കണ്ണൂര്‍- ഒരു സ്‌കൂളില്‍ അറുപത്തിയൊന്ന് ഇരട്ടക്കുട്ടികള്‍.കടമ്പൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഓണാഘോഷത്തോട് അനുബന്ധിച്ചായിരുന്നു ആകര്‍ഷകമായ ഇരട്ടകളുടെ സംഗമം അരങ്ങേറിയത്. ഏഴുവര്‍ഷം മുന്‍പും സ്‌കൂളില്‍ 51 ജോഡികളുടെ സംഗമം നടന്നിരുന്നു. അതിന്റെ ചുവട് പിടിച്ചാണ് ഇത്തവണയും ഓണാഘോഷത്തിന്റെ ഭാഗമായി ഇരട്ടകളുടെ മഹാസംഗമം നടത്തിയത്. ലിസ്റ്റ് എടുത്തപ്പോള്‍ 60 ഇരട്ടകളും ഒരു മൂവര്‍ സംഘവും. ഏഴായിരത്തോളം കുട്ടികള്‍ പഠിക്കുന്ന സ്ഥാപനമാണ് കണ്ണൂര്‍ കടമ്പൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. ജനാധിപത്യത്തിന് കരുത്തേകാന്‍ വോട്ടവകാശം വിനിയോഗിക്കണമെന്ന സന്ദേശവുമായി വോട്ടര്‍ ബോധവത്കരണത്തിനുള്ള ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗമായ സ്വീപിന്റെയും സ്‌കൂളിലെ ഇ.എല്‍.സി ക്ലബ്ബിന്റെയും നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളും സംഗമത്തില്‍ പങ്കെടുത്തിരുന്നു. സ്‌കൂളില്‍ ഇത്രയും ഇരട്ടകള്‍ ഉണ്ടെന്ന് അറിയില്ലായിരുന്നുവെന്ന് സംഗമത്തില്‍ പങ്കെടുത്ത ഇരട്ടക്കുട്ടികള്‍ പറഞ്ഞു. എല്ലാവരും ചേര്‍ന്ന് 61 അത്തപൂക്കളം ഇട്ട് സംഗമം കൂടുതല്‍ മനോഹരമാക്കി. ഇരട്ട കുട്ടികളുടെ സ്വഭാവ സവിശേഷതകള്‍ മനസിലാക്കുന്നതിനായി ഒരു വര്‍ഷം നീളുന്ന പദ്ധതികളും പരിശീലനങ്ങളും നല്‍കാനുള്ള തയ്യാറെടുപ്പിലാണ് സ്‌കൂള്‍