റിയാദ്- പ്രവാചകൻ മുഹമ്മദ് നബി മക്കയിൽ നിന്ന് മദീനയിലേക്കു നടത്തിയ ഐതിഹാസിക പാലയാനത്തിന്റെ ജീവസുറ്റ പ്രദർശനമയായ ഹിജ്‌റയുടെ കാൽപാടുകളിലൂടെ ഹെറിറ്റേജ് എക്‌സിബിഷനിന്റെ രണ്ടാമത് പ്രാദേശിക പ്രദർശനത്തിനൊരുങ്ങി റിയാദിലെ സൗദി നാഷണൽ മ്യൂസിയം. എ.ഡി 622 ൽ പ്രവാചകൻ മുഹമ്മദ് നബിയുടെ പാലയാന വഴിയിൽ സംഭവിച്ച പ്രധാന സംഭവ വികാസങ്ങൾ ഭൂമിശാസ്ത്ര പശ്ചാത്തലത്തിൽ കോർത്തിണക്കിയതാണ് ഹെറിറ്റേജ് എക്‌സിബിഷൻ. രാജ്യത്തിനകത്തും പുറത്തുമായി സംഘടിപ്പിക്കുന്ന മൊബൈൽ എക്‌സിബിഷന്റെ രണ്ടാമത് പ്രാദേശിക തല ഉദ്ഘാടനം സൗദി സാംസ്‌കാരിക വകുപ്പ് സഹമന്ത്രി ഹാമീദ് ബിൻ ഫായിസാണ് റിയാദ് നാഷണൽ മ്യൂസിയത്തിൽ ഉദ്ഘാടനം ചെയ്തത്. പ്രവാചകനുമായി ബന്ധപ്പെട്ട ചരിത്ര വസ്തുക്കളും ശേഷിപ്പുകളും സൂക്ഷിക്കുന്നതിനുള്ള സൗദിയുടെ പരിശ്രമങ്ങളുടെ ഭാഗമായാണ് എക്‌സിബിഷൻ തയ്യാറാക്കിയിരിക്കുന്നത്. അറേബ്യൻ ഉപദീപിന്റെ സാംസ്‌കാരിക പശ്ചാത്തലം മനുഷ്യ നാഗരികതയിൽ അതു വഹിച്ച പങ്ക് ഇസ്്‌ലാമിക ചരിത്രത്തിൽ അതു ചെലുത്തിയ സ്വാധീനം എന്നിവയെല്ലാം എക്‌സിബിഷൻ വഴി പുനരാവിഷ്‌കരിക്കുന്നുണ്ട്. മക്കയിൽനിന്ന് മദീനയിലേക്കുള്ള പാലായനം വരച്ചു കാണിക്കുന്ന എക്‌സിബിഷനിന്റെ പതിനാലു ഇന്ററാക്റ്റീവ് സ്റ്റേഷനുകളിലായി പ്രവാചകന്റെ പലായനം ലോക ചരിത്രത്തെ തന്നെ എങ്ങനെ മാറ്റി മറിച്ചുവെന്ന് വ്യക്തമാക്കുന്നുണ്ടെന്ന് കിംഗ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾച്ചർ 'ഇത്‌റാ' യുടെ ഡയറക്ടർ എഞ്ചിനീയർ അബ്ദുല്ല അൽ റഷീദ് പറഞ്ഞു. സൗദിക്കു പുറമെ ലോക രാജ്യങ്ങളിലെല്ലാം എക്‌സിബിഷൻ പ്രദർശനമുണ്ടാകും. കിംഗ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾച്ചർ 'ഇത്‌റാ' യാണ് എക്‌സിബിഷൻ തയ്യാറാക്കിയിരിക്കുന്നത്.