Sorry, you need to enable JavaScript to visit this website.

പമ്പയില്‍ വെള്ളമില്ല, ആറന്‍മുള ഉത്രട്ടാതി ജലമേള പ്രതിസന്ധിയില്‍

പത്തനംതിട്ട- മഴ പെയ്തില്ലങ്കില്‍ ഈ വര്‍ഷം ആറന്‍മുള വള്ളംകളി നടക്കില്ല. പമ്പാനദിയില്‍ വെള്ളം തീരെ കുറവായ സാഹചര്യത്തില്‍  ജലനിരപ്പ് ഉയര്‍ത്താന്‍ സാധിക്കാത്ത സ്ഥിതിയാണ്. സാധാരണ ശബരിഗിരി ജലവൈദ്യത പദ്ധതിയുടെ ഡാമുകളില്‍നിന്ന് വെള്ളം ഒഴുക്കിവിടുമായിരുന്നുവെങ്കിലും ഇത്തവണ ഡാമില്‍ ഒഴുക്കാനുള്ള വെള്ളമില്ലാത്ത സ്ഥിതിയാണ്.
വള്ളംകളി മത്സരത്തിന് മാത്രം ഡാമിലെ ജലനിരപ്പ് ഉയര്‍ത്താന്‍ തീരുമാനമെടുത്തെങ്കിലും പ്രായോഗികമല്ലന്നാണ് വിലയിരുത്തല്‍.
പമ്പാനദിയില്‍ ചരിത്രത്തിലില്ലാത്ത വിധത്തില്‍ നീരൊഴുക്ക് താണതിന് പുറമെ നദിയിലെ മണ്‍പുറ്റുകള്‍ നീക്കം ചെയ്യാത്തതും പ്രതിസന്ധിക്ക് ഇടയാക്കുന്നുണ്ട്.  മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ആറന്‍മുള പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ നടന്ന അവലോകന യോഗത്തില്‍ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരുന്ന എ പദ്മകുമാര്‍ എക്‌സ് എം എല്‍ എ ജലവിഭവ വകുപ്പിനെതിരെ രൂക്ഷമായ വിമര്‍ശനം യര്‍ത്തി.
ആറന്‍മുള പാര്‍ത്ഥസാരഥീ ക്ഷേത്രത്തിലെ ഓണാഘോഷ ചടങ്ങുകളോടനുബന്ധിച്ചുള്ള തിരുവോണത്തോണിയുടെ യാത്രകള്‍ക്ക് ഉള്‍പ്പടെ ഉള്ള ചടങ്ങുകള്‍ക്ക് ഡാമുകളി നിന്ന് വെള്ളം തുറന്ന് വിടാനാവാത്ത അവസ്ഥയാണുള്ളതെന്ന് കെ എസ് ഇ ബി യും ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ അറിയിച്ചു. നിലവിലെ സാഹചര്യം തുടരുന്ന പക്ഷം ജലമേളയുടെ ട്രയല്‍ റണ്ണുകളും ഒഴിവാക്കാനാണ് തീരുമാനം. ജലമേളയുടെ ദിവസം ഇടുക്കിയില്‍നിന്നുള്ള വൈദ്യുത ഉത്പാദനം കുറച്ച് ശബരിഗിരിയില്‍നിന്നുള്ള ഉത്പ്പാദനം പരമാവധി ഉയര്‍ത്തി പരമാവധി ജലം പമ്പയിലൊഴുക്കാനാണ് തീരുമാനം. എന്നാല്‍ ഇതുകൊണ്ടും 52 പള്ളിയോടങ്ങളില്‍ 48 പള്ളിയോടങ്ങളും അണിനിരക്കുന്ന ജലമേളയുടെ നടത്തിപ്പിനാവശ്യമായ വാട്ടര്‍ സ്റ്റേഡിയം ഒരുക്കാനാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഫിനിഷിങ്ങ് പോയന്റിന് താഴെയായി മണല്‍ ചാക്കുകള്‍ അടുക്കി താത്ക്കാലിക തടയണ നിര്‍മ്മിക്കുന്നതിനും ആലോചനയുണ്ട്. ജലമേളയുടെ സുഗമമായ നടത്തിപ്പിന് വിപുലമായ ഒരുക്കങ്ങളാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നേതൃത്വത്തില്‍ നടക്കുന്നത്.

 

Latest News