കോഴിക്കോട്- പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കെ.കെ. ഹര്‍ഷിനയുടെ സമരത്തിന്റെ നൂറാം ദിവസം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരവേദിയില്‍ എത്തി നടന്‍ ജോയ് മാത്യു.
നീതി നിഷേധിക്കപ്പെട്ട അമ്മയുടെ അവസ്ഥ മനസ്സിലാക്കിയതിനാലാണ് സമരത്തിന് പിന്തുണയുമായി എത്തിയതെന്നു ജോയ് മാത്യു പറഞ്ഞു. 'സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ പ്രതികരിക്കേണ്ടതില്ലെന്ന് കലാകാരന്മാര്‍ വിചാരിക്കുന്നു. അവര്‍ മനസ്സിലാക്കേണ്ടത് സാധാരണക്കാരുടെ പണം കൊണ്ടാണ് ഇതെല്ലാം നിലനില്‍ക്കുന്നത് എന്നാണ്. തെറ്റ് ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക. നീതി വൈകിപ്പിക്കുന്നത് കുറ്റക്കാരെ രക്ഷിക്കുന്നതിന് തുല്യമാണ്. ഹര്‍ഷിനക്ക് നീതി കിട്ടേണ്ടത് നാടിന്റെ ആവശ്യമാണ് - ജോയ് മാത്യു പറഞ്ഞു.
കേരള സംസ്ഥാന പുരസ്‌കാര വിവാദത്തില്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെ രക്ഷിക്കാനാണെന്ന ആരോപണത്തില്‍ സംവിധായകന്‍ ലിജീഷ് നിലപാട് വ്യക്തമാക്കണമെന്ന് ജോയ് മാത്യു പറഞ്ഞു. അങ്ങനെ ചെയ്തില്ലെങ്കില്‍ വിനയന്റെ ആരോപണം സത്യമാണെന്ന് ജനങ്ങള്‍ വിശ്വസിക്കുമെന്നും നടന്‍ വ്യക്തമാക്കി. സ്വന്തം നിലയ്ക്കാണോ മറ്റാര്‍ക്കെങ്കിലും വേണ്ടിയാണോ ഹരജി നല്‍കിയതെന്ന് ലീജീഷ് പറയണമെന്ന് ജോയ് മാത്യു ആവശ്യപ്പെട്ടു.