ന്യൂദല്‍ഹി - സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകന്‍ ലിജീഷ് മുല്ലേഴത്ത് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ചലച്ചിത്ര അക്കാദമിയും, ചെയര്‍മാന്‍ രഞ്ജിത്തും തടസ്സ ഹര്‍ജി ഫയല്‍ ചെയ്തു. തങ്ങളുടെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ടാണ് തടസ്സഹര്‍ജി. ആകാശത്തിന് താഴെ എന്ന സിനിമയുടെ സംവിധായകനായ ലിജീഷ് മുല്ലേഴത്താണ് പുരസ്‌കാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. അവാര്‍ഡ് നിര്‍ണ്ണയത്തില്‍ പക്ഷഭേദമുണ്ടെന്നും അവാര്‍ഡുകള്‍ റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ലിജീഷിന്റെ ഹര്‍ജി തിങ്കഴാഴ്ച ജസ്റ്റിസുമാരായ എംഎം സുന്ദരേഷ്, ജെബി പാര്‍ഡിവാല എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് അക്കാദമിയും രഞ്ജിത്തും തടസ്സ ഹര്‍ജി ഫയല്‍ ചെയ്തത്. അഭിഭാഷക കെ. അശ്വതിയാണ് തടസ്സ ഹര്‍ജി ഫയല്‍ ചെയ്തത്.
ജൂറി അംഗങ്ങള്‍ തന്നെ പുരസ്‌കാര നിര്‍ണയത്തിലെ ഇടപെടലുകള്‍ സംബന്ധിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ടെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. സ്വജനപക്ഷപാതവും ക്രമരഹിതമായ ഇടപെടലും അവാര്‍ഡ് നിര്‍ണയത്തില്‍ അക്കാദമി ചെയര്‍മാന്റെ ഭാഗത്ത് നിന്നും ഉണ്ടായതായും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.