കൊച്ചി- മോഹൻലാൽ ആരാധകരുടെ തെറിവിളിയും ഭീഷണിയും വ്യക്തിഹത്യയും കാരണം തന്റെ പേരിലുള്ള ഫെയ്‌സ്ബുക്ക് ഡിലീറ്റ് ചെയ്യുന്നതായി സംവിധായകൻ ഡോ. ബിജു. താരങ്ങളുടെ അനുയായികളെന്ന് അവകാശപ്പെടുന്നതുകൊണ്ട് അവർക്കെതിരെ കേസ് കൊടുത്തിട്ടും നിലവിലെ സംവിധാനത്തിൽ കാര്യമില്ലെന്നും ബിജു പറയുന്നു. സംഘടിത തെറിവിളിയും വ്യക്തിഹത്യയും കൊണ്ട് അഭിപ്രായങ്ങൾ നിശ്ശബ്ദമാക്കാമെന്ന് കരുതരുതെന്നും ബിജു കൂട്ടിച്ചേർത്തു.
'എന്റെ പേരിൽ ഒരു പേജ് ഉണ്ടായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ചില താര ആരാധകരുടെയും സിനിമാ രംഗത്തു നിന്നു തന്നെയുള്ള ചിലരുടെയും ഭാഗത്ത് നിന്ന് നൂറുകണക്കിന് അസഭ്യവും ഭീഷണിയും വ്യക്തിഹത്യയും ആണ് വന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ആ പേജ് ഡിലിറ്റ് ചെയ്യുകയാണ്. താരങ്ങളുടെ അനുയായികൾ ആണ് എന്നവകാശപ്പെടുന്നതുകൊണ്ട് തന്നെ കേസ് കൊടുത്തിട്ടും നിലവിലെ സംവിധാനത്തിൽ വലിയ കാര്യമില്ല എന്ന് അറിയാം. ആയതിനാൽ ഇതേ ഉള്ളൂ മാർഗം.
ടെലിഫോണിൽ വരുന്ന അസഭ്യ സന്ദേശങ്ങളും അധിക്ഷേപങ്ങളും വേറെ ഉണ്ട്. സാംസ്‌കാരിക കേരളത്തിൽ സാധാരണക്കാരായ മനുഷ്യർക്ക് മേൽ സംഘടിത അസഭ്യവും ഭീഷണിയും വ്യക്തി വർണ അധിക്ഷേപങ്ങളും ആവോളമുണ്ടാകുമ്പോൾ അവർ പൂർണമായും ഒറ്റയ്ക്കാണ് എന്ന ബോധം ഉണ്ടാകുന്നു. കൾച്ചറൽ ഫാസിസം ഈ നാട്ടിൽ ഇല്ലല്ലോ. ഇത് പേഴ്‌സണൽ പ്രൊഫൈൽ ആണ്. ഇവിടെ വല്ലപ്പോഴും ഉണ്ടാകും. സുഹൃത്തുക്കളോട് മാത്രം സംവദിച്ചാൽ മതിയല്ലോ. ഒന്നു മാത്രം പറയാം- സംഘടിത തെറിവിളി കൊണ്ടും വ്യക്തിഹത്യ കൊണ്ടും അഭിപ്രായങ്ങൾ നിശ്ശബ്ദമാക്കാം എന്ന് ആരും കരുതരുത്' -ബിജു ഫെയ്‌സ്ബുക്കിൽ കുറിച്ചു.