കൊച്ചി- കൃഷിമന്ത്രി പി. പ്രസാദിനെ വേദിയിലിരുത്തി കര്‍ഷകരുടെ പ്രതിസന്ധി വിവരിച്ച് നടന്‍ ജയസൂര്യ. ആലപ്പുഴയില്‍ നെല്‍കൃഷി നടത്തുന്ന തന്റെ സുഹൃത്തായ നടന്‍ കൃഷ്ണപ്രസാദിന്റെ ദുരനുഭവം വിവരിച്ചായിരുന്നു ജയസൂര്യയുടെ വിമര്‍ശനം. കൃഷി ചെയ്ത് ജീവിക്കുന്ന കൃഷ്ണപ്രസാദ് അടക്കമുള്ള കര്‍ഷകര്‍ സപ്ലൈകോയില്‍ നിന്ന് നെല്ലിന്റെ വില കിട്ടാത്തതിനാല്‍ തിരുവോണ ദിനത്തില്‍ ഉപവാസ സമരത്തിലാണ്. അഞ്ചാറ് മാസമായി അദ്ദേഹത്തിന് സപ്ലൈക്കോയില്‍ നിന്ന് നെല്ലിന്റെ വില കിട്ടിയിട്ട്. ഒരു മന്ത്രി ഇക്കാര്യങ്ങള്‍ അറിയുന്നത് വളരെ വൈകിയായിരിക്കും. അവര്‍ ഉപവാസം എടുക്കുന്നത് കാര്യം നടത്തിത്തരുന്നതിന് വേണ്ടി മാത്രമല്ല, അധികാരികളുടെ കണ്ണിലേക്ക് ഇതെത്തിക്കാന്‍ വേണ്ടിയിട്ടാണ്. അവര്‍ക്ക് വേണ്ടിയാണ് ഞാന്‍ ഇവിടെ ഇക്കാര്യം സംസാരിക്കുന്നതെന്ന് ജയസൂര്യ പറഞ്ഞു. കളമശേരിയില്‍ ഓണാഘോഷങ്ങളുടെ ഭാഗമായി മന്ത്രി പി രാജീവ് സംഘടിപ്പിച്ച കാര്‍ഷികോല്‍സവത്തില്‍ മുഖ്യാതിഥിയായി സംസാരിക്ക്ുകയായിരുന്നു അദ്ദേഹം.
പുതിയ തലമുറയിലുള്ള ചെറുപ്പക്കാര്‍ക്ക് ഷര്‍ട്ടില്‍ ചെളി പുരളുന്നതില്‍ ഇഷ്ടമല്ല എന്ന് മന്ത്രി പി പ്രസാദ് പ്രസംഗിച്ചതിനെയും ജയസൂര്യ ചോദ്യം ചെയ്തു. തിരുവോണ ദിവസം പട്ടിണി കിടക്കുന്ന അച്ഛനെയും അമ്മയെയും കണ്ട് എങ്ങനെയാണ് കൃഷിയിലേക്ക് വീണ്ടും ഒരു തലമുറ വരുകയെന്ന് അദ്ദേഹം ചോദിച്ചു. അവരുടെ കാര്യങ്ങളെല്ലാം നല്ല രീതിയില്‍ നടന്നു പോകുന്ന, ഒരു കൃഷിക്കാരനാണെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയന്ന അച്ഛനും അമ്മയും ഒരുദാഹരണമായുണ്ടാകുമ്പോഴാണ് പുതിയ തലമുറ കൃഷിയിലേക്ക് എത്തുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു വലിയ നടപടി ഉണ്ടാകണമെന്ന് ജയസൂര്യ അഭ്യര്‍ഥിച്ചു.
നമ്മള്‍ പച്ചക്കറികള്‍ കഴിക്കുന്നില്ല എന്ന മന്ത്രിയുടെ പരാമര്‍ശത്തെയും സിനിമാതാരം ചോദ്യം ചെയ്തു. ഇന്നത്തെ സ്ഥിതിവെച്ച് പച്ചക്കറികള്‍ കഴിക്കാന്‍ തന്നെ നമുക്ക് പേടിയാണ്. വിഷമടിച്ച പച്ചക്കറികളാണ് അന്യ സംസ്ഥാനത്ത് നിന്ന് ഇവിടെ വന്നുകൊണ്ടിരിക്കുന്നത്. പാലക്കാട് ഒരു സ്ഥലത്ത് അരി മില്ലില്‍ പോയപ്പോള്‍ ഇതുവരെ കാണാത്ത ഒരു ബ്രാന്‍ഡ് ആണ് കണ്ടത്. ഈ ബ്രാന്‍ഡ് ഇവിടെ കണ്ടിട്ടില്ലല്ലോ എന്ന് ചോദിച്ചപ്പോള്‍ അതിവിടെ വില്‍പ്പനയ്ക്കില്ല പുറത്തേക്കുള്ള ഫസ്റ്റ് ക്വാളിറ്റി അരിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതെന്താ കേരളത്തിലുള്ള നമുക്കാര്‍ക്കും ഫസ്റ്റ് ക്വാളിറ്റി കഴിക്കാനുള്ള യോഗ്യതിയില്ലേ. നമ്മള്‍ പൈസ കൊടുത്ത് അത് വാങ്ങിക്കില്ലെ. കേരളത്തില്‍ ക്വാളിറ്റി ചെക്കിംഗ് ഇല്ല എന്നാണ് അതിന് ലഭിച്ച മറുപടി. എന്തെങ്കിലും കൊടുത്താല്‍ മതി. ക്വാളിറ്റി ചെക്കിംഗ് ഇല്ലാതെ വിടും. വിഷപ്പച്ചക്കറികളും സെക്കന്‍ഡ് ക്വാളിറ്റി, തേര്‍ഡ് ക്വാളിറ്റി പച്ചക്കറികളും അരിയും കഴിക്കേണ്ട ഗതികേട് വരികയാണ് നമുക്ക്. ഇവിടെ കോടികളുടെ പദ്ധതികളൊക്കെ വരുന്നതില്‍ ഏറ്റവും കൂടുതല്‍ അഭിമാനം കൊള്ളുന്നയാളുകളാണ് നമ്മള്‍. പക്ഷെ, ക്വാളിറ്റി ചെക്കിങ്ങിന് വേണ്ടിയുള്ള അടിസ്ഥാന കാര്യമാണ് ആദ്യമിവിടെ വരേണ്ടത് എന്നാണ് തോന്നുന്നത്. അങ്ങനെയാണെങ്കില്‍ വിഷപ്പച്ചക്കറികള്‍ കഴിക്കാതെ ക്വാളിറ്റിയുള്ള ഭക്ഷണം നമുക്കിവിടെ കഴിക്കാന്‍ സാധിക്കും. തന്റെ വകുപ്പല്ലാതിരുന്നിട്ടും കൃഷിക്കായി മന്ത്രി പി രാജീവ് കൊണ്ടുവന്ന പദ്ധതികളെ താരം അഭിനന്ദിക്കുകയും പി രാജീവ് യഥാര്‍ഥ ഹീറോ ആണെന്ന് പ്രശംസിക്കുകയും ചെയ്തു.