കളമശ്ശേരി - കൃഷിമന്ത്രിക്കും വ്യവസായ മന്ത്രിക്കും മുമ്പിൽ കർഷകരുടെ നീറുന്ന പ്രശ്‌നങ്ങളുയർത്തി നടൻ ജയസൂര്യ. തിരുവോണ നാളിൽ പോലും കൊടുത്ത നെല്ലിന്റെ പണം കിട്ടാനായി കർഷകർക്ക് പട്ടിണി സമരം നടത്തേണ്ട ഗതികേടും വിഷം കലർന്ന പച്ചക്കറികൾ പരിശോധിക്കാൻ വേണ്ടത്ര സംവിധാനമില്ലാത്തതും ചൂണ്ടിക്കാട്ടിയായിരുന്നു ജയസൂര്യയുടെ വിമർശം. കൃഷി മന്ത്രി പി പ്രസാദിനെയും വ്യവസായ മന്ത്രി പി രാജീവിനെയും വേദിയിലിരുത്തി കളമശ്ശേരിയിലെ കാർഷികോത്സവം പരിപാടിയിലായിരുന്നു പ്രസംഗം.
പുതിയ തലമുറയിലെ ചെറുപ്പക്കാർ കൃഷിയിലേക്ക് വരുന്നില്ലെന്നും അവർക്ക് ഷർട്ടിൽ ചെളി പുരളുന്നത് ഇഷ്ടമല്ലെന്നുമാണ് മന്ത്രി പറഞ്ഞത്. സാറ് ഒരു കാര്യം മനസ്സിലാക്കണം. തിരുവോണ ദിവസം കൊടുത്ത നെല്ലിന്റെ പണത്തിന് വേണ്ടി പട്ടിണി കിടക്കുന്ന അച്ഛനെയും അമ്മയെയും കണ്ടിട്ട് മക്കൾ എങ്ങനെയാണ് സാർ, കൃഷിയിലേക്ക് വരുന്നത്. ഒരിക്കലും വരില്ല. അതുകൊണ്ട് കർഷകരുടെ പ്രശ്‌നത്തിൽ സർക്കാറിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാവണമെന്ന് ജയസൂര്യ നിറഞ്ഞ കൈയടികൾക്കിടെ ഓർമിപ്പിച്ചു.
കൃഷിക്കാർ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ ചെറുതല്ലെന്ന് ബഹുമാനപ്പെട്ട മന്ത്രിമാർ മനസ്സിലാക്കണം. ഒരു സിനിമ പൊട്ടിയാൽ അത് ഏറ്റവും അവസാനം അറിയുന്നത് അതിലെ നായകൻ ആയിരിക്കുമെന്ന് പറയാറുണ്ട്. അതേപോലെ കൃഷി മന്ത്രി പ്രസാദ് അവർകളുടെ ചെവിയിൽ കാര്യങ്ങൾ എത്താൻ ചിലപ്പോൾ ഒരുപാട് വൈകും. എന്റെ സുഹൃത്തും കർഷകനും നടനുമായ കൃഷ്ണപ്രസാദ് കഴിഞ്ഞ അഞ്ചാറുമാസമായി നെല്ല് കൊടുത്തിട്ട്. ഇതുവരെ സപ്ലൈക്കോ പണംകൊടുത്തിട്ടില്ല. തിരുവോണ ദിവസം അവർ ഉപവാസത്തിലാണ്. നമ്മുടെ കർഷകർ പട്ടിണിയിലാണ്. അധികൃതരുടെ ശ്രദ്ധയിലെത്തിക്കാനാണ് അവർ കിടന്ന് കഷ്ടപ്പെടുന്നത്. ഞാൻ അവർക്കുവേണ്ടിയാണ് സംസാരിക്കുന്നത്. അതിനാൽ, വേറൊരു രീതിയിൽ ഇതിനെ കാണരുത്. പച്ചക്കറികളുടെയലും ഭക്ഷ്യവസ്തുക്കളുടെയും ഗുണനിലവാര പരിശോധനക്ക് സർക്കാർ തലത്തിൽ കർശന സംവിധാനമില്ലാത്തതും നടൻ ചൂണ്ടിക്കാട്ടി.
നമ്മൾ പച്ചക്കറി അധികം കഴിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. സർ, ഇവിടത്തെ സ്ഥിതി വെച്ച് പച്ചക്കറി കഴിക്കാൻ ഇവിടെ എല്ലാവർക്കും പേടിയാണ്. കാരണം കേരളത്തിന് പുറത്ത് നിന്ന് വിഷമടിച്ച പച്ചക്കറികളാണ് എത്തിക്കൊണ്ടിരിക്കുന്നത്. പാലക്കാട് അരിമില്ലിൽ പോയേപ്പാൾ ഞാൻ ഇതുവരെ കാണാത്ത ഒരു ബ്രാൻഡ് കണ്ടു. ഉടമയോട് ചോദിച്ചപ്പോൾ ഇത് ഫസ്റ്റ് ക്വാളിറ്റിയാണ്, കേരളത്തിൽ വിൽപനയില്ലെന്നാണ് പറഞ്ഞത്. ഇവിടെയുള്ളവർക്ക് ഇത് കഴിക്കാനുള്ള യോഗ്യത ഇല്ലേ എന്ന് ചോദിച്ചപ്പോൾ 'ഇവിടെ ക്വാളിറ്റി ചെക്കിങ് ഇല്ല. സെക്കൻഡ്, തേർഡ് ക്വാളിറ്റി ആണ് വിൽക്കുന്നത്. ഇവിടെ എന്തെങ്കിലും കൊടുത്താൽ എല്ലാം കടത്തിവിടും' എന്നായിരുന്നു മറുപടി. ഇവിടെ ക്വാളിറ്റി ചെക്കിങ്ങിനുള്ള അടിസ്ഥാനപരമായ കാര്യമാണിവിടെ വേണ്ടത്. എങ്കിൽ നമുക്ക് ഹെൽത്തിയായ ഭക്ഷണം കഴിക്കാമെന്നും ജയസൂര്യ പറഞ്ഞു.
താൻ പറഞ്ഞതിനെ തെറ്റിദ്ധരിക്കരുതെന്നും ഇതൊരു ഓർമപ്പെടുത്തൽ മാത്രമാണെന്നും നടൻ ചൂണ്ടിക്കാട്ടി. ഇവന് ഇത് അകത്തിരുന്ന് പറഞ്ഞാൽ പോരേ എന്ന് അങ്ങേക്ക് തോന്നിയേക്കാം. സർ, അകത്തിരുന്ന് പറഞ്ഞാൽ താങ്കൾ കേൾക്കുന്ന ഒരുപാട് പ്രശ്‌നത്തിൽ ഒരുപ്രശ്‌നമായി ഇത് തോന്നും. ഇത്രയും പേരുടെ മുന്നിൽ വെച്ച് പറയുമ്പോൾ താങ്കളും ഇതിനെ സീരിയസ് ആയിട്ട് എടുക്കുമെന്ന വിശ്വാസത്തിലാണ് ഇത് പറയുന്നതെന്നും നടൻ വ്യക്തമാക്കി.