തിരുവനന്തപുരം - ആര്യനാട് പുതുക്കുളങ്ങരയിൽ ഫിസിയോ തെറാപ്പിസ്റ്റായ യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വിതുര മരുതാമല സ്വദേശിനിയായ ബെൻസി ഷാജി(26)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 11-ഓടെയാണ് സംഭവം.
ബെൻസിയും ഭാർത്താവ് ജോബിനും നാലുമാസം മുമ്പാണ് ആര്യനാട് പുതുക്കുളങ്ങരയിൽ വാടകക്ക് വീടെടുത്ത് താമസം തുടങ്ങിയത്. ഇവർ മാത്രമാണ് വീട്ടിലുള്ളത്. ബെൻസി ഫിസിയോ തെറാപ്പിസ്റ്റും ജോബിൻ കൊറിയർ സർവ്വീസ് ജീവനക്കാരനുമാണ്. ജോബിൻ രാവിലെ 11-ഓടെ വീട്ടിലെത്തുകയായിരുന്നു. ഏറെ നേരം വിളിച്ചിട്ടും വാതിൽ തുറന്നില്ല. തുടർന്ന് അയൽവാസികളെ വിവരമറിയിച്ച് ജോബിൻ വാതിൽ ചവിട്ടിത്തുറക്കുകയായിരുന്നു. മുറിയിൽ ബെൻസിയെ തൂങ്ങിയ നിലയിലാണ് കണ്ടത്. തുടർന്ന് ഉടനെ ആര്യനാട് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് സ്ഥലത്ത് എത്തിയ പോലീസ് പ്രതികരിച്ചു. തിരുവനന്തപുരം നെടുമങ്ങാട്ട് ഇന്ന് പുലർച്ചെ ഒരു നവവധുവിനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിരുന്നു.