തിരുവനന്തപുരം - വിമാനത്തിന്റെ സീറ്റിനടിയിൽ കുഴമ്പ് രൂപത്തിൽ സ്വർണം കണ്ടെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലാണ് കുഴമ്പു രൂപത്തിൽ സ്വർണം കണ്ടെത്തിയത്. തുടർന്ന് കസ്റ്റംസ് എയർ ഇന്റലിജൻസ് അസിസ്റ്റന്റ് കമ്മിഷണർ എ.എം നന്ദകുമാറും സംഘവും നടത്തിയ പരിശോധനയിൽ ഒരു കിലോയ്ക്കടുത്ത് (965.09 ഗ്രാം) സ്വർണമാണ് വേർതിരിച്ചെടുത്തത്.
ഇന്നലെ രാവിലെ 10.30ന് ഷാർജയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിലാണ് കുഴമ്പ് രൂപത്തിൽ സ്വർണം കണ്ടെത്തിയത്. സ്വർണത്തിന് 57 ലക്ഷം രൂപയോളം വിലവരും. സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരനെ പിടികൂടാനായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.