മക്ക - ഈ വർഷം ഹജ് തീർഥാടകരുടെ യാത്രക്ക് 18,000 ലേറെ ബസുകൾ ഒരുക്കിയതായി ഹജ്, ഉംറ മന്ത്രാലയത്തിൽ ഗതാഗത മേഖലാ സൂപ്പർവൈസർ ജനറൽ ഡോ. ബസ്സാം ഗിൽമാൻ പറഞ്ഞു. ജനറൽ കാർസ് സിണ്ടിക്കേറ്റിനു കീഴിലെ 35 കമ്പനികൾ 18,000 ലേറെ ബസുകൾ ഉപയോഗിച്ച് ഇരുപതു ലക്ഷത്തോളം തീർഥാടകർക്ക് യാത്രാ സൗകര്യം നൽകും. ഹാജിമാർക്ക് യാത്രാ സൗകര്യം നൽകുന്ന ബസുകളുടെ സഞ്ചാരപഥം ടാബുകൾ ഉപയോഗിച്ച് നിരീക്ഷിക്കുന്നതിനും വഴിയിൽ കേടാകുന്ന ബസുകൾ ഉടനടി കണ്ടെത്തി തകരാറുകൾ വേഗത്തിൽ പരിഹരിക്കുന്നതിനും സഹായിക്കുന്ന പുതിയ സംവിധാനം ഈ ഹജ് കാലത്ത് നടപ്പാക്കുന്നതിന് പദ്ധതിയുണ്ട്. ഇത് നടപ്പാക്കുന്നതിന് 17,000 ടാബുകൾ ആവശ്യമാണ്. ആറു ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റുകളിലെയും ഫീൽഡ് സർവീസ് ഗ്രൂപ്പുകളിൽ ഗതാഗത ചുമതല വഹിക്കുന്നവർക്കും ഗൈഡുമാർക്കും പുതിയ പ്രോഗ്രാം പ്രവർത്തിപ്പിക്കുന്നതിൽ പരിശീലനം നൽകേണ്ടതുണ്ട്.
കഴിഞ്ഞ വർഷം ഹജ് തീർഥാടകർക്ക് യാത്രാ സൗകര്യം നൽകുന്നതുമായി ബന്ധപ്പെട്ട നിയമ, വ്യവസ്ഥകൾ ലംഘിച്ചതിന് ഒരു കമ്പനിക്ക് പത്തു ലക്ഷത്തിലേറെ റിയാൽ പിഴ ചുമത്തിയിരുന്നു. നിയമ ലംഘനങ്ങൾ നടത്തുന്ന ബസ് കമ്പനികൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് മടിച്ചുനിൽക്കില്ല. പ്രായാധിക്യം ചെന്നവർക്കും രോഗികൾക്കും ബസുകളിൽ പ്രത്യേക സീറ്റുകൾ സജ്ജീകരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ബസുകളിൽ കൂടുതൽ സീറ്റുകൾ വൃദ്ധന്മാർക്കും രോഗികൾക്കും വേണ്ടി സജ്ജീകരിക്കാൻ സാധിക്കില്ല. ഇങ്ങനെ കൂടുതൽ സീറ്റുകൾ സജ്ജീകരിക്കുന്നത് ഹജ് ട്രാൻസ്‌പോർട്ടേഷൻ മേഖലയിൽ ബസുകളുടെ എണ്ണം ഉയർത്തുന്നതിന് നിർബന്ധിതമാക്കും. ഇത് ബസ് കമ്പനികളെ പ്രതികൂലമായി ബാധിക്കും. വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് സേവനം നൽകുന്ന ആറു ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റുകളിലും 2020 ലെ ഹജിന് പൂർണ തോതിൽ ബസ് ഷട്ടിൽ സർവീസ് സേവനം നടപ്പാക്കും. പടിപടിയായി ബസ് ഷട്ടിൽ സർവീസ് നടപ്പാക്കി 2020 ഓടെ 100 ശതമാനം തോതിൽ പദ്ധതി നടപ്പാക്കുന്നതിനാണ് നീക്കമെന്നും ഡോ. ബസ്സാം ഗിൽമാൻ പറഞ്ഞു.