തിരുവനന്തപുരം- സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം നഗരസഭ വാങ്ങിയ 60 ഇലക്ട്രിക് ബസ്സുകള്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് കൈമാറി. ചാല ഗവ. ബോയ്‌സ് സ്‌കൂളില്‍ നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന് താക്കോല്‍ കൈമാറിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. തുടര്‍ന്ന് ചാല മുതല്‍ സെക്രട്ടറിയേറ്റ് വരെ മുഖ്യമന്ത്രിയും മന്ത്രിമാരും ഇലക്ട്രിക് ബസില്‍ യാത്ര ചെയ്തു. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
തിരുവനന്തപുരം നഗരസഭയുടെ സ്മാര്‍ട്സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 113 ഇലക്ട്രിക് ബസുകള്‍ സിറ്റി സര്‍വീസിനായി കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിന് കൈമാറുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ആദ്യ ഘട്ടമായി 60 ഇ-ബസുകള്‍ തിരുവനന്തപുരം ചാല ഗവ. മോഡല്‍ ബോയ്സ് സ്‌കൂള്‍ മൈതാനത്തു മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു.
ആകെ വാങ്ങുന്ന 113 ഹരിത ബസുകള്‍ തിരുവനന്തപുരം നഗരത്തില്‍ ഓടാന്‍ തുടങ്ങുന്നതോടെ സിറ്റി സര്‍ക്കുലര്‍ സര്‍വീസ് പൂര്‍ണമായും പരിസ്ഥിതി സൗഹൃദമാകും. 1135 കോടി രൂപയുടെ സ്മാര്‍ട്ട്‌സിറ്റി പദ്ധതിയില്‍ 500 കോടി വീതം കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളും 135 കോടി തിരുവനന്തപുരം കോര്‍പ്പറേഷനും ആണ് വഹിക്കുന്നത്. 104 കോടി രൂപ ചെലവിലാണ് ഇ-ബസുകള്‍ വാങ്ങുന്നത്. നിലവില്‍ 50 ഇ-ബസുകള്‍ തിരുവനന്തപുരത്ത് സിറ്റി സര്‍വീസായി ഓടുന്നുണ്ട്. എല്ലാ ബസും എത്തുന്നതോടെ തലസ്ഥാന നഗരിയിലെ മൊത്തം കെ.എസ്.ആര്‍.ടി.സി ഇ-ബസുകളുടെ എണ്ണം 163 ആകും.
കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ആദ്യമായി നിരത്തിലിറക്കുന്ന ആധുനിക ശ്രേണിയിലുള്ള സീറ്റര്‍ കം സ്ലീപ്പര്‍ ഹൈബ്രിഡ് ഹൈടെക് ബസുകളുടെ ഫ്‌ളാഗ് ഓഫും മുഖ്യമന്ത്രി നിര്‍വഹിച്ചു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും പുതിയ ഇ - ബസ്സില്‍ സെക്രട്ടറിയേറ്റ് വരെ യാത്ര ചെയ്തു. മന്ത്രിമാരായ എം. ബി. രാജേഷ്, കെ. എന്‍. ബാലഗോപാല്‍, വി. ശിവന്‍കുട്ടി,ജി.ആര്‍ അനില്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, കെ.എസ്.ആര്‍.ടി.സി സി.എം.ഡി ബിജു പ്രഭാകര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി ശര്‍മിള മേരി ജോസഫ്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ഉദ്ഘാടക ചടങ്ങുകളില്‍ പങ്കെടുത്തു.