ബെർലിൻ - വംശീയാധിക്ഷേപം ആരോപിച്ച് മെസുത് ഓസിൽ ജർമൻ ഫുട്‌ബോൾ ടീമിൽ നിന്ന് പടിയിറങ്ങിയ സംഭവത്തിൽ ജനവികാരം ദേശീയ ഫുട്‌ബോൾ ഫെഡറേഷന് എതിരെ. ഓൺലൈൻ സർവെയിൽ 50 ശതമാനം പേരും ഫെഡറേഷൻ പ്രസിഡന്റ് റെയ്ൻഹാഡ് ഗ്രിൻഡൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. ഗ്രിൻഡലിനെ ഓസിൽ പേരെടുത്ത് വിമർശിച്ചിരുന്നു.
അതിനിടെ, തുർക്കിയിലെ ഓസിലിന്റെ കുടുംബ വീട് നിൽക്കുന്ന തെരുവ് പേരു മാറ്റി. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദൊഗാനൊപ്പം ഓസിൽ നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ തെരുവിന്റെ പുതിയ ചിഹ്നം. തുർക്കി പാരമ്പര്യത്തിന്റെ പേരിലാണ് താൻ ജർമനിയിൽ ബലിയാടാക്കപ്പെട്ടതെന്നു പറഞ്ഞാണ് ഓസിൽ ടീമിന്റെ പടിയിറങ്ങിയത്. കരിങ്കടൽ തീരത്തുള്ള ദേവ്‌റേക് നഗരത്തിലെ മെസുത് ഓസിൽ അവന്യൂവിന്റെ നേരത്തെയുള്ള ചിഹ്നം ജർമൻ ജഴ്‌സിയിൽ ഓസിൽ കളിക്കുന്നതാണ്. ഓസിലിന് നേരിടേണ്ടി വന്ന വിവേചനത്തിൽ ദുഃഖമുണ്ടെന്ന് ദേവ്‌റേക് മേയർ മുസ്തഫ സെമർസി പറഞ്ഞു. ഓസിലിനെ നേരിട്ടു വിളിച്ചു സംസാരിച്ചതായി തുർക്കി പ്രസിഡന്റ് ഉർദൊഗാൻ വെളിപ്പെടുത്തി.
ഓസിൽ ജർമനിക്ക് കളിക്കില്ലെന്ന് പ്രഖ്യാപിച്ചത് മാധ്യമങ്ങളിലൂടെയാണ്. അറിഞ്ഞ ശേഷം ഓസിലിനെ വിളിച്ചു. പ്രസ്താവനയിൽ പ്രതിഫലിക്കുന്നത് ഓസിലിന്റെ ദേശീയ വികാരമാണ്. ജർമനിക്കു വേണ്ടി ഒരുപാട് വിയർപ്പൊഴുക്കിയ യുവാവിനെതിരെ ഇത്ര വംശീയമായ ആക്രമണം സഹിക്കാനാവില്ലെന്ന് ഉർദൊഗാൻ അഭിപ്രായപ്പെട്ടു. അതിനിടെ, ഓസിൽ വിരമിച്ച കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് ജർമൻ കോച്ച് ജോക്കിം ലോവ് വെളിപ്പെടുത്തി. മെഡിറ്ററേനിയൻ ദ്വീപായ സാർദീനിയയിൽ വിശ്രമത്തിലാണ് ലോവ്. ലോവിന്റെ ഏറ്റവും വിശ്വസ്തരായ കളിക്കാരിലൊരാളായിരുന്നു ഓസിൽ. ഓസിലിന്റെ സ്ഥാനം ഇനി ജൂലിയൻ ഡ്രാക്‌സ്‌ലർക്കോ മാർക്കൊ റോയ്‌സിനോ കിട്ടുമെന്നാണ് കരുതുന്നത്. ഓസിലിനെ പ്രശംസിച്ച് ഡ്രാക്‌സ്‌ലർ രംഗത്തു വന്നിരുന്നു. വംശീയതയാണ് തന്നെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ കാരണമെന്ന ഓസിലിന്റെ ആരോപണം ജർമൻ ഫുട്‌ബോൾ ഫെഡറേഷൻ തള്ളി.