തിരുവനന്തപുരം - നെടുമങ്ങാട്ട് നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൂളിലവിൻമൂട് സ്വദേശി അക്ഷയ് രാജിന്റെ ഭാര്യ രേഷ്മ(23)യെയാണ് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
ഇന്ന് പുലർച്ചെ മൂന്നോടെ രേഷ്മ ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. സംഭവ സമയത്ത് രേഷ്മയുടെ ഭർത്താവ് അക്ഷയ് രാജ് വീട്ടിലുണ്ടായിരുന്നില്ല. പോലീസ് വീട്ടിലെത്തി പരിശോധന നടത്തി, കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചതായി അരുവിക്കര പോലീസ് പ്രതികരിച്ചു. ജൂൺ 12-നാണ് അക്ഷയും രേഷ്മയും തമ്മിൽ വിവാഹിതരായത്. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടോ എന്ന സംശയം വധുവിനുണ്ടായിരുന്നുവെന്നും ഇതിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് ഇടയാക്കിയതെന്നും ആരോപണമുണ്ട്.