തിരുവനന്തപുരം- മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെ സാമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ ക്ഷമ ചോദിച്ച് മുന്‍ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന്‍ നന്ദകുമാര്‍ കൊളത്താപ്പിള്ളി. ഫെയസ്ബുക്കിലൂടെയാണ് ഇയാള്‍ ക്ഷമാപണം നടത്തിയത്. സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ അച്ചു ഉമ്മന്‍ വനിതാ കമ്മീഷനും പോലീസിനും പരാതി നല്‍കിയതിനു പിന്നാലെയാണ് മാപ്പ് പറഞ്ഞത്.
ഇടത് സംഘടനാ നേതാവായ നന്ദകുമാര്‍ മുന്‍ അഡീഷണല്‍ സെക്രട്ടറിയാണ്. തന്റെ കമന്റ് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ക്ക് അപമാനമായി പോയതില്‍ ഖേദിക്കുന്നുവെന്നും ഏതെങ്കിലും വ്യക്തിയെ വ്യക്തിപരമായി അധിക്ഷേപിക്കാനോ, സ്ത്രീത്വത്തെ അപമാനിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്നും ഇയാളുടെ പോസ്റ്റില്‍ പറയുന്നു. അറിയാതെ സംഭവിച്ചു പോയ തെറ്റിന് നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്നും പറയുന്നു.
കഴിഞ്ഞ ദിവസമാണ് സൈബര്‍ ആക്രമങ്ങള്‍ക്കെതിരെ അച്ചു ഉമ്മന്‍ പരാതി നല്‍കിയത്. സമൂഹ മാധ്യമങ്ങളിലൂടെയും പാര്‍ട്ടി പ്രചാരണ വേദികളിലൂടെയും വ്യക്തിഹത്യ ചെയ്യാനും സ്ത്രീത്വത്തെ അപമാനിക്കാനുള്ള ശ്രമത്തിനെതിരെയാണ് അച്ചു ഉമ്മന്‍ നിയമ നടപടികളുമായി രംഗത്തെത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിക്കുന്ന സെക്രട്ടറിയേറ്റിലെ മുന്‍ ഉദ്യോഗസ്ഥനെതിരെ വനിതാ കമ്മീഷനിലും, സൈബര്‍ സെല്ലിലും, തിരുവനന്തപുരം പൂജപ്പുര പോലീസ് സ്‌റ്റേഷനിലും അച്ചു ഉമ്മന്‍ തെളിവ് സഹിതം പരാതി നല്‍കിയിരുന്നു.