അബുദാബി- മധ്യവേനല്‍ അവധിക്കുശേഷം യു.എ.ഇയില്‍ നാളെ സ്‌കൂളുകള്‍ തുറക്കുന്നു. വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ സ്‌കൂളുകള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. പട്രോളിങ് അടക്കമുള്ള സുരക്ഷാ നടപടികള്‍ ശക്തമാക്കി പോലീസും രംഗത്തുണ്ട്.
പ്രാദേശിക, വിദേശ സിലബസ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ പുതിയ അധ്യയന വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ ഏപ്രിലില്‍ അധ്യയനം ആരംഭിച്ച ഇന്ത്യന്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ രണ്ടാം പാദ പഠനച്ചൂടിലേക്കു തിരിച്ചെത്തും. നാളെ കെ.ജിയില്‍ പഠിക്കുന്ന മക്കളെ സ്‌കൂളിലേക്കു അനുഗമിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 3 മണിക്കൂര്‍ ഇടവേള നല്‍കിയിട്ടുണ്ട്.
സ്‌കൂള്‍ തുറക്കുന്ന ആദ്യ ആഴ്ചകളില്‍ ഇഷ്ടമുള്ള ജോലി സമയം തിരഞ്ഞെടുക്കാമെന്നതും രക്ഷിതാക്കള്‍ക്ക് ആശ്വാസം പകരും. എ ഡേ വിത്തൗട്ട് ആക്‌സിഡന്റ് എന്ന പ്രമേയത്തില്‍ അപകടമുണ്ടാക്കാത്ത ഡ്രൈവര്‍ക്ക് 4 ബ്ലാക്ക് പോയിന്റ് കുറച്ചുകിട്ടും.
വിദ്യാര്‍ഥികളെ കയറ്റുമ്പോഴും ഇറക്കുമ്പോഴും സ്റ്റോപ് ബോര്‍ഡ് ഇടണമെന്ന് ബസ് ഡ്രൈവര്‍മാരെയും നിര്‍ത്തിയിട്ട സ്‌കൂള്‍ ബസ്സിനെ മറികടന്ന് പിഴ ചോദിച്ചു വാങ്ങരുതെന്ന് മറ്റു ഡ്രൈവര്‍മാരോടും പോലീസ് ഓര്‍മിപ്പിച്ചു.