പൊന്നാനി - മലപ്പുറം പൊന്നാനി പെരുമ്പടപ്പ് പട്ടേരിയില്‍ ഷാഫി (40) വെടിയേറ്റു മരിച്ച സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. പെരുമ്പടപ്പ് പെരുമ്പക്കാട്ടില്‍ സജീവ് (42) ആണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകിട്ട് പെരുമ്പടപ്പിലെ പട്ടേരിയിലെ സജീവിന്റെ വീട്ടില്‍ വച്ചാണു സുഹൃത്ത് അബദ്ധത്തില്‍ കൊല്ലപ്പെട്ടത്. സജീവിന്റെ കയ്യിലുണ്ടായിരുന്ന എയര്‍ഗണ്ണില്‍നിന്ന് ഷാഫിക്ക് വെടിയേല്‍ക്കുകയായിരുന്നു.
ഷാഫിയും സജീവും മറ്റു രണ്ടുപേരും സംസാരിച്ചിരിക്കുന്നതിനിടെ സജീവ് എയര്‍ഗണ്ണുമായി വീടിന്റെ മുന്‍വശത്തു പരിശീലനം നടത്തുകയായിരുന്നു. അതിനിടയില്‍ ഷാഫിയുടെ നെഞ്ചത്തേക്കു വെടിയേല്‍ക്കുകയും ഷാഫി മരിക്കുകയും ചെയ്‌തെന്നു പോലീസ് പറഞ്ഞു. സജീവിനെ പെരുമ്പടപ്പ് പോലീസ് അറസ്റ്റു ചെയ്തു.
സംഭവുമായി ബന്ധപ്പെട്ടു പോലീസ് കസ്റ്റഡിയില്‍ എടുത്ത ഷാഫിയുടെ സുഹൃത്തുകളായ 2 പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടില്ല. ഷാഫിയുടെ മരണത്തില്‍ ദുരുഹത ഉണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ട്. മലപ്പുറത്തുനിന്നുള്ള ഫൊറന്‍സിക് സംഘം വീട്ടില്‍ പരിശോധന നടത്തി. ചിറവല്ലൂര്‍ ആമയം നമ്പറാത്ത് ഹൈദ്രോസ് കുട്ടിയുടെ മകനാണു മരിച്ച ഷാഫി.