തിരുവനന്തപുരം- ഫോർട്ട് പോലീസ് സ്‌റ്റേഷനിലെ പ്രമാദമായ ഉരുട്ടിക്കൊലക്കേസിലെ ഒന്നും രണ്ടും പ്രതികൾക്ക് വധശിക്ഷ. പ്രതികളായ മറ്റു മൂന്നു പോലീസുകാർക്ക് മൂന്നുവർഷം തടവും. തിരുവനന്തപുരം സി.ബി.ഐ കോടതി ജഡ്ജി ജെ നാസറാണ് ശിക്ഷ വിധിച്ചത്. സർവീസിലിരിക്കുന്ന പോലീസുകാർക്ക് ഇത്ര കടുത്ത ശിക്ഷ അപൂർവ്വങ്ങളിൽ അപൂർവമാണ്. ഉദയകുമാർ ഉരുട്ടിക്കൊലക്കേസിലെ ഒന്നും,രണ്ടും പ്രതികളായ മലയിൻകീഴ് കമലാലയത്തിൽ കെ.ജിതകുമാർ, നെയ്യാറ്റിൻകര സ്വദേശി എസ്.വി.ശ്രീകുമാർ എന്നിവർക്കാണ് വധശിക്ഷ. ഇന്ത്യൻ ശിക്ഷ നിയമത്തിലെ കൊലക്കുറ്റം ഉൾപ്പെടുന്ന 302,120(ബി ),323,348,201,167,34 എന്നീ വകുപ്പുകൾ പ്രകാരം കുറ്റക്കാരെന്നും കോടതി കണ്ടെത്തി. പ്രതികൾ നാലു ലക്ഷം രൂപ നഷ്ടപരിഹാരവും നൽകണം.
നേമം പള്ളിച്ചൽ സ്വദേശി ഡി.വൈ.എസ്.പി അജിത് കുമാർ, വെള്ളറട കെ.പി ഭവനിൽ മുൻ എസ്പി ഇ.കെ.സാബു, വട്ടിയൂർക്കാവ് സ്വദേശി മുൻ എസ്.പി ടി.കെ.ഹരിദാസ് എന്നിവരെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ 201,120(ബി ),167 എന്നീ വകുപ്പുകൾ പ്രകാരം മൂന്നുവർഷത്തെ തടവും വിധിച്ചു. കേസിലെ മൂന്നാം പ്രതി സോമൻ വിചാരണ വേളയിൽ മരണപ്പെട്ടിരുന്നു. നാലാം പ്രതി വി.പി.മോഹനനെ കോടതി നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു.
നിയമം സംരക്ഷിക്കേണ്ട പോലീസുകാർ അതു ലംഘിച്ചിരിക്കുന്നതിനാൽ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും മരണപ്പെട്ട ഉദയകുമാറിന്റെ അമ്മയ്ക്ക് നഷ്ടപരിഹാരം നൽകണമെന്നും സി.ബി.ഐ പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചു. എന്നാൽ പ്രതികൾ കൊലപാതകം നടത്തിയതിന് നേരിട്ടത് തെളിവുകൾ ഇല്ലന്നും കണ്ടെത്തിയിട്ടുള്ള പല കാര്യങ്ങളും തെളിയിക്കാൻ സി.ബി.ഐക്ക് സാധിച്ചിട്ടില്ലെന്ന് പ്രതിഭാഗവും വാദിച്ചു. അടിയന്തരാവസ്ഥ സമയങ്ങളിൽ മാത്രം കേട്ടിരുന്ന ഉരുട്ടൽ പോലുള്ള മൃഗീയ മർദന മുറകൾ നിർത്തലാക്കേണ്ട സമയമായെന്നും സാധാരണ നടക്കുന്ന ഒരു കൊലപാതകമായി ഇതിനെ കാണാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.
പോലീസുകാർ പ്രതികളാകുന്ന അത്യപൂർവ്വ കേസാണ് ഉരുട്ടിക്കൊലക്കേസ്. 2005 സെപ്റ്റംബർ 27 ന് ഉച്ചയ്ക്ക് 1.30 ന് ഫോർട്ട് പോലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയെന്നാണ് സി.ബി.ഐ കേസ്. ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് വിസ്താര വേളയിൽ സാക്ഷികൾ കൂട്ടത്തോടെ കൂറുമാറിയതിനെ തുടർന്ന് ഉദയകുമാറിന്റെ അമ്മ പ്രഭാവതിഅമ്മ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സി.ബി.ഐ ഏറ്റെടുത്തതോടെയാണ് കേസിന് നിർണ്ണായക വഴിത്തിരിവായത്.