Sorry, you need to enable JavaScript to visit this website.

സൗദി കമ്പനികളില്‍നിന്ന് പി.ഐ.എഫിന് 1,730 കോടി ലാഭം

ജിദ്ദ - സൗദി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത 23 കമ്പനികളില്‍ നിന്നും സൗദി അറാംകൊയില്‍ നിന്നുമുള്ള ലാഭവിഹിതമായി സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് ഈ വര്‍ഷം രണ്ടാം പാദത്തില്‍ 1,730 കോടി റിയാല്‍ ലാഭം ലഭിച്ചു. സൗദി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത 23 കമ്പനികളില്‍ പി.ഐ.എഫിന് അഞ്ചു ശതമാനവും അതില്‍ കൂടുതലും ഓഹരി പങ്കാളിത്തമുണ്ട്. കഴിഞ്ഞ കൊല്ലം രണ്ടാം പാദത്തില്‍ സൗദി കമ്പനികളുടെ ലാഭവിഹിതമായി പി.ഐ.എഫിന് 1,790 കോടി റിയാലാണ് ലഭിച്ചിരുന്നത്.
സൗദി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികള്‍ രണ്ടാം പാദത്തില്‍ ആകെ നേടിയ ലാഭത്തിന്റെ 11.6 ശതമാനം പി.ഐ.എഫ് നേടി. കഴിഞ്ഞ കൊല്ലം രണ്ടാം പാദത്തില്‍ ഇത് 7.8 ശതമാനമായിരുന്നു. ഈ വര്‍ഷം രണ്ടാം പാദത്തില്‍ സൗദി കമ്പനികള്‍ ആകെ 14,880 കോടി റിയാലും കഴിഞ്ഞ കൊല്ലം രണ്ടാം പാദത്തില്‍ 23,170 കോടി റിയാലുമാണ് ലാഭം നേടിയത്.
കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തില്‍ സൗദി അറാംകൊയില്‍ പി.ഐ.എഫിന് നാലു ശതമാനം ഓഹരി പങ്കാളിത്തമാണുണ്ടായിരുന്നത്. ഈ കൊല്ലം രണ്ടാം പാദത്തോടെ ഇത് എട്ടു ശതമാനമായി ഉയര്‍ന്നു. ഈ വര്‍ഷം ഏപ്രിലില്‍ കമ്പനിയുടെ നാലു ശതമാനം ഓഹരികള്‍ കൂടി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിലേക്ക് മാറ്റുകയായിരുന്നു.
സൗദി അറാംകൊ ഒഴികെയുള്ള കമ്പനികളുടെ ലാഭവിഹിതമായി 830 കോടി റിയാലാണ് രണ്ടാം പാദത്തില്‍ പി.ഐ.എഫിന് ലഭിച്ചത്.

 

Latest News