയ്ദലി എന്നറിയപ്പെടുന്ന ബൈജു ആണ് മരിച്ചത്. പെട്രോള്‍ അടിക്കാനായി ബൈജുവിനൊപ്പം കാറില്‍ എത്തിയവര്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്. ചിതറയിലെ പെട്രോള്‍ പമ്പിലാണ് സംഭവം. കാറിലുണ്ടായിരുന്ന ദര്‍പ്പക്കാട് സ്വദേശികളായ ഷാന്‍, ഷെഹിന്‍ കടയ്ക്കല്‍ സ്വദേശികളായ ഷാജഹാന്‍, നിഹാസ് എന്നിവര്‍ പിടിയിലായി. ഇവര്‍ക്കൊപ്പമാണ് ബൈജു കാറില്‍ ചിതറയിലെ പെട്രോള്‍ പമ്പില്‍ എത്തിയത്. ഇന്ധനം നിറച്ച ശേഷം ഇവര്‍ തമ്മില്‍ കാറില്‍വെച്ച് വാക്കുതര്‍ക്കം ഉണ്ടായി. പിന്നാലെ കൂട്ടത്തില്‍ ഒരാള്‍ ബൈജുവിനെ കാറില്‍ നിന്ന് വലിച്ചുപുറത്തിറക്കി തറയോട് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ബോധരഹിതനായ ബൈജുവിനെ ഉടന്‍ തന്നെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാട്ടുകാരും പോലീസും ചേര്‍ന്നാണ് ബൈജുവിന് ഒപ്പമുണ്ടായിരുന്നവരെ പിടികൂടിയത്. കാറിലുണ്ടായിരുന്നവരെല്ലാം മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.