Sorry, you need to enable JavaScript to visit this website.

സമരം ഡോക്ടര്‍മാര്‍ക്കെതിരല്ലെന്ന് ഹര്‍ഷിന, കേസ് മൂടിവെക്കാന്‍ ശ്രമിച്ചു

കോഴിക്കോട്- പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ സമരം ഡോക്ടര്‍ക്കെതിരല്ലെന്ന് ഹര്‍ഷിന. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടവര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമം തുടരുന്നുവെന്ന് സമര സമിതി.
തെറ്റു സംഭവിച്ചത് സമ്മതിക്കുകയും അര്‍ഹമായ നഷ്ടപരിഹാരവും നീതിയും നല്‍കുകയുമാണ് ബന്ധപ്പെട്ടവര്‍ ചെയ്യേണ്ടിയിരുന്നതെന്ന് ഹര്‍ഷിന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഡോക്ടര്‍മാര്‍ മനപ്പൂര്‍വം ചെയ്തുവെന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ സംഭവിക്കാന്‍ പാടില്ലാത്ത അനാസ്ഥയാണ് ഉണ്ടാത്. അത് സമ്മതിച്ച് അതനുസരിച്ച് കാര്യങ്ങള്‍ നീക്കുന്നതിന് പകരം തെറ്റ് മൂടിവെക്കാനും കേസിനെ അട്ടിമറിക്കാനുമാണ് ശ്രമിച്ചത്. ഇത് എന്റെ മാത്രം കാര്യമല്ല. എനിക്ക് വര്‍ഷങ്ങളുടെ മാനസികവും ശാരീരികവുമായ വേദനയും സാമ്പത്തിക നഷ്ടവും സംഭവിച്ചിട്ടുണ്ട്. അത് ആര്‍ക്കും ഇനി ഉണ്ടാകരുത്, ഉത്തരവാദികളായവരെ മാതൃകാപരമായി ശിക്ഷിക്കണം.
ആരോഗ്യമന്ത്രി എനിക്ക് ഒപ്പമാണെന്നും പോലീസ് റിപ്പോര്‍ട്ട് വരട്ടെയെന്നുമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. പോലീസ് ഉത്തരവാദികളെ തിരിച്ചറിയുകയും കുറ്റപത്രം തയാറാക്കുകയും ചെയ്യുന്നു. അത് സ്വാഭാവിക നീതി മാത്രമാണ്- ഹര്‍ഷിന പറഞ്ഞു.
മെഡിക്കല്‍ കോളജ് അധ്യാപക സംഘടനയായ കെ.ജി.എം.സി.ടി.യും ഡോക്ടര്‍മാരുടെ സംഘടനയായ ഐ.എം.എയും ഇതില്‍ കുറ്റക്കാരെ രക്ഷിക്കുന്ന നടപടി എടുക്കുന്നില്ലെന്നാണ് ഇതുവരെ കരുതിയതെങ്കില്‍ തെറ്റി. ഒരു പാവം സ്ത്രീയെ മോശമായി ചിത്രീകരിക്കാന്‍ മടിയില്ലാത്ത പ്രസ്താവനയാണ് കെ.ജി.എം.സി.ടി.യില്‍ നിന്നുണ്ടായത്. ഇവരാണ് മെഡിക്കല്‍ ബോര്‍ഡുകളുടെ റിപ്പോര്‍ട്ട് അട്ടിമറിച്ചതെന്ന് വ്യക്തം. പോലീസിന്റെ ഇതുവരെയുള്ള നടപടി ശരിയായ ദിശയിലാണെങ്കിലും സമരം ജനങ്ങളെ അണിനിരത്തി ശക്തിപ്പെടുത്തുമെന്ന് ദിനേശ് പെരുമണ്ണ പറഞ്ഞു.

 

 

Latest News