Sorry, you need to enable JavaScript to visit this website.

ഇന്ത്യയിലേക്ക് സൗദിയിൽനിന്ന് ഒരു ലക്ഷം ടൺ സൾഫർ, കരാർ ഒപ്പിട്ടു

ഇന്ത്യയിലേക്ക് പ്രതിവർഷം ഒരു ലക്ഷം ടൺ സൾഫർ വീതം കയറ്റി അയക്കാനുള്ള കരാറിൽ സൗദി, ഇന്ത്യൻ കമ്പനി പ്രതിനിധികൾ ദമാമിൽ അശ്ശർഖിയ ചേംബർ ഓഫ് കൊമേഴ്‌സ് ആസ്ഥാനത്തു വെച്ച് ഒപ്പുവെക്കുന്നു.

ദമാം - ഇന്ത്യയിലേക്ക് പ്രതിവർഷം ഒരു ലക്ഷം ടൺ സൾഫർ വീതം കയറ്റി അയക്കാൻ സൗദി, ഇന്ത്യൻ കമ്പനികൾ കരാർ ഒപ്പുവെച്ചു. കാർഷിക, വ്യാവസായിക സൾഫർ നിർമിക്കുന്ന സൗദി കമ്പനിയും ഇന്ത്യൻ കമ്പനിയും തമ്മിൽ ദമാമിൽ അശ്ശർഖിയ ചേംബർ ഓഫ് കൊമേഴ്‌സ് ആസ്ഥാനത്തു വെച്ചാണ് കരാർ ഒപ്പുവെച്ചത്. കിഴക്കൻ പ്രവിശ്യ വ്യവസായ, ധാതുവിഭവ മന്ത്രാലയ ശാഖാ മേധാവി അബ്ദുൽ അസീസ് അൽശുഅയ്ബി അടക്കമുള്ളവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. 
ഇന്ത്യയുമായി പ്രതിവർഷം 913 കോടി ഡോളറിന്റെ പെട്രോകെമിക്കൽ വ്യാപാരം സൗദി അറേബ്യ നടത്തുന്നുണ്ടെന്ന് പെട്രോകെമിക്കൽ വ്യവസായ നിക്ഷേപകൻ ഗദ്‌റാൻ സഈദ് ഗദ്‌റാൻ പറഞ്ഞു. ഇന്ത്യയിൽ സൗദി അറേബ്യ 2,400 കോടി ഡോളറിന്റെ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. കാർഷികാവശ്യത്തിനുള്ള പെട്രോകെമിക്കൽസ്, രാസവളം എന്നിവയുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും പ്രതിവർഷം 103 കോടി ഡോളറിന്റെ വ്യാപാരം നടത്തുന്നുണ്ട്. അഞ്ചു വർഷത്തിനുള്ളിൽ പ്രതിവർഷ സൗദി, ഇന്ത്യ ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും പതിനായിരം കോടി ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
കൂടുതൽ ഇന്ത്യൻ കമ്പനികൾ സൗദി വിപണിയിൽ പ്രവേശിക്കുമെന്ന് കരുതുന്നു. വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും സാമ്പത്തിക വളർച്ചാ തോത് ഉയർത്താനും വിഷൻ 2030 പദ്ധതി ഊന്നൽ നൽകുന്നു. സൗദിയിൽ കാർഷിക, വ്യവസായ സൾഫർ നിർമാണ മേഖലയിൽ മൂന്നു കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. കാർഷിക സൾഫർ സസ്യങ്ങൾക്ക് ഒരു പോഷകമാണ്. ഇത് മണ്ണിനുള്ള വളമായും ഉപയോഗിക്കാവുന്നതാണ്. നൈട്രജൻ മൂലകത്തെ പോലെ തന്നെ സൾഫറും പ്രധാന മൂലകമായി കണക്കാക്കപ്പെടുന്നു. ഇത് മണ്ണിന്റെ ക്ഷാരാംശത്തിന് സമമാണ്. കാർഷിക വിളകളായാലും സസ്യങ്ങളായാലും അതിന്റെ ഫലഭൂയിഷ്ഠതക്കും ഉൽപാദനക്ഷമത ഇരട്ടിയാക്കാനും ഇത് സഹായിക്കുന്നതായും ഗദ്‌റാൻ സഈദ് ഗദ്‌റാൻ പറഞ്ഞു.

Latest News