Sorry, you need to enable JavaScript to visit this website.

ദുരൂഹതയുടെ കരിനിഴൽ വീണ കസ്റ്റഡി മരണം

കൊല്ലപ്പെട്ട താമിർ ജിഫ്രി
താനൂർ പോലീസ് സ്‌റ്റേഷൻ
താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി
മലപ്പുറം എസ്.പി സുജിത് ദാസ്
താനൂർ എസ്.ഐ കൃഷ്ണലാൽ 
താനൂർ എസ്.എച്ച്.ഒ ഷെഹൻ ഷാ
ഫ്രറ്റേണിറ്റ് മൂവ്മെന്റ് നടത്തിയ താനൂർ പോലീസ്  സ്‌റ്റേഷൻ മാർച്ച് 
വെൽഫെയർ പാർട്ടി നടത്തിയ മലപ്പുറം എസ്.പി ഓഫീസ് മാർച്ച് 
ഫ്രറ്റേണിറ്റ് മൂവ്മെന്റ് നടത്തിയ താനൂർ പോലീസ്  സ്‌റ്റേഷൻ മാർച്ച് 
മുസ്‌ലിം ലീഗ് കലക്ട്രേറ്റ് ധർണ ടി.വി. ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

താമിറിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന്, അയാൾക്കൊപ്പം പിടിയിലായ ദൃക്‌സാക്ഷികളും പറയുന്നു. എന്നിട്ടും എന്ത് കൊണ്ടാണ് ഈ കേസിൽ നടപടി വൈകുന്നത്? കേസിൽ പ്രതികളായ ഉന്നത ഉദ്യോഗസ്ഥർ തൽസ്ഥാനത്ത് തുടരുമ്പോൾ നീതിപൂർവ്വമായ  അന്വേഷണം ഒരിക്കലും ഉണ്ടാകില്ല.

 

മലപ്പുറത്തെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലം ഏറെ പ്രക്ഷുബ്ധമാണിപ്പോൾ. വിവിധ രാഷ്ട്രീയ കക്ഷികൾ പോലീസിനെതിരെ തിരിഞ്ഞിരിക്കുകയാണ്. അവിശ്വസനീയവും, വിചിത്രവുമായ കുറേ സംഭവ വികാസങ്ങളാണ് മലപ്പുറത്ത് അരങ്ങേറിയിട്ടുള്ളത് എന്നതിനാൽ എസ്.പി ഉൾപ്പടെയുള്ള ഏതാനും ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ പൊതുജനം പ്രക്ഷോഭത്തിലാണ്. 
പോലീസ് കസ്റ്റഡിയിൽ താമിർ ജിഫ്രി എന്ന യുവാവ് അതിക്രൂരമായ  മർദ്ദമേറ്റ് കൊല്ലപ്പെടുന്നു. കേരളത്തിൽ ഇത്തരം സംഭവങ്ങൾ ആദ്യത്തേതല്ല. കസ്റ്റഡി മരണം പല തവണ ഉണ്ടായിട്ടുള്ളതാണ്. കുറ്റക്കാരായ ഉദ്യോഗസ്ഥർ രക്ഷപ്പെടാനുള്ള പഴുത് തേടുന്നതും സ്വാഭാവികം. എന്നാൽ താനൂർ പോലീസിലെ കസ്റ്റഡി മരണത്തിന് പ്രതികളെന്ന് ആരോപിക്കപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥർ രക്ഷപ്പെടാൻ അവലംബിച്ച പല മാർഗങ്ങളും നിയമപാലനത്തേയും, നീതിനിർവ്വഹണത്തേയും പരസ്യമായി വെല്ലുവിളിക്കുന്ന തരത്തിലാണ്. അത് കൊണ്ട് തന്നെ ഒട്ടു മിക്ക രാഷ്ട്രീയക്കാരും, സംഘടനകളും മലപ്പുറം പോലീസ് മേധാവിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്.


പോലീസ് മേധാവി, തന്നെ സമീപിച്ചതായും അദ്ദേഹം ആവശ്യപ്പെട്ട കാര്യങ്ങൾ ഇപ്പോൾ വ്യക്തമാക്കുന്നില്ലെന്നും, മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജഡം പോസ്റ്റ്‌മോർട്ടം ചെയ്ത ഫോറൻസിക് സർജൻ പറയുന്നു. പോസ്റ്റ്മാർട്ടം പരിശോധന ശാസ്ത്രീയമാണ്. ഡോക്ടർക്ക് തോന്നിയത് പോലെ അത് എഴുതി ഉണ്ടാക്കാനാകില്ല. ആ യുവാവിന്റെ ജഡം പോസ്റ്റ്‌മോർട്ടം നടത്തിയത് താൻ മാത്രമല്ല, മറ്റ് മൂന്ന് ഡോക്ടർമാർ കൂടെ ചേർന്നാണെന്നും, പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട യുവാവിന്റെ ജഡം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോ. ഹിതേഷ് ശങ്കർ മാധ്യമങ്ങളോട് വ്യക്തമാക്കുന്നു. താൻ മനസാ അറിയാത്ത കാര്യത്തെ, തന്റെ തലയിൽ കെട്ടിവെച്ച് മേലുദ്യോഗസ്ഥർ രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും, താൻ കൊല്ലപ്പെട്ടാൽ അതിനുത്തരവാദി, തന്റെ മേലുദ്യോഗസ്ഥരായിരിക്കുമെന്നും, താനൂർ സ്റ്റേഷൻ എസ്.ഐ കൃഷ്ണലാലും നിസ്സഹായതോടെ വിലപിക്കുന്നു. സർവ്വീസിലിരിക്കെ, മേലുദ്യോഗസ്ഥർക്കെതിരെ ഒരു പോലീസ് ഇൻസ്‌പെക്ടർ ഇത്തരത്തിൽ വെളിപ്പെടുത്തൽ നടത്തുന്നത് ഇതാദ്യമായിട്ടാണ്. അച്ചടക്ക ലംഘനത്തിന്റെ പേരിൽ അന്യായമായി അടിച്ചമർത്തപ്പെടുന്ന ഉദ്യോഗസ്ഥരുടെ വേറിട്ട സ്വരമായി കൃഷ്ണലാലിനെ വിലയിരുത്താനാകും. 


ദുരൂഹതകളുടെ താനൂർ
ഓഗസ്റ്റ് 1-ന് ചേളാരിയിലെ വാടക ക്വാർട്ടേഴ്‌സിൽ ഒരു പ്രതിയെ അന്വേഷിച്ചെത്തിയ പോലിസ് സംഘം, എം.ഡി.എം.എ എന്ന രാസലഹരി കൈവശം വെച്ചു എന്നാരോപിച്ച്, 12 യുവാക്കളെ പിടികൂടുന്നു. മലപ്പുറം പോലീസ് മേധാവിക്ക് കീഴിലുള്ള 'ഡാൻസാഫ് സംഘം' ഇവരിൽ നിന്ന് 18 ഗ്രാം എം.ഡി.എം.എ പിടികൂടിയതായും പറയുന്നു. പിടിയിലായ യുവാക്കളിൽ നാല് പേരെ പരസ്പരം വിലങ്ങണിയിച്ച നിലയിലും, താമിർ ജിഫ്രി എന്ന 30-കാരനെ വേറിട്ടും പുലർച്ചെ 1.40-ന് താനൂർ പോലീസ് സ്റ്റേഷനിലെത്തിക്കുന്നു. താമിർ ജിഫ്രിയെ സ്റ്റേഷനിലെ വിശ്രമ മുറിയിലെ കട്ടിലിൽ കിടത്തുന്നു. ഒരു കാറും ഇവരൊടൊപ്പം സ്റ്റേഷനിൽ എത്തിച്ചു. പ്രതികളെ എവിടെ നിന്നാണ് പിടികൂടിയതെന്ന് ഡാൻസാഫ് ടീം സ്റ്റേഷൻ എസ്.ഐയോട് വെളിപ്പെടുത്തിയില്ല. പിന്നീട് അഞ്ച് പ്രതികളേയും സ്റ്റേഷന് സമീപത്തെ, ആൾത്താമസമില്ലാത്ത ക്വാർട്ടേഴ്‌സിലേക്ക് മാറ്റുന്നു. ശേഷം പുലർച്ചെ 4.30-ന് താമിർ ജിഫ്രിഎന്ന യുവാവിന്റെ ജഡം സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുന്നു. 'ലോക്കപ്പിൽ വെച്ച് ഇയാൾക്ക് ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടായതായും, കുഴഞ്ഞ് വീണതായി കൂടെയുള്ളവർ അറിയിക്കുകയായിരുന്നുവെന്നുമാണ്' ആശുപത്രിയിൽ പോലീസ് അറിയിച്ചത്. തുടർന്ന് ഈ ആശുപത്രിയിൽ വെച്ച് ഇൻക്വസ്റ്റ് നടപടികളും പൂർത്തിയാക്കുന്നു.
താമിർജിഫ്രിയുടെ ജഡത്തിൽ മുഴുക്കെ പരിക്കുകളായിരുന്നു. പുറം ഭാഗത്ത് ക്ഷതവും, ഉള്ളം കാലിനടിയിൽ ലാത്തികൊണ്ട് അടിച്ച പാടുകളും വ്യക്തമായിരുന്നു. കാൽമുട്ടിനും, കൈ വിരലുകൾക്കും പരിക്കുണ്ടായിരുന്നു. ഇടുപ്പിലും കാൽപാദത്തിലും കണങ്കാലിലുമായി 21 മുറിവുകളുണ്ടായിരുന്നു. വിവരമറിഞ്ഞ് ആശുപത്രിക്ക് മുന്നിൽ ജനം തടിച്ച് കൂടി. യൂത്ത്‌ലീഗ് പ്രവർത്തകർ പ്രതിഷേധവുമായി നിലകൊണ്ടു. അസ്വാഭാവിക മരണം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി യും, നടപടി ക്രമങ്ങളിലെ വീഴ്ച സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി യും അന്വേഷണം നടത്തുമെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ദാസ് വ്യക്തമാക്കി. അഞ്ച് മണിക്കൂറിന് ശേഷമാണ് കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കളെ പോലീസ് വിവരമറിയിക്കുന്നത്. താനൂർ ദേവധാർ പാലത്തിന് അടിയിൽ വെച്ചാണ് താമിർ ജിഫ്രി ഉൾപ്പടെയുള്ള പ്രതികളെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് വിശദീകരിച്ചെങ്കിലും, ചേളാരിയിലെ ക്വാർട്ടേഴ്സിൽ നിന്നാണ് ഇവരെ ഡാൻസാഫ് ടീം പിടികൂടുന്നത്. ഇതിന് ദൃക്്‌സാക്ഷികളുമുണ്ട്. പുലർച്ചെ 4.30-ന് മരിച്ചയാളെ ഒന്നാം പ്രതിയാക്കി കാലത്ത് 7.30-ന് എഫ്.ഐ.ആറും രജിസ്റ്റർ ചെയ്തു.


വിചിത്ര നീക്കങ്ങൾ
താമിർ ജിഫ്രിയുടെ കസ്റ്റഡി മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടക്കുമെന്നും, പ്രതികൾ പിടികൂടപ്പെടുമെന്നുമായിരുന്നു പൊതുധാരണ. പക്ഷെ, കാര്യങ്ങൾ വിചിത്ര രീതിയിലാണ് മുന്നോട്ട് നീങ്ങിയത്. ഒപ്പം പോലീസ് സേനക്കുള്ളിൽനിന്ന് തന്നെ പല ചോദ്യങ്ങളും പുറത്ത് വന്ന് തുടങ്ങി. ചേളാരിയിൽ വെച്ച് എം.ഡി.എം.എ എന്ന രാസലഹരിയുമായി 12 യുവാക്കളെ ഡാൻസാഫ് സംഘം പിടികൂടിയിട്ട്, ചേളാരിയ്ക്കും, താനൂരുനുമിടയിലെ മൂന്ന് സ്റ്റേഷൻ പരിധികളും പിന്നിട്ട് ഇവരെ എന്തിനാണ് താനൂർ സ്റ്റേഷനിലെത്തിച്ചതെന്നാണ് മുഖ്യ ചോദ്യം. ആരുടേയോ പേര് പറഞ്ഞതിന് ശേഷമാണ് ഇരുമ്പ് പൈപ്പും, ലാത്തിയും ഉപയോഗിച്ച് താമിർ ജിഫ്രിയെ ക്രൂരമായി മർദ്ദിച്ചതെന്ന് മറ്റ് പ്രതികളും പറയുന്നു.  വെറും എം.ഡി.എം.എ കേസല്ല ഇതെന്നും, ഇതിന് പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ടെന്നും താനൂർ എസ്.ഐ കൃഷ്ണലാലും ചൂണ്ടിക്കാട്ടുന്നു. പിടികൂടിയ 12 പ്രതികളിൽ അഞ്ച് പേരുടെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയത്. താമിർ ജിഫ്രി കൊല്ലപ്പെട്ടതോടെ, മറ്റ് ഏഴ് പേരേയും വിട്ടയച്ചെങ്കിലും, ഈ ഏഴ് പേരും പിന്നീട് ഒരു ദിവസം മുഴുവൻ ഡാൻസാഫിന്റെ തന്നെ കസ്റ്റഡിയിൽ ആയിരുന്നു.


അനുനയ ശ്രമം
ഇതിനിടെ താമിർ ജിഫ്രിയുടെ കുടുംബം പോലീസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് വന്നു. താമിർ ജിഫ്രി മരണപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം തന്നെ, പോലീസ് തങ്ങളെ സ്വാധീനിക്കാൻ ശ്രമം നടത്തി വരികയായിരുന്നു. ഇടനിലക്കാർ മുഖേന മൂന്ന് തവണ ശ്രമം നടന്നു. കേസുമായി മുന്നോട്ട് പോവുകയാണെന്നും, കോംപ്രമൈസിന് തങ്ങൾ ഒരുക്കമല്ല എന്ന നിലപാട് അവരോട് കട്ടായം വ്യക്തമാക്കിയതായും താമിറിന്റെ സഹോദരൻ ഹാരിസ് ജിഫ്രി പറയുന്നു. പിന്നീട് ബന്ധുക്കളിൽ ചിലരെ സ്വാധീനിക്കാനായി പോലീസ് ശ്രമം. അതും നടന്നില്ല. സഹോദരൻ താമിർ ജിഫ്രി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ, അതിനുള്ള ശിക്ഷയ്ക്ക് അർഹനാണ്. പക്ഷെ, അതിക്രൂരമായാണ് പോലീസുകാർ അവനെ തല്ലിക്കൊന്നത്. സഹോദരന്റെ ശരീരത്തിലുണ്ടായിരുന്ന മർദ്ദനമേറ്റ അടയാളങ്ങളും, പാടുകളും, മുറിവുകളും ശ്രദ്ധയിൽ പെടാതിരിക്കാനായി, കൊല്ലപ്പെട്ട് മണിക്കൂറുകളോളം ബോഡി ഫ്രീസറിൽ വെക്കാതെയാണ് സൂക്ഷിച്ചത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഇതിനകം ഒരു പാട് പേരുടെ മൊഴി രേഖപ്പെടുത്തിയതായും ഹാരിസ് ജിഫ്രി വ്യക്തമാക്കി. മലപ്പുറം എസ്.പിയെ മാറ്റിനിർത്തി കേസ് അന്വേഷിക്കണമെന്ന് നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നൽകിയിരുന്നു. കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കാൻ എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്യുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, പോലീസിന് ആരേയും തല്ലിക്കൊല്ലാൻ അധികാരമില്ലെന്നും, കേസന്വേഷണം സി.ബി.ഐ യെ ഏൽപ്പിച്ച്  കൊണ്ടുള്ള വിജ്ഞാപനം ഉടൻ ഇറങ്ങുമെന്നും വ്യക്തമാക്കി. സർക്കാർ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, നടപടിക്രമങ്ങൾ പൂർത്തിയായിട്ടില്ല.


ഡോക്ടറുടെ  വെളിപ്പെടുത്തൽ
താനൂർ കസ്റ്റഡി മരണം നിലവിൽ ക്രൈംബ്രാഞ്ച് വിഭാഗമാണ് അന്വേഷിക്കുന്നത്. താമിറിന്റെ ജഡം പോസ്റ്റ്‌മോർട്ടം നടത്തിയത് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫോറൻസിക് സർജൻ ഡോ. ഹിതേഷ് ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. പോസ്റ്റ്മോർട്ടം കഴിഞ്ഞതിന്റെ രണ്ടാം ദിവസം റിപ്പോർട്ട് നൽകിയത്, പോലീസിനേറ്റ ഓർക്കാപ്പുറത്തുള്ള അടിയായിരുന്നു. താമിറിന്റെ ജഡം റീപോസ്റ്റ്‌മോർട്ടം നടത്തുമെന്ന് ഇതിനിടെ ചില മാധ്യമങ്ങളിൽ വാർത്ത വന്നു. എന്നാൽ റീപോസ്റ്റ്‌മോർട്ടം ആരും ആവശ്യപ്പെട്ടിട്ടില്ലായിരുന്നു. മനപ്പൂർവ്വം കേസ് അട്ടിമറി നടത്താനുള്ള പോലീസ് നീക്കത്തിന്റെ ഭാഗമായിരുന്നു ഈ പ്രചാരണം. മലപ്പുറം ജില്ലാ പോലീസ് മേധാവി, തന്നെ സമീപിച്ചിരുന്നതായും അദ്ദേഹം സംസാരിച്ച കാര്യങ്ങൾ പുറത്ത് പറയാനാകില്ലെന്നും വ്യക്തമാക്കിയ ഡോ. ഹിതേഷ് ശങ്കർ, താൻ തയ്യറാക്കിയ പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പൂർണ ബോധ്യമുണ്ടെന്നും വ്യക്തമാക്കി. തനിക്കെതിരെ പോലീസ് ഉന്നയിക്കുന്ന ആരോപണം അടിസ്ഥാന രഹിതമാണ്. സത്യസന്ധമായി ജോലി ചെയ്യാൻ പോലീസ് അനുവദിക്കില്ല എന്നാണോ എന്നും, അതോ തന്റെ വായ അടപ്പിക്കാനാണോ തന്റെ മേൽ ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. 


സയന്റിഫിക്ക് റിപ്പോർട്ട് വന്നാൽ മാത്രമേ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നൽകാവു എന്നില്ല. പോസ്റ്റ്‌മോർട്ടം പരിശോധന എന്നത് ശാസ്ത്രീയമാണ്. ഡോക്ടർക്ക് തോന്നിയ പോലെ എഴുതി ചേർക്കാൻ സാധിക്കുന്നതല്ല. ജഡത്തിലുള്ള പരിക്കുകൾ അന്വേഷണ ഉദ്യോഗസ്ഥനെ നേരിൽ കാണിച്ച് കൊടുത്തിരുന്നു. പോസ്റ്റ്മാർട്ടം നടപടികൾ എല്ലാം വീഡിയോയിൽ പകർത്തിയിട്ടുമുണ്ട്. ഈ റിപ്പോർട്ട് അവിശ്വസിക്കുമ്പോൾ താൻ നടത്തിയ 5000-ത്തിലധികം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ എന്ത് ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു. പ്രതിക്കനുസരിച്ച് റിപ്പോർട്ട് തയ്യാറാക്കുന്ന രീതി തനിക്കില്ലെന്നും, നിലവാരമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച്,  ഡോക്ടർമാരെ സമ്മർദ്ദത്തിലാക്കിയാൽ, എങ്ങനെയാണ് നീതി നടപ്പാക്കുകയെന്നും ചോദിക്കുന്നു. പോലീസ് പ്രതി ആയി വരുന്ന സന്ദർഭങ്ങളിൽ മാത്രമാണ് ഇത്തരം അവസ്ഥയുണ്ടാകുന്നത്. മറ്റ് മൂന്ന് ഡോക്ടർമാരും കൂടെ ചേർന്നാണ് പോസ്റ്റ്മാർട്ടം നടത്തിയത്. മറ്റ് വിവാദങ്ങളെല്ലാം അനാവശ്യമാണ്. താമിർ ജിഫ്രിയുടേത് മർദ്ദനമേറ്റത് കൊണ്ടുളള മരണമാണ്. 


എസ്.ഐ  കൃഷ്ണലാൽ
താമിർ ജിഫ്രി കസ്റ്റഡി കൊലപാതകത്തിൽ താനൂർ പ്രിൻസിപ്പൾ എസ്.ഐ കൃഷ്ണലാൽ ഉൾപ്പടെ എട്ട് പോലീസുകാരെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. മനോജ്, ശ്രീകുമാർ, ആശിഷ് സ്റ്റീഫൻ, ജിനേഷ്, അഭിമന്യൂ, വിപിൻ കൽപ്പകഞ്ചേരി, ആൽബിൻ അഗസ്റ്റിൻ എന്നിവർക്കാണ് സസ്‌പെൻഷൻ. തൃശൂർ റേഞ്ച് ഡി.ഐ.ജി യുടേതാണ് നടപടി. അതേസമയം, മനസ്സറിവില്ലാത്ത കാര്യത്തിൽ തന്റെ മേലുദ്യോഗസ്ഥർ തന്നെ ബലിയാടാക്കുകയാണെന്ന് വെളിപ്പെടുത്തി താനൂർ എസ്.ഐ കൃഷ്ണലാൽ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖം വൻ പൊട്ടിത്തെറിയ്ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. ചേളാരിയിൽനിന്ന് പിടിച്ച പ്രതികളെ താനൂരിലെത്തിച്ചത് ഉന്നത ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയാണ്. തന്റെ  മേലുദ്യോഗസ്ഥരുടെ അവിഹിത ഇടപാടുകൾക്ക് കൂട്ട് നിൽക്കാത്തതിന്റെ പേരിലുള്ള വൈരാഗ്യം തീർക്കാൻ ഈ കൊലക്കേസിൽ മനപ്പൂർവ്വം എന്നെ പ്രതിയാക്കിയിരിക്കുകയാണ്. ജീവിതവും കുടുംബവും തകർന്നു. അഥവാ താൻ കൊല്ലപ്പെട്ടാൽ, ഉത്തരവാദികൾ എന്റെ മേലുദ്യോഗസ്ഥരായിരിക്കുമെന്നും സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ കൃഷ്ണലാൽ തുറന്നടിച്ചു. ഡാൻസാഫ് ഉദ്യോഗസ്ഥർ മർദിച്ച് കൊലപ്പെടുത്തി കുറ്റം തന്റെ തലയിൽ കെട്ടി വെക്കുകയാണ്. 

 

താൻ കൊല്ലപ്പെട്ടാൽ ഉത്തരവാദി മേലുദ്യോഗസ്ഥരെന്ന് താനൂർ എസ്.ഐ കൃഷ്ണലാൽ


എം.ഡി.എം.എ കേസ് ഡാൻസാഫ് സംഘം പിടിച്ചാൽ ഉടൻ എസ്.ഐ യെ വിളിച്ചറിയിക്കണമെന്നാണ് നിയമം. എസ്.ഐക്കോ, മുകളിലുള്ളവർക്കോ മാത്രമേ അത് പിടികൂടാനുള്ള അധികാരമുള്ളൂ. തന്റെ സാന്നിദ്ധ്യത്തിലല്ല താമിർ ഉൾപ്പടെയുള്ള സംഘത്തെ ഡാൻസാഫ് ടീം കസ്റ്റഡിയിലെടുത്തത്. അങ്ങനെയാണ് ചെയ്യേണ്ടത്. പിടിച്ച് വയ്ക്കാനേ അവർക്ക് അധികാരമുള്ളൂ. എം.ഡി.എം.എ പിടികൂടിയ കാര്യം തനിയ്ക്കറിയില്ലായിരുന്നു. പ്രതികൾ 12 പേരുണ്ടെന്നാണ് ഡിവൈ.എസ്.പി ബെന്നി സാർ വിളിച്ചു പറഞ്ഞത്. അത്രയും പോലീസുകാർ സ്റ്റേഷനിൽ ഇല്ലെന്നും, ഈ രാത്രി 12 പേരെ കൊണ്ട് വന്നാൽ നേരം വെളുത്താലും നമ്മുടെ സമാധാനം  തീരില്ല, കൈവിട്ട് പോവുമെന്നും ഞാൻ പറഞ്ഞു. തുടർന്ന് സ്റ്റേഷൻ ഐ.പി ജീവൻ ജോർജ് സാർ ബെന്നിസാറിനെ വിളിച്ച് അഞ്ച് പേരായി ചുരുക്കി. തുടർന്ന് അഞ്ച് പേരെ സ്റ്റേഷനിലേക്ക് അയക്കുന്നതായി ഡിവൈ.എസ്.പി ബെന്നി സാർ അറിയിച്ചു. അങ്ങനെ പ്രതികളുടെ എണ്ണം അഞ്ചായി.


പുലർച്ചെ 1.40-ന് അഞ്ച് പ്രതികളേയും ഒരു കാറും സ്റ്റേഷനിലെത്തിച്ചു. എവിടെ നിന്നാണ് ഇവരെ പിടി കൂടിയതെന്ന് ഡാൻസാഫ് ടീം പറഞ്ഞില്ല. പെട്ടെന്ന് എഫ്.ഐ.ആർ ഇടേണ്ടതിനാൽ വൈദ്യ പരിശോധന നടത്തിയതുമില്ല. ഡാൻസാഫുകാർ പിടികൂടുന്നവരെ ക്വാർട്ടേഴ്സിൽ കൊണ്ട് വരാറുണ്ട്. സർക്കാർ ഭൂമിയിലുള്ള പോലിസിന്റെ കെട്ടിടമാണിത്. കുടുംബങ്ങൾക്ക് താമസിക്കാൻ കൊടുക്കാറില്ല. ഡാൻസാഫ് ടീമിനാണ് ആ കെട്ടിടം കൊടുത്തിരിക്കുന്നത്. അവരാണവിടെ താമസിക്കുന്നതും.! അവരുടെ താമസം നിയമപരമാണോ എന്നൊന്നും അറിയില്ല. ഡാൻസാഫിലെ ആൽബിൻ എന്ന ഉദ്യോഗസ്ഥൻ സ്ഥിരമായി അവിടെ താമസിക്കുന്നുണ്ട്. പോലീസ് പിടികൂടുന്ന ഒരുപാട് വണ്ടികളും അവിടെ കൊണ്ടിട്ടിട്ടുണ്ട്. ക്വാർട്ടേഴ്‌സിന് അകത്ത് വെച്ച് ആരെയെങ്കിലും മർദ്ദിച്ചാൽ പുറത്താരും അറിയുകയുമില്ല. ജീവൻജോർജ്ജ് ക്വാട്ടേഴ്സിൽ പോയി പ്രതികളെ കണ്ടിരുന്നു. ഒരു ഓഫീസർ ക്വാർട്ടേഴ്‌സിൽ വന്ന് കണ്ടുവെന്ന് താമിർ ജിഫ്രിക്കൊപ്പമുള്ള മറ്റ് പ്രതികൾ മൊഴി നൽകിയത് ഇദ്ദേഹത്തെക്കുറിച്ചാണ്. ഫോറൻസിക് പരിശോധനയിൽ രക്തക്കറ കണ്ടതിനെ തുടർന്ന് ഈ ക്വാർട്ടേഴ്സ് സീൽ ചെയ്തിരിക്കുകയാണിപ്പോൾ. ഇത് വെറും എം.ഡി.എം.എ കേസല്ല. ഇതിന് പന്നിൽ മറ്റ് പലതുമുണ്ട്. താമിർ ജിഫ്രി അടക്കമുള്ള 12 അംഗ സംഘത്തെ പിടികൂടിയതും, മർദിച്ചതും എസ്.പി യുടെ കീഴിലുള്ള ഡാൻസാഫ് ടീം ആണ്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് അവർക്ക് നിയമപരമായ അധികാരം ഇല്ലാത്തതിനാൽ, തന്നെ ബോധപൂർവ്വം അവർ കുരുക്കുകയായിരുന്നു.
പൊതുവേ ഡാൻസാഫ് ടീമുകാരുടെ നടപടി ക്രമങ്ങൾ പുറത്തറിയിക്കാറില്ല. പ്രതികളെ എവിടെനിന്ന് പിടിച്ചുവെന്ന് പറയാറില്ല. ചോദിക്കാറുമില്ല. സ്റ്റേഷൻ ലിമിറ്റിൽനിന്ന് പിടിക്കുന്നു എന്നാണ് വിശ്വാസം. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലെന്ന് പറഞ്ഞ് നമ്മൾ കേസെടുക്കും. ഡാൻസാഫ് ടീമിനെ കോടതിയിൽ സാക്ഷിയാക്കിയാൽ കേസ് പൊളിയും എന്നത് കൊണ്ട് ഡാൻസാഫുകാരുടെ പേര് കാണിക്കാറില്ല. അഥവാ അവരുടെ പേര് കാണിച്ചാൽ എസ്.പി നമ്മളെ വഴക്ക് പറയുമെന്നും കൃഷ്ണലാൽ വെളിപ്പെടുത്തി. ഇതെല്ലാം വെളിപ്പെടുത്തുന്നതോടെ തന്റെ ജീവൻ തന്നെ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും കൃഷ്ണലാൽ ആശങ്ക പ്രകടിപ്പിച്ചു.  


ഫോൺ  സംഭാഷണങ്ങൾ
താനൂർ എസ്.ഐ കൃഷ്ണലാൽ തന്റെ മേലുദ്യോഗസ്ഥർക്കെതിരെ സ്വകാര്യ ചാനലിൽ വെളിപ്പെടുത്തലുകൾ നടത്തിയതിന് പിറകെ, ആ വെളിപ്പെടുത്തലുകൾ സാധൂകരിക്കുന്ന വിവിധ ഫോൺ സംഭാഷണങ്ങളും ചാനൽ പുറത്ത് വിട്ടിരുന്നു. കൃഷ്ണലാലിന് സസ്‌പെൻഷൻ ഓർഡർ നൽകിയ ഉടൻ, എന്റെ പേര് പറയരുതെന്ന് താനൂർ എസ്.എച്ച്.ഒ ഷെഹൻഷാ ഐ.പി.എസ് ആവശ്യപ്പെട്ടതായും, അദ്ദേഹം തനിയ്ക്ക് പണം വാഗ്ദാനം ചെയ്തുവെന്നും, താനത് നിരസിച്ചതായും കൃഷ്ണലാൽ പറയുന്നു. നമ്മൾ തമ്മിൽ സംസാരിച്ചത് വല്ലതും തന്റെ ഫോണിലുണ്ടോ എന്നദ്ദേഹം ചോദിച്ചു. തുടർന്ന് തന്ത്രപരമായി അദ്ദേഹം ഫോൺ വാങ്ങിച്ച് പുറത്തേയ്ക്ക് കൊണ്ട് പോയതായും, ഫോണിലുള്ള  തെളിവ് നശിപ്പിച്ചതായും കൃഷ്ണലാൽ പറയുന്നു. ഓഗസ്റ്റ് രണ്ടിന് ഉച്ചയോടെയാണ് എസ്.എച്ച്.ഒ ഫോൺ വാങ്ങിച്ചതെന്നും, ഫോൺ കൊണ്ട് പോയത് സി.സി.ടി.വി ക്യാമറയിൽ ഉണ്ടെന്നും  കൃഷ്ണലാൽ വ്യക്തമാക്കി. ഡിവൈ.എസ്.പി ബെന്നി, സി.ഐ ജീവൻജോർജ്ജ്, ഡാൻസാഫ് ടീം തുടങ്ങിയവർ താനുമായി നടത്തിയ എല്ലാ കാളുകളും ഡിലീറ്റ് ആക്കി. കാളുകൾ ഡിലീറ്റ് ചെയ്തതോടെ സംഭാഷണങ്ങളുടെ എല്ലാ റെക്കോർഡിംഗും നഷ്ടമായി. ഫോണിലെ കാൾ റെക്കോർഡിംഗ് ആപ്പും, റെക്കോർഡ് ചെയ്ത കാളുകളുടെ ഫയലുകളുമെല്ലാം എസ്.എച്ച്.ഒ ഷെഹൻഷാ ഐ.പി.എസ് ഡിലീറ്റ് ചെയ്തതായി  കൃഷ്ണലാൽ പറയുന്നു. 


ജോലി നഷ്ടപ്പെടും എന്ന് മാത്രമല്ല, കൊലക്കേസ് പ്രതിയായി നിയമ നടപടികളെ നേരിടേണ്ടി വരുമെന്ന ഘട്ടത്തിലെത്തിയപ്പോഴാണ് മറ്റ് വഴികളില്ലാതെ കൃഷ്ണലാൽ ചാനൽ സ്റ്റുഡിയോവിലെത്തിയതും. ഇതോടെ, കൃഷ്ണലാലിനെതിരെ വകുപ്പുതല നടപടിയുമുണ്ടായി. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് ചാനലിന് അഭിമുഖം നൽകിയത് പോലീസ് സേനയ്ക്ക് അഭിമാനക്ഷതമുണ്ടാക്കി എന്ന കാരണത്താൽ തൃശൂർ ഡി.ഐ.ജി അജിതാ ബീഗമാണ് കൃഷ്ണലാലിനെതിരെ നടപടി എടുത്തത്. 


ശക്തിപ്പെടുന്ന ജനരോഷം
പോസ്റ്റുമോർട്ടം റിപ്പോർട്ട് തിരുത്താൻ പോലീസ് മേധാവി നടത്തിയ ഇടപെടൽ, പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ തന്നെ തുറന്ന് പറഞ്ഞു. സംഭവത്തിലെ പിന്നാമ്പുറ സത്യങ്ങൾ താനൂർ എസ്.ഐ കൃഷ്ണലാൽ പരസ്യമായി വ്യക്തമാക്കി. താമിറിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന്, അയാൾക്കൊപ്പം പിടിയിലായ ദൃക്‌സാക്ഷികളും പറയുന്നു. എന്നിട്ടും എന്ത് കൊണ്ടാണ് ഈ കേസിൽ നടപടി വൈകുന്നത്.? കേസിൽ പ്രതികളായ ഉന്നത ഉദ്യോഗസ്ഥർ തൽസ്ഥാനത്ത് തുടരുമ്പോൾ നീതിപൂർവ്വമായ  അന്വേഷണം ഒരിക്കലും ഉണ്ടാകില്ല. യഥാർത്ഥ കുറ്റക്കാരെ സർവ്വീസിൽ നിന്ന് മാറ്റിനിർത്തണം. സർക്കാർ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, അതിനേക്കാൾ ഉപരി ജുഡീഷ്യൽ അന്വേഷണമാണ് നടത്തേണ്ടതെന്ന് നാട്ടുകാർ രൂപം നൽകിയ ആക്ഷൻ കൗൺസിൽ ആവശ്യപ്പെടുന്നു. സി.ബി.ഐ അന്വേഷണം കാല താമസമെടുക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

Latest News