Sorry, you need to enable JavaScript to visit this website.

വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഇന്ത്യക്കാരന് 10 വര്‍ഷത്തിനു ശേഷം മോചനം

ദുബയ്- കൊലക്കേസില്‍ ഉള്‍പ്പെട്ട് ഷാര്‍ജ കോടതി പത്തു വര്‍ഷം മുമ്പ് വധശിക്ഷയ്ക്കു വിധിച്ച ഇന്ത്യക്കാരന്‍ സന്ദീപ് സിങ് ജയില്‍ മോചിതനായി സ്വദേശമായ പഞ്ചാബില്‍ തിരിച്ചെത്തി. ദുബായിലെ പ്രമുഖ പഞ്ചാബി സാമുഹ്യപ്രവര്‍ത്തകന്റെ ഇടപെടലിലൂടെയാണ് സന്ദീപിന്റെ മോചനം സാധ്യമായത്. കൊല്ലപ്പെട്ട ഇന്ത്യക്കാരന്റെ കുടുംബം ആദ്യം നഷ്ടപരിഹാരത്തുക സ്വീകരിച്ച് സന്ദീപിനു മാപ്പു നല്‍കാന്‍ തയാറായിരുന്നില്ല. ഡോ. എസ്.പി സിങ് ഒബ്‌റോയ് എന്ന സാമുഹ്യപ്രവര്‍ത്തകന്റെ നിരന്തര ഇടപെടലിലൂടെയാണ് മന്‍ദീപിന്റെ കുടുംബം സന്ദീപിന് മാപ്പു നല്‍കാന്‍ തയാറായത്. ഒടുവില്‍ നഷ്ടപരിഹാരം വാങ്ങാനും മന്‍ദീപിന്റെ കുടുംബം തയാറായതോടെയാണ് സന്ദീപിന്റെ മോചനത്തിന് വഴിതെളിഞ്ഞത്.

മദ്യം ഒളിച്ചു കടത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ ഇന്ത്യക്കാരനായ മന്‍ദീപ് സിങിനെ കൊലപ്പെടുത്തിയ കേസില്‍ 2007-ലാണ് സന്ദീപിനെ അറസ്റ്റ് ചെയ്തത്. 2008-ല്‍ ഷാര്‍ജ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി വധി ശിക്ഷ വിധിച്ചു. ഇതിനെതിരെ ഷാര്‍ജ അപ്പീല്‍ കോടതിയെ സമീപിച്ചു. 2009-ല്‍ ഈ കോടതി വധ ശിക്ഷ ഇളവു ചെയ്തു ജീവപര്യന്തം തടവു ശിക്ഷയാക്കി കുറച്ചെങ്കിലും 2010-ല്‍ ഫെഡറല്‍ സുപ്രീം കോടതി കേസ് ഷാര്‍ജ അപ്പീല്‍ കോടതിയിലേക്കു തന്നെ മടക്കി. കേസ് രണ്ടാമതും പരിഗണിച്ച അപ്പീല്‍ കോടതി വീണ്ടും വധ ശിക്ഷ വിധിക്കുകയായിരുന്നു. ഇതിനിടെ കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി ഒത്തു തീര്‍പ്പു ചര്‍ച്ച നടത്താന്‍ സമയം തേടി ഒബ്‌റോയി അപ്പീല്‍ കോടതിയെ സമീപിച്ചു. 2012-ഓടെയാണ് ഇരയുടെ കുടുംബം നഷ്ടപരിഹാരം വാങ്ങാന്‍ തയാറായത്. തുടര്‍ന്ന് 2013ല്‍ കേസ് ഒത്തുതീര്‍പ്പിലെത്തിയതു സംബന്ധിച്ച രേഖകളും കോടതിയില്‍ സമര്‍പ്പിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍  കഴിഞ്ഞ ഏപ്രിലില്‍ സുപ്രീം കോടതി ശിക്ഷ മൂന്നു വര്‍ഷമാക്കി ഇളവ് ചെയ്തു. ഇതിനകം തന്നെ ഈ തടവു കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് മോചന ഉത്തരവുണ്ടായെങ്കിലും ഒത്തുതീര്‍പ്പ് രേഖയിലെ അപകാത കാരണം മോചനം രണ്ടു മാസം കൂടി നീളുകയായിരുന്നു. ഒടുവില്‍ ഇതു തിരുത്തു നല്‍കിയതോടെ ഞായറാഴ്ച കോടതിയില്‍ നിന്ന് മോചന ഉത്തരവ് ലഭിച്ചു. സന്ദീപിന്റെ യാത്ര രേഖകള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റും ശരിയാക്കി നല്‍കിയതോടെ ചൊവ്വാഴ്ച സന്ദീപ് അമൃത്സര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങി.
 

Latest News