കോട്ടയം - ഓണക്കാലമായിട്ടും കര്‍ഷകര്‍ക്ക് നെല്ല് സംഭരണത്തിന്റെ വില കിട്ടിയില്ലെന്ന് കൃഷി മന്ത്രിയെ സ്‌റ്റേജിലിരുത്തി വിമര്‍ശിച്ച നടന്‍ ജയസൂര്യയ്ക്ക് മന്ത്രിയുടെ മറുപടി. ജയസൂര്യയുടെ പ്രസ്താവന ആസൂത്രണം നടത്തിയത് പോലെയുള്ളതായിരുന്നുവെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. പ്ലാന്‍ഡ് ആയ പ്രസ്താവനയാണ് ജയസൂര്യ നടത്തിയത്. എന്നാല്‍ പ്രചാരണം പൊട്ടിപ്പോയി. വിജയിക്കാത്ത സിനിമ പോലത്തെ അനുഭവമായി. സത്യം എല്ലാവര്‍ക്കും മനസിലാവുകയും ചെയ്തുവെന്നും മന്ത്രി പറഞ്ഞു.നെല്ല് സംഭരണത്തിന്റെ വില ഓണത്തിന് മുമ്പ് കൊടുത്ത് തീര്‍ത്തുവെന്നും അസത്യങ്ങളെ നിറം പിടിപ്പിച്ച് അവതരിപ്പിക്കുകയാണ് ജയസൂര്യ ചെയ്തതെന്നും മന്ത്രി പറഞ്ഞു. ബാങ്കുകളുടെ കെടുകാര്യസ്ഥത കാരണമാണ് പണം കൊടുക്കാന്‍ അല്‍പമെങ്കിലും വൈകിയതെന്നും മന്ത്രി പറഞ്ഞു. സുഹൃത്തായ നടന്‍ കൃഷ്ണപ്രസാദിന് ആറ് മാസമായി നെല്ലിന്റെ വില കിട്ടിയിട്ടില്ലെന്ന ജയസൂര്യയുടെ വാദം തെറ്റാണെന്നും മന്ത്രി പറഞ്ഞു. കൃഷ്ണപ്രസാദിന് നെല്ല് സംഭരണ തുക നല്‍കിയിട്ടുണ്ട്. ചങ്ങനാശ്ശേരിയിലെ എസ് ബി ഐ ബാങ്ക് അക്കൗണ്ടില്‍ ഏപ്രില്‍ മാസത്തോടെ പണം എത്തി. മൂന്ന് തവണകളായാണ് അക്കൗണ്ടിലൂടെ മുഴുവന്‍ തുകയും കൊടുത്തു തീര്‍ത്തതെന്നും മന്ത്രി പറഞ്ഞു. നെല്ലിന്റെ സംഭരണ വില കിട്ടാത്തതിനാല്‍ തിരുവോണ ദിനത്തില്‍ പല കര്‍ഷകരും ഉപവാസ സമരത്തിലാണെന്നും കൃഷിക്കാര്‍ക്ക് സര്‍ക്കാറില്‍ നിന്ന് ഒന്നും ലഭിക്കാത്തതുകൊണ്ടാണ് പുതു തലമുറക്കാര്‍ കൃഷിയിലേക്ക് വരാത്തതെന്നും മന്ത്രിമാരായ പി.പ്രസാദിനെയും, പി.രാജീവിനെയും വേദിയിലിരുത്തി ജയസൂര്യ വിമര്‍ശിച്ചിരുന്നു.