തലശ്ശേരി- സ്വകാര്യ ആശുപത്രിയിലെ പരിശോധനാ മുറിയിൽ വെച്ച് ഭർതൃമതിയായ 22 കാരി നഴ്‌സിന്റെ ദേഹത്ത് ദുരുദ്ദേശ്യത്തോടെ സ്പർശിച്ചെന്ന പരാതിയിൽ ശിശുരോഗ വിദഗ്ധനെതിരെ പോലീസ് കേസെടുത്തു.
തലശ്ശേരി ജൂബിലി റോഡിലെ റോയൽ മലബാർ ഹോസ്പിറ്റലിലെ ഡോ. സന്തോഷിനെതിരെയാണ് തലശ്ശേരി പോലീസ് കേസെടുത്തത്. ആശുപത്രിയിലെ പരിശോധനാ മുറിയിൽ രോഗികളെ ടോക്കണനുസരിച്ച് വിളിച്ച് കയറ്റാൻ നിയോഗിച്ച യുവതിയെയാണ് ഡോക്ടർ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. നഴ്‌സിന്റെ ദേഹത്ത് ദുരുദ്ദേശ്യത്തോടെ സ്പർശിച്ചുവെന്നതിന് ശിശുരോഗ വിദഗ്ധന്റെ പേരിൽ ഇന്ത്യൻ ശിക്ഷാ നിയമം 354 എ.വകുപ്പ് പ്രകാരമാണ് തലശ്ശേരി പോലീസ് കേസെടുത്തത്. ഇതേ ആശുപത്രിയിലെ യുവതിയായ നഴ്‌സിന്റെ കാലിൽ പിടിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നാണ് പരാതി. ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു പരാതിക്കിടയാക്കിയ സംഭവം.
പ്രശ്‌നം ഒതുക്കിത്തീർക്കാൻ ഒത്തുതീർക്കാനും മധ്യസ്ഥ ശ്രമങ്ങളും വിലപേശലുകളും നടന്നിരുന്നു. തലശ്ശേരി റസ്റ്റ് ഹൗസിൽ വെച്ച് മധ്യസ്ഥ ചർച്ച നടത്തി ചിലർ പണം വാങ്ങി ഒതുക്കാനും നീക്കം നടത്തിയിരുന്നു. ഒടുവിൽ പോലീസിന് മുമ്പിൽ പരാതിയുമായെത്തിയതോടെ ഡോക്ടർക്കെതിരെ കേസെടുക്കാൻ പോലീസും നിർബ്ബന്ധിതമാവുകയായിരുന്നു.