തിരുവനന്തപുരം - ആനുകൂല്യങ്ങള്‍ കിട്ടാതിരിക്കാനായി സഹപ്രവര്‍ത്തകന്റെ സര്‍വ്വീസ് ബുക്ക് 23 വര്‍ഷം ഒളിപ്പിച്ച കേസില്‍ വിരമിച്ച രണ്ടുപേര്‍ ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ച് വിവരാവകാശ കമ്മീഷന്‍. ഇടുക്കി ഡി എം ഓഫീസിലെ വിരമിച്ച സൂപ്രണ്ടുമാരായ എം.എം ശിവരാമന്‍, എസ്.പ്രസാദ്, നിലവിലെ സൂപ്രണ്ട് എസ്.ജെ കവിത, ക്ലാര്‍ക്കുമാരായ കെ.ബി ഗീതുമോള്‍, ജെ.രേവതി എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. സര്‍വ്വീസ് ബുക്ക് ഓഫീസില്‍ ഉണ്ടായിരുന്നിട്ടും കാണാനില്ലെന്ന് മറുപടി നല്‍കിയതിലാണ് നടപടി. അഞ്ച് ഉദ്യോഗസ്ഥരും 25,000 രൂപ പിഴയൊടുക്കാന്‍ വിവരാവകാശ കമ്മീഷണര്‍ എ എ ഹക്കിമാണ് ഉത്തരവിട്ടത്. സെപ്തംബര്‍ അഞ്ചിനകം പിഴ ഒടുക്കുന്നില്ലെങ്കില്‍ റിക്കവറി നടത്താനും ഉത്തരവില്‍ പറയുന്നു. ഇടുക്കി ജില്ലാ ആരോഗ്യവിദ്യാഭ്യാസ ഓഫീസറായിരുന്ന ടി.സി ജയരാജിന്റെ സര്‍വ്വീസ് ബുക്ക് 2000ല്‍ ഏജീസ് ഓഫീസിലേക്ക് അയച്ചത് തിരിച്ചു കിട്ടിയില്ല എന്നാണ് പറഞ്ഞിരുന്നത്. ഇത്രയും കാലം ജയരാജിന്റെ വാര്‍ഷിക ഇന്‍ക്രിമെന്റ് ഉള്‍പ്പെടെ ഒരു രേഖയും സര്‍വ്വീസ് ബുക്കില്‍ വരുത്തിയില്ല. ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്തില്ല. ഇതിനിടെ ക്യാന്‍സര്‍ ബാധിച്ച് ജയരാജ് മരിക്കുകയും ചെയ്തു. എന്നിട്ടും ആനുകൂല്യങ്ങള്‍ തടയാനായി സര്‍വ്വീസ് ബുക്ക് പൂഴ്ത്തിവെച്ചു. കമ്മീഷന്‍ ഇടപെടലിനെ തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ സര്‍വ്വീസ് ബുക്ക് ഓഫീസില്‍ നിന്ന് കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.