തിരുവനന്തപുരം - വിക്രം സാരാഭായി സ്പേസ് സെന്ററിലേക്ക് നടത്തിയ പരീക്ഷയില്‍ കോപ്പിയടിക്കുകയും ആള്‍മാറാട്ടം നടത്തുകയും ചെയ്തിന് തട്ടിപ്പുകാര്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് വാങ്ങിയത് ഏഴ് ലക്ഷം രൂപയെന്ന് വെളിപ്പെടുത്തല്‍. ഹരിയാനയിലെ ജിണ്ട് ജില്ലയില്‍ നിന്നുള്ളവരാണ് തട്ടിപ്പിന് പിന്നില്‍. തിരുവനന്തപുരത്ത് നടത്തിയ പരീക്ഷയില്‍ ബ്ലൂടൂത്തും മൊബൈല്‍ഫോണും ഉപയോഗിച്ചാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. ബ്ലൂടൂത്ത് വഴി ചോദ്യം പുറത്തുള്ള ആള്‍ക്ക് അയച്ചുനല്‍കുകയും ബ്ലൂടൂത്ത് വഴി തന്നെ ഉത്തരം കേട്ടെഴുതുകയുമായിരുന്നു. 79 മാര്‍ക്കിനുള്ള ഉത്തരങ്ങളും ഇത്തരത്തില്‍ പ്രതികള്‍ ശരിയായി എഴുതിയിരുന്നു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ആദ്യം മൂന്നുപേരെ പിടികൂടിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഹരിയാനയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. ഏഴ് ലക്ഷം രൂപയാണ് ഇത്തരത്തില്‍ ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതുന്ന ആള്‍ക്ക് ഉദ്യോഗാര്‍ത്ഥികള്‍ നല്‍കുന്ന പ്രതിഫലം. ഹരിയാനയിലെ ജിണ്ട് ജില്ലയിലെ ചില പരീക്ഷാ കോച്ചിങ് കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.