- അർപ്പണബോധത്തിന്റെയും സർഗാത്മകതയുടെയും തെളിവാണ് അച്ചുവിന്റെ നേട്ടങ്ങളെല്ലാം. ആത്മാർത്ഥമായ പരിശ്രമത്തിന്റെയും ധാർമിക നിലപാടിന്റെയും ഫലമാണ് അച്ചുവിന്റെ വിജയമെന്നും ഭർത്താവ്.
കോട്ടയം - പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെയുള്ള സൈബർ ആക്രമണത്തിൽ പ്രതികരിച്ച് ഭർത്താവ് ലീജോ ഫിലിപ്പ്. സമൂഹമാധ്യമങ്ങളിലൂടെയും മറ്റുമുള്ള അപമാനവീകരണ ശ്രമങ്ങൾക്കെതിരേ നിയമനടപടിയുമായി അച്ചു ഉമ്മൻ രംഗത്തുവന്നതിന് പിന്നാലെയാണ് അച്ചുവിന് പൂർണ പിന്തുണയുമായി ലീജോ ഫിലിപ്പ് എഫ്.ബി കുറിപ്പിട്ടത്.
കണ്ടന്റ് ക്രിയേറ്റർ എന്ന നിലയിലുള്ള ഭാര്യ അച്ചു ഉമ്മന്റെ യാത്രയിൽ ഞാൻ പൂർണ ഹൃദയത്തോടെ ഒപ്പം നിൽക്കുന്നുവെന്ന് ലീജോ വ്യക്തമാക്കി. ആദ്യം മുതലേ അചഞ്ചലമായ അഭിമാനത്തോടും ആദരവോടും കൂടെ ഞാൻ അവർക്കു പരിപൂർണ പിന്തുണ നൽകുന്നുണ്ട്. അശ്രാന്തമായ അർപ്പണബോധത്തിന്റെയും സർഗാത്മകതയുടെയും തെളിവാണ് അവളുടെ നേട്ടങ്ങളെല്ലാം. അവൾ നേരിടുന്ന എല്ലാ ആരോപണങ്ങളും നീതിരഹിതവും അസത്യവുമാണ്. ആത്മാർത്ഥമായ പരിശ്രമത്തിന്റെയും ധാർമിക നിലപാടിന്റെയും ഫലമാണ് അച്ചുവിന്റെ വിജയം. കണ്ടന്റ് ക്രിയേറ്റർ എന്ന നിലയിലുള്ള സ്വപ്നങ്ങളിലേക്കുള്ള യാത്രയിൽ ഞാനും ഞങ്ങളുടെ കുട്ടികളും ഏറ്റവും അഭിമാനത്തോടെ കൂടെയുണ്ട്. അത് ഇനിയും തുടരും. തന്റെ അചഞ്ചലമായ പിന്തുണ എക്കാലവും അച്ചുവിനുണ്ടാകുമെന്ന് വ്യക്തമാക്കിയാണ് ലീജോ കുറിപ്പ് അവസാനിപ്പിച്ചത്.
ഇനിയൊരു സ്ത്രീയും ഇവ്വിധം അപമാനിക്കപ്പെടരുതെന്ന് ചൂണ്ടിക്കാട്ടിയാണ് അച്ചു ഉമ്മൻ ഇന്ന് പോലീസിന് പരാതി നൽകിയിട്ടുള്ളത്. സമൂഹ മാധ്യമങ്ങളിലൂടെയും പാർട്ടി പ്രചാരണ വേദികളിലൂടെയും വ്യക്തിഹത്യ ചെയ്യാനും സ്ത്രീത്വത്തെ അപമാനിക്കാനുള്ള ശ്രമത്തിനെതിരെയാണ് താൻ നിയമ നടപടി സ്വീകരിച്ചതെന്ന് അച്ചു ഉമ്മൻ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ, ഉറവിടം വ്യക്തമല്ലാത്ത കുപ്രചാരണമായിരുന്നു ഉണ്ടായിരുന്നതെങ്കിൽ പിന്നീട് സി.പി.എമ്മിന്റെ സൈബർ പോരാളികൾ പലരും തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ മുഖേന വ്യക്തിഹത്യ തുടർന്നു. ജോലിയെയും പ്രൊഫഷണലിസത്തെയും സ്ത്രീത്വത്തെയും അപമാനിക്കുകയും നിന്ദ്യമായ രീതിയിൽ വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുകയുമുണ്ടായി. മാനഹാനി ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് നിയമനടപടിയിലേക്ക് നീങ്ങിയതെന്നും അവർ പറഞ്ഞു.
സമൂഹമാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിച്ച സെക്രട്ടറിയേറ്റിലെ മുൻ ഉദ്യോഗസ്ഥനെതിരെ വനിതാ കമ്മിഷനിലും സൈബർ സെല്ലിലും തിരുവനന്തപുരം പൂജപ്പുര പോലീസ് സ്റ്റേഷനിലും തെളിവ് സഹിതമാണവർ പരാതി നൽകിയത്. സങ്കുചിത രാഷ്ട്രീയ താൽപര്യത്തിനു വേണ്ടി ഇനിയൊരു സ്ത്രീയും ഇത്തരത്തിൽ അപമാനിക്കപ്പെടരുതെന്ന ചിന്തയുടെ അടിസ്ഥാനത്തിൽ കൂടിയാണ് നിയമനടപടി സ്വീകരിച്ചതെന്നും അച്ചു ഉമ്മൻ ചൂണ്ടിക്കാട്ടി.