ജിദ്ദ - ഹജ് അനുമതി പത്രമില്ലാത്തവരെ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കടത്തുന്നതിന് ശ്രമിക്കുന്നവർക്ക് ആറു മാസം തടവ് ലഭിക്കുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് ഹജ് ഫോഴ്‌സ് കമാണ്ടർ മേജർ ജനറൽ നിയാഫ് സുൽത്താൻ അൽറുവൈസ് പറഞ്ഞു. മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കടത്തുന്നതിന് ശ്രമിക്കുന്ന നിയമ ലംഘകരായ ഓരോ തീർഥാടകനും അര ലക്ഷം റിയാൽ തോതിൽ ഡ്രൈവർമാർക്ക് പിഴ ചുമത്തുകയും ചെയ്യും. സൗദി പൗരന്മാരും വിദേശികളും ഹജുമായി ബന്ധപ്പെട്ട നിയമ, നിർദേശങ്ങൾ കണിശമായി പാലിക്കണം. അനധികൃത തീർഥാടകരെ മക്കയിലേക്ക് കടത്തുന്നതിന് ശ്രമിച്ച് പിടിയിലാകുന്ന വിദേശികളെ ശിക്ഷ പൂർത്തിയാക്കിയ ശേഷം നാടുകടത്തും. വീണ്ടും സൗദിയിൽ പ്രവേശിക്കുന്നതിൽ നിന്ന് ഇത്തരക്കാർക്ക് വിലക്കേർപ്പെടുത്തുകയും ചെയ്യും. നിയമ ലംഘകരെ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കടത്തുന്നതിന് ഉപയോഗിക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടുമെന്നും മേജർ ജനറൽ നിയാഫ് സുൽത്താൻ അൽറുവൈസ് പറഞ്ഞു.
മക്കയുടെ പ്രവേശന കവാടങ്ങളിലെ ചെക്ക് പോസ്റ്റുകൾ മേജർ ജനറൽ നിയാഫ് സുൽത്താൻ അൽറുവൈസ് കഴിഞ്ഞ ദിവസം സന്ദർശിച്ചു. ജവാസാത്ത് ഡയറക്ടറേറ്റിലെ മുതിർന്ന ഉദ്യോഗസ്ഥർ അദ്ദേഹത്തെ അനുഗമിച്ചു. അൽതൻഈം, അൽബുഹൈത, അൽകർ ചെക്ക് പോസ്റ്റുകൾ സന്ദർശിച്ച മേജർ ജനറൽ നിയാഫ് സുൽത്താൻ അൽറുവൈസ് ചെക്ക് പോസ്റ്റുകളുടെ പ്രവർത്തനം വിലയിരുത്തി. ഹജ് അനുമതി പത്രമില്ലാത്തവരുടെയും ഇത്തരക്കാരെ മക്കയിലേക്ക് കടത്തുന്നതിന് ശ്രമിക്കുന്നവരുടെയും കേസുകൾ വേഗത്തിൽ പരിശോധിച്ച് ശിക്ഷകൾ വിധിക്കുന്നതിന് ചെക്ക് പോസ്റ്റുകളിൽ പ്രവർത്തിക്കുന്ന ജവാസാത്ത് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികളുടെ പ്രവർത്തനവും മേജർ ജനറൽ നിയാഫ് സുൽത്താൻ അൽറുവൈസ് വിലയിരുത്തി.