ന്യൂദല്‍ഹി- ബുഡാപ്പെസ്റ്റില്‍ 88.17 മീറ്റര്‍ ദൂരംകൊണ്ട് ഇന്ത്യന്‍ യുവതാരം നീരജ് ചോപ്ര ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടി. ലോകചാമ്പ്യന്‍ഷിപ്പ് ചരിത്രത്തില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം. 87.82 മീറ്റര്‍ എറിഞ്ഞ പാകിസ്ഥാന്‍ താരം അര്‍ഷാദ് നദീമായിരുന്നു വെള്ളി മെഡല്‍ ജേതാവ്. മത്സരശേഷം ഒന്നിച്ച് സന്തോഷം പങ്കിടുന്ന നീരജിന്റെയും അര്‍ഷാദ് നദീമിന്റെയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടി. നീരജ് സ്വര്‍ണം നേടിയതിനെ കുറിച്ച് ചോദിച്ച ഒരു മാധ്യമ പ്രവര്‍ത്തകന് നീരജിന്റെ അമ്മ സരോജ് ദേവി നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
'എല്ലാവരും മത്സരിക്കാനാണ് എത്തിയത്. ഒരാളല്ലെങ്കില്‍ മറ്റൊരാള്‍ എന്തായാലും ജയിക്കും. അതുകൊണ്ട് പാകിസ്ഥാനിയാണോ ഹരിയാനക്കാരനാണോ എന്ന ചോദ്യം അപ്രസക്തമാണ്. അത് സന്തോഷത്തിന്റെ കാര്യമാണ്. പാകിസ്ഥാനി ജയിച്ചാല്‍പോലും വലിയ സന്തോഷമുണ്ടാകും' എന്നായിരുന്നു സരോജ് ദേവിയുടെ മറുപടി.
നീരജിന്റെ അമ്മയുടെ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായി. അമ്മയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.