Sorry, you need to enable JavaScript to visit this website.

ഇടുക്കി ജലനിരപ്പ് കുതിക്കുന്നു:  നിറയാൻ 14.5 അടി കൂടി മാത്രം

ഇടുക്കി- ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2386.54 അടിയായി. സംഭരണ ശേഷിയുടെ  81.113 ശതമാനമാണിത്. മുൻവർഷം ഇതേ സമയത്തേക്കാൾ 67 അടി കൂടുതലാണ്.  മുല്ലപ്പെരിയാർ ജലനിരപ്പ് ഇന്ന് സുപ്രീം കോടതി വിധിക്ക് മുമ്പുളള അനുവദനീയ ജലനിരപ്പായിരുന്ന 136 അടിയിലെത്തും. ഇതോടെ പെരിയാർ തടങ്ങളിൽ ഉറക്കമില്ലാത്ത രാത്രികൾ തുടങ്ങി. 
ഇനി 14.5 അടി വെള്ളം കൂടി ഉയർന്നാൽ ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വരും. ജൂലൈ മാസത്തിൽ ഇതുവരെ സംഭരണിയിൽ കൂടിയത് 34 ശതമാനം വെള്ളമാണ്. 2190 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം സംഭരണിയിൽ ശേഖരിക്കാനാകും. നിലവിൽ ഇത് 1777.865 ദശലക്ഷം യൂനിറ്റിൽ എത്തി. 2403 അടിയാണ് പരമാവധി സംഭരണ ശേഷിയെങ്കിലും 2401 അടി എത്തുമ്പോൾ ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറക്കും. ഇതിന് മുമ്പ് രണ്ടു വട്ടമാണ് ഷട്ടർ തുറന്നത്. ഉത്പാദനം കൂട്ടി ഷട്ടർ തുറക്കാനുള്ള സാഹചര്യം ഒഴിവാക്കാൻ കെ. എസ് .ഇ. ബി ശ്രമം ശക്തമാണ്. 33.808 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം ഒഴുകിയെത്തിയപ്പോൾ 8.802 ആയിരുന്നു ഇന്നലെ മൂലമറ്റം പവർ ഹൗസിൽ ഉത്പാദിപ്പിച്ചത്.
ഇടുക്കിക്കൊപ്പം മറ്റ് സംഭരണികളും നിറയുകയാണ്. മൊത്തം സംഭരണികളിലെ ജലശേഖരം ശേഷിയുടെ  83 ശതമാനമായിക്കഴിഞ്ഞു. പമ്പ, ഷോളയാർ, ഇടമലയാർ, മാട്ടുപ്പെട്ടി സംഭരണികളും മഴ തുടർന്നാൽ ആഴ്ചകൾക്കുള്ളിൽ തുറക്കേണ്ടി വരുമെന്നാണ് വിലയിരുത്തുന്നത്. ഗ്രൂപ്പ് ബിയിലും സിയിലുംപെട്ട ആനയിറങ്കൽ ഒഴികെയുള്ള സംഭരണികളെല്ലാം തന്നെ രണ്ടാഴ്ചയിലധികമായി നിറഞ്ഞിരിക്കയാണ്. 
62.1257 ദശലക്ഷം യൂനിറ്റ് വൈദ്യുതി സംസ്ഥാനത്താകെ ഉപയോഗിച്ചപ്പോൾ ആഭ്യന്തര ഉത്പാദനം 32.812 ദശലക്ഷം യൂനിറ്റ് ആയിരുന്നു.  29.313 ദശലക്ഷം യൂനിറ്റ് കേന്ദ്ര വിഹിതവും പുറമെ നിന്നുള്ള കരാർ വൈദ്യുതിയുമാണ്.
ഇന്നലെ രാവിലെ 8.30 ന് അവസാനിച്ച 24 മണിക്കൂറിനിടെ ഏറ്റവും അധികം മഴ ലഭിച്ചത് എറണാകുളം ജില്ലയിലെ പിറവത്താണ് 9.25 സെ.മീ. തൊട്ടുപിന്നിലായി ഇടുക്കി അണക്കെട്ട് ഉൾക്കൊള്ളുന്ന മേഖലയാണ് -ഒമ്പത് സെ.മീ. 
135.2 അടിയാണ് ഇന്നലെ വൈകിട്ടത്തെ മുല്ലപ്പെരിയാർ  ജലനിരപ്പ്. സെക്കന്റിൽ 1983.47 ഘനയടി വെളളം ഡാമിലേക്ക് ഒഴുകിയെത്തുമ്പോൾ 2000 ഘനയടി തമിഴ്‌നാട് കൊണ്ടുപോകുന്നു. പദ്ധതി പ്രദേശത്ത് 15.4 മി.മീയും തേക്കടിയിൽ 11 മി. മീയും മഴ രേഖപ്പെടുത്തി. സുപ്രീം കോടതി വിധിക്ക് മുമ്പു വരെ 136 അടി ജലനിരപ്പെത്തുമ്പോൾ പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിക്കുകയും കൺട്രോൾ റൂം തുറക്കുകയും ചെയ്യുമായിരുന്നു. 123 വർഷം പഴക്കമുളള അണക്കെട്ടിന്റെ പേരിൽ പെരിയാർ തീരവാസികൾക്ക് ആശങ്ക തുടരുകയാണെങ്കിലും സുപ്രീം കോടതി വിധിയുടെ പേരിൽ അനങ്ങാതിരിക്കുകയാണ് ബന്ധപ്പെട്ടവർ. കോടതി വിധി അനുസരിച്ച് 142 അടിയെത്തിയാൽ ഷട്ടർ തുറന്ന് വെളളം പെരിയാറിലൂടെ ഇടുക്കി ഡാമിലെത്തും. 
 

Latest News