Sorry, you need to enable JavaScript to visit this website.

കൊച്ചിയിൽ മഴക്കൊപ്പം ഗോൾമഴ; ബ്ലാസ്റ്റേഴ്‌സ് വല നിറച്ച് മെൽബൺ

ബ്ലാസ്റ്റേഴ്‌സ് ഗോൾമുഖത്ത് മെൽബൺ സിറ്റിയുടെ ആക്രമണം


കൊച്ചി- ലാ ലിഗ വേൾഡ് പ്രി സീസൺ ഫുട്‌ബോളിന്റെ ആദ്യ മത്സരത്തിൽ മെൽബൺ സിറ്റി എഫ്.സി മറുപടിയില്ലാത്ത ആറ് ഗോളുകൾക്ക്  കേരള ബ്ലാസ്‌റ്റേഴ്‌സിനെ തകർത്തു. മെൽബൺ സിറ്റി 30 ാം മിനിറ്റിൽ ഡാരിയോ വിഡോസിച്ചും  33 ാം മിനിറ്റിൽ റെയ്‌ലി മാക്ഗ്രീയും നേടിയ ഗോളുകൾക്ക്  ആദ്യ പകുതിയിൽ 2-0 നു മുന്നിട്ടു നിന്നു. 
രണ്ടാം പകുതിയിൽ മഴയോടൊപ്പമായിരുന്നു മെൽബണിന്റെ ഗോൾ മഴ. 50 ാം മിനിറ്റിൽ ലാച്ച്‌ലാൻ വെയ്ൽസും 57 ാം മിനിറ്റിൽ റെയ്‌ലി മാക്ഗ്രീ തന്റെ രണ്ടാം ഗോളും നേടി.  75 ാം മിനിറ്റിൽ റാമി നാജരാനും 79 ാം മിനിറ്റിൽ ബ്രൂണോ ഫോർനാറോലിയും വല ചലിപ്പിച്ചു. ബ്ലാസ്‌റ്റേഴ്‌സിന്റെ ഏറ്റവും വലിയ തോൽവിയാണിത്.  മെൽബൺ സിറ്റി വെള്ളിയാഴ്ച സ്‌പെയിനിലെ ജിറോണ എഫ്.സിയേയും പിറ്റേന്ന് ബ്ലാസ്റ്റേഴ്‌സിനെയും നേരിടും. ഒത്തിണക്കവും മനോഹരമായ പാസുകളും വഴി ബ്ലാസ്റ്റേഴ്‌സിനെ വരിഞ്ഞുമുറുക്കിയ മെൽബൺ സിറ്റി കളിയിൽ 65 ശതമാനം മുൻതൂക്കം നേടി.
ബ്ലാസ്‌റ്റേഴ്‌സ് അഞ്ച് വിദേശ താരങ്ങളുമായാണ് ഇറങ്ങിയത്. പരീക്ഷണാർത്ഥം പതിനെട്ടുകാരനായ ധീരജ് സിംഗിനു ഗോൾ വലയുടെ ചുമതല കോച്ച്  ഡേവിഡ് ജയിംസ് നൽകി. പരിചയ സമ്പത്തിന്റെ അഭാവം ധീരജിനും ടീമിനും വിനയായി.  സന്ദേശ് ജിങ്കൻ, ലാകിച് പെസിച്, സിറിൽ കാലി, അനസ് എടത്തൊടിക എന്നിവരാണ് ഡിഫൻസിൽ വന്നത്. അനസിന്റെയും അരങ്ങേറ്റ മത്സരം ആയിരുന്നു.  
മെൽബൺ സിറ്റിയുടെ ആക്രമണേത്താടെയാണ് തുടക്കം. ഈ സീസണിൽ ടീമിൽ എത്തിയ സിറിൽ കാലി കോർണർ വഴങ്ങി കഷ്ടിച്ചു രക്ഷപ്പെടുത്തി. മുൻ ഷെഫീൽഡ് താരം മൈക്കൽ ഒഹാലോറാനും ബ്ലാസ്‌റ്റേഴ്‌സിന്റെ കാലിയും കളം നിറഞ്ഞു കളിച്ചു. ഹാലോറാനെ തടയാൻ സന്ദേശ് ജിങ്കനു നന്നായി അധ്വാനിക്കേണ്ടി വന്നു. 
23 ാം മിനിറ്റിൽ ഹാളിചരൺ നാർസറിയുടെ ഉശിരൻ ഷോട്ട് മെൽബണിന്റെ വലയിൽ എത്തിയെങ്കിലും റഫ്‌റിയുടെ ഹാൻഡ് ബോൾ വിസിൽ മുഴങ്ങി. പ്രശാന്ത് നിരവധി അവസരങ്ങൾ ബോക്‌സിലേക്കു ഒരുക്കിക്കൊടുത്തു. ഒരു സ്‌ട്രൈക്കറുമായി കളിച്ചതിനാൽ അവസരങ്ങൾ മുതലാക്കാനായില്ല. 30 ാം മിനിറ്റിൽ ബോക്‌സിനു 30 വാര അകലെ നിന്നു  ബ്രാറ്റൺ ചിപ്പ് ചെയ്തു കൊടുത്ത പന്ത് വിഡോസിച്ച് അനായാസ ഹെഡ്ഡറിലൂടെ ഗോളാക്കി. ബ്ലാസ്റ്റേഴ്‌സ് കളിക്കാർ ഓഫ്‌സൈഡ് കൊടി പ്രതീക്ഷിച്ചു നിൽക്കുകയായിരുന്നു. കഴിഞ്ഞ സീസണിൽ ന്യൂസിലാണ്ടിലെ വെല്ലിങ്ടൺ ഫിനിക്‌സിൽ കളിച്ച വിഡോസിച്ചിന്റെ മെൽബൺ സിറ്റിക്കു വേണ്ടിയുള്ള ആദ്യ ഗോളാണിത്. ഗോളിന്റെ ആഘാതം മാറുന്നതിനു മുൻപ് മെൽബൺ ലീഡുയർത്തി. ആന്റണി കാസറസിന്റെ ത്രൂപാസിൽ രണ്ടു ബ്ലാസ്‌റ്റേഴ്‌സ് കളിക്കാരുടെ ഇടയിൽ നിന്നും പന്തെടുത്ത റെയ്‌ലി മാക്ഗ്രീ  സന്ദേശ് ജിങ്കനെയും മറികടന്നു നേരെ വലയിലാക്കി. ബ്ലാസ്റ്റേഴ്‌സിന്റെ പൊരുത്തമില്ലായ്മ മെൽബൺ സിറ്റി മുതലെടുത്തു ഒന്നിനു പിറകെ ഒന്നായി ആക്രമണം അഴിച്ചുവിട്ടു. ആദ്യ പകുതിയിൽ പത്ത് കോർണറുകളാണ് വഴങ്ങേണ്ടി വന്നത്. 
രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് നാല് മാറ്റങ്ങളോടെ  എത്തി. സക്കീർ, ഋിഷിദത്ത്് ശശികുമാർ, കറേജ് പെക്കൂസൺ, റാക്കിറ്റിച്ച് എന്നിവരെ കൊണ്ടുവന്നു. മെൽബൺ സിറ്റിയും  മൂന്നു മാറ്റങ്ങൾ വരുത്തി. തുടക്കം തന്നെ ഗോൾകീപ്പർ സ്ഥാനം തെറ്റി നിൽക്കേ ആശ്വാസ ഗോൾ നേടാനുള്ള അവസരം സെമിൻ ലെൻഡുങ്കൽ നഷ്ടപ്പെടുത്തി. പിന്നീട് ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ ധീരജ് സിംഗിനു വിശ്രമം ഇല്ലാത്ത നിമിഷങ്ങളായിരുന്നു. ബ്ലാസ്‌റ്റേഴസിനെ മെൽബൺ കളി പഠിപ്പിച്ചു. 82 ാം മിനിറ്റിൽ മെറ്റ്കാഫിന്റെ ബുള്ളറ്റ് ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചില്ലായിരുന്നുവെങ്കിൽ തോൽവിയുടെ ആഘാതം ഒന്നുകൂടി കൂടുമായിരുന്നു.  15 കോർണറുകളാണ് മെൽബൺ സിറ്റിക്കു ലഭിച്ചത്. ഗോളിലേക്കുള്ള പത്തെണ്ണമുൾപ്പെടെ 15 ഷോട്ടുകൾ മെൽബൺ തൊടുത്തുവിട്ടു. നാല് ഷോട്ടുകൾ മാത്രമേ ബ്ലാസ്‌റ്റേഴ്‌സിനു സാധ്യമായുള്ളൂ. 

 

 

 

Latest News