കൊച്ചി- തിരുവോണ നാളിൽ കലാസ്വാദകർക്കായി വൈവിധ്യമാർന്ന കലാ വിരുന്നൊരുക്കി ലാവണ്യം-2023 ന്റെ ആഘോഷ രാവ്.
നിറഞ്ഞ സദസ്സിന്റെ കരഘോഷങ്ങളുടെയും ആർപ്പു വിളികളുടെയും താളമേളങ്ങളുടെയും അകമ്പടിയോടെയാണ് ദർബാർ ഹാൾ മൈതാനിയിൽ മൂന്നാംദിന ആഘോഷങ്ങൾ തുടങ്ങിയത്.
താന്തോന്നി തുരുത്ത് ദ്വീപ് നിവാസികളുടെ ചടുലമായ ചുവടുകൾ കോർത്തിണക്കിയ കൈകൊട്ടിക്കളിയോടെയായിരുന്നു തുടക്കം.
പഴമയുടെ ഓണക്കാലം ഓരോ മലയാളിയെയും ഓർമിപ്പിക്കും വിധമായിരുന്നു സംഘത്തിന്റെ ഓരോ ചുവടുകളും.
സ്ത്രീകളും പുരുഷന്മാരും കുട്ടികളും അടക്കം 16 പേർ പ്രായഭേദമന്യേ കൈകൊട്ടി കളിയിൽ അണിനിരന്നു. പാട്ടിന്റെ വേഗത്തിനൊപ്പം കളിക്കാരുടെ ചുവടുകൾ മുറുകുമ്പോൾ സദസ്യരുടെ കരഘോഷങ്ങളും മുറുകി.
ശേഷം തമ്മനം അൽ അമീൻ ആർട്സ് അവതരിപ്പിച്ച സൂഫി ഡാൻസ് മൈതാനിയിൽ അരങ്ങേറി. പതിഞ്ഞ താളവും മനം നിറക്കുന്ന വരികളും ചേർന്ന സൂഫി ഡാൻസിൽ എട്ടു കുട്ടികളാണ് അണിനിരന്നത്.
മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും സംഘവും അവതരിപ്പിച്ച മ്യൂസിക്കൽ ബാൻഡ് ഷോ വേറിട്ട അനുഭവമാണ് ആസ്വാദകർക്ക് നൽകിയത്. ചെണ്ട, മദ്ദളം, ഇലത്താളം, ഇടയ്ക്ക തുടങ്ങിയ നാടൻ വാദ്യോപകരണങ്ങളും കീബോർഡ്, ഡ്രംസ്, ഗിറ്റാർ തുടങ്ങിയ വെസ്റ്റേൺ വാദ്യോപകരണങ്ങളുടെയും മിശ്രിതമായ ത്രികായ ഫ്യൂഷൻ കാണികളെ ആസ്വാദനത്തിന്റെ വേറൊരു തലത്തിൽ എത്തിച്ചു.
ചടങ്ങിൽ ടി.ജെ. വിനോദ് എം.എൽ.എ മുഖ്യാതിഥി ആയി. ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും പേരിൽ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരെയും പ്രകാശ് ഉള്ള്യേരിയേയും എം.എൽ.എ ആദരിച്ചു. ജില്ലയിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും സംയുക്തമായാണ് ലാവണ്യം-2023 സംഘടിപ്പിക്കുന്നത്.
ആഘോഷ പരിപാടികളുടെ ഭാഗമായി ഓഗസ്റ്റ് 31 വരെ വൈകിട്ട് ആറ് മുതൽ വിവിധ കലാ പരിപാടികളാണ് അരങ്ങേറുന്നത്. ഓഗസ്റ്റ് 30 ന് ഫ്രീഡം ഓൺ വീൽസ്' വീൽ ചെയറിൽ ഇരിക്കുന്നവർ അവതരിപ്പിക്കുന്ന മോട്ടിവേഷണൽ ഷോ, നയാഗ്രാ ഇവന്റ്സ് അവതരിപ്പിക്കുന്ന ചിരിമേളം എന്നിവയും 31ന് നന്ദനം സിംഫണി അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഫ്യൂഷൻ തുടർന്ന് ജാസി ഗിഫ്റ്റ് അവതരിപ്പിക്കുന്ന മ്യൂസിക് നൈറ്റ് എന്നിവ നടക്കും.