Sorry, you need to enable JavaScript to visit this website.

രോഗിയെ സന്ദര്‍ശിക്കുന്നത് വിലക്കി; സൗദിയില്‍ ആശുപത്രി ജീവനക്കാരന് കുത്തറ്റു

പരിക്കേറ്റ സെക്യൂരിറ്റി സൂപ്പർവൈസറെ ബീശ ആരോഗ്യ വകുപ്പ് മേധാവി സഈദ് ജാബിർ അൽഖഹ്താനിയും ആരോഗ്യ വകുപ്പ് ഉപമേധാവിയും കിംഗ് അബ്ദുല്ല ആശുപത്രി സൂപ്പർവൈസർ ജനറലുമായ അലി മുസ്‌ലിഹും സന്ദർശിക്കുന്നു. 

ബീശ - കിംഗ് അബ്ദുല്ല ആശുപത്രിയിൽ സെക്യൂരിറ്റി സൂപ്പർവൈസറായി ജോലി ചെയ്യുന്ന സൗദി പൗരനു മൂന്നംഗ സംഘത്തിന്റെ ആക്രമണത്തിൽ പരിക്ക്. വാർഡുകളിൽ പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞതിനെ തുടർന്ന് സെക്യൂരിറ്റി സൂപ്പർവൈസറുമായി മൂന്നു പേർ വാക്കേറ്റമുണ്ടാക്കുകയായിരുന്നു. വാക്കേറ്റം മൂർഛിച്ചതോടെ സംഘം സെക്യൂരിറ്റി ജീവനക്കാരനെ കത്തി ഉപയോഗിച്ച് കുത്തി. ഇദ്ദേഹത്തിന് നാലു തവണ കുത്തേറ്റു. 
ആശുപത്രിയിലെ അടിയിലെ നിലയിൽ മെയിൻ ഹാളിൽ ലിഫ്റ്റിനു മുന്നിൽ കൃത്യനിർവഹണം നടത്തുന്നതിനിടെയാണ് സെക്യൂരിറ്റി സൂപ്പർവൈസറെ മൂന്നംഗ സംഘം മർദിക്കുകയും കുത്തിപ്പരിക്കേൽപിക്കുകയും ചെയ്തതെന്ന് ബീശ ആരോഗ്യ വകുപ്പ് വക്താവ് അലി ആലുബഖീതാൻ പറഞ്ഞു. സന്ദർശകർക്ക് അനുമതിയില്ലാത്ത സമയത്ത് എത്തിയ മൂവരെയും സെക്യൂരിറ്റി ജീവനക്കാരൻ തടഞ്ഞതാണ് കത്തിക്കുത്തിൽ കലാശിച്ചത്. കുത്തേറ്റ പരിക്കുകളുമായി സെക്യൂരിറ്റി ജീവനക്കാരനെ കിംഗ് അബ്ദുല്ല ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. 
ആശുപത്രിയധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് സുരക്ഷാ വകുപ്പുകൾ അക്രമികളെ അറസ്റ്റ് ചെയ്തതായും അലി ആലുബഖീതാൻ പറഞ്ഞു. ബീശ ആരോഗ്യ വകുപ്പ് മേധാവി സഈദ് ജാബിർ അൽഖഹ്താനിയും ആരോഗ്യ വകുപ്പ് ഉപമേധാവിയും കിംഗ് അബ്ദുല്ല ആശുപത്രി സൂപ്പർവൈസർ ജനറലുമായ അലി മുസ്‌ലിഹും പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ സന്ദർശിച്ചു. 
ബീശ ആരോഗ്യ വകുപ്പ് മേധാവി സുരക്ഷാ വകുപ്പുകളുമായി ബന്ധപ്പെട്ട് കേസിന്റെ പുരോഗതി അന്വേഷിച്ചറിഞ്ഞു. കേസിന്റെ പുരോഗതി നിരീക്ഷിക്കുന്നതിനും ആക്രമണത്തിന് ഇരയായ ഉദ്യോഗസ്ഥന്റെയും ആശുപത്രിയുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ബീശ ആരോഗ്യ വകുപ്പ് നിയമകാര്യ വിഭാഗത്തിന് ആരോഗ്യ വകുപ്പ് മേധാവി നിർദേശം നൽകി. ഇത്തരം സംഭവങ്ങൾ അനുവദിക്കില്ലെന്നും സഈദ് ജാബിർ അൽഖഹ്താനി പറഞ്ഞു. 
 

Latest News