Sorry, you need to enable JavaScript to visit this website.

സൈബര്‍ ആക്രമണത്തിനെതിരെ പരാതി നല്‍കി അച്ചു ഉമ്മന്‍

കോട്ടയം- പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ വ്യാപകമായി നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ പരാതി നല്‍കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഇളയ മകള്‍ അച്ചു ഉമ്മന്‍. സെക്രട്ടേറിയറ്റിലെ ഒരു മുന്‍ ഉദ്യോഗസ്ഥനെതിരെ പൂജപ്പുര പോലീസിനാണ് പരാതി നല്‍കിയത്. ഇതിനു പുറമെ വനിതാ കമ്മിഷനും തിരഞ്ഞെടുപ്പു കമ്മിഷനും പരാതി നല്‍കിയിട്ടുണ്ട്. മുഖമില്ലാത്തവര്‍ക്കെതിരെ നിയമനടപടിക്കില്ലെന്നും, ധൈര്യമുള്ളവര്‍ നേര്‍ക്കുനേര്‍ ആരോപണം ഉന്നയിക്കട്ടെയെന്നും അച്ചു കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തിങ്കളാഴ്ച സെക്രട്ടേറിയറ്റിലെ മുന്‍ ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കിയത്.

രണ്ടുതവണ മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് തന്റെ പിതാവെന്നും അധികാരം ദുര്‍വിനിയോഗം നടത്തി ഒരു രൂപ പോലും സമ്പാദിച്ചതായി തനിക്കെതിരെ ഒരു ആരോപണവും ഇതുവരെ ഉയര്‍ന്നിട്ടില്ലെന്നും കഴിഞ്ഞ ദിവസം അച്ചു ഉമ്മന്‍ ചൂണ്ടിക്കാട്ടിയിരുന്നു. പിതാവിനെ ജീവിതകാലം മുഴുവന്‍ വേട്ടയാടിയിരുന്നവര്‍ അദ്ദേഹത്തിന്റെ മരണശേഷം മക്കളെ വേട്ടയാടുകയാണ്. അഴിമതിയില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് സൈബര്‍ ആക്രമണം. മുഖമില്ലാത്തവര്‍ക്കെതിരെ നിയമനടപടിയില്ല. ധൈര്യമുള്ളവര്‍ നേര്‍ക്കുനേര്‍ ആരോപണം ഉന്നയിക്കട്ടെയെന്നും അച്ചു ഉമ്മന്‍ വ്യക്തമാക്കിയിരുന്നു.

 

Latest News