തിരുവനന്തപുരം - ഓണം കൺമുമ്പിലെത്തിയിട്ടും ഓണക്കിറ്റ് വിതരണത്തിൽ പുലിവാൽ പിടിച്ച് സർക്കാർ. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം സംസ്ഥാനത്ത് ഇത്തവണ എല്ലാ വിഭാഗങ്ങൾക്കും ഓണക്കിറ്റ് നൽകാനാവില്ലെന്ന് സർക്കാർ നേരത്തെ അറിയിച്ചെങ്കിലും കിട്ടുമെന്ന് പറഞ്ഞവർക്കുപോലും വിതരണത്തിന്റെ നാലയലത്ത് കിറ്റെത്തിക്കാൻ ഇതുവരെയും അധികൃതർക്കായിട്ടില്ല.
സംസ്ഥാനത്ത് ഇതുവരെ 10 ശതമാനം പേർക്കാണ് കിറ്റ് വിതരണം പൂർത്തിയായതെന്നാണ് ഏറ്റവും ഒടുവിൽ ലഭിച്ച കണക്ക്. ശനിയാഴ്ച രാത്രി പത്ത് മണി വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്താകെ 5,87,691 മഞ്ഞക്കാർഡ് ഉപഭോക്താക്കൾക്ക് കിറ്റ് നൽകേണ്ട സ്ഥാനത്ത്, വെറും 62,231 കിറ്റുകൾ മാത്രാണ് വിതരണം ചെയ്യാനായതെന്നാണ് പറയുന്നത്. ബാക്കിയുള്ളവർക്ക് ഇന്ന് ഉച്ചയ്ക്കു മുമ്പ് തന്നെ കിറ്റ് റേഷൻ കടകളിൽ എത്തിക്കാനുള്ള തകൃതിയായ നീക്കങ്ങളാണ് ഭക്ഷ്യ സിവിൽ സപ്ലൈസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടക്കുന്നത്. എന്നാൽ ഇത് എത്ര കണ്ട് പാലിക്കാനാവുമെന്ന ആധിയിലാണ് പലരും.
ഇന്നലെ ഉച്ചയോടെ മുഴുവൻ കിറ്റുകളും റേഷൻ കടകളിൽ എത്തിക്കുമെന്നായിരുന്നു നേരത്തെ സർക്കാർ പ്രഖ്യാപിച്ചതെങ്കിലും പായസം മിക്‌സും കറിപൊടികളും എത്താത്തത് പ്രതിസന്ധി സൃഷ്ടിച്ചു. മിൽമയുടെ പായസം മിക്‌സും റെയ്ഡ്‌കോയുടെ കറി പൊടികളും ഇനിയും കിട്ടാത്ത സ്ഥലങ്ങളിൽ മറ്റ് കമ്പനികളുടേത് വാങ്ങി പാക്കിംഗ് പൂർത്തിയാക്കാനാണ് നിർദേശം. എന്തായാലും ഇന്നും നാളെയുമായി കിറ്റ് വിതരണം പൂർത്തിയാക്കുമെന്നാണ് സർക്കാർ ഉറപ്പ്. ഓണക്കിറ്റിനായി നിരവധി അന്വേഷണങ്ങൾ വരുന്നുണ്ടെന്നും കിറ്റ് എപ്പോൾ എത്തിയാലും നേരവും സമയവും നോക്കാതെ അവകാശികൾക്ക് കൈമാറാൻ ഞങ്ങൾ കാത്തിരിക്കുകയാണെന്ന് റേഷൻ കടക്കാർ പ്രതികരിച്ചു.
നിത്യോപയോഗ വസ്തുക്കളുടെ കടുത്ത വിലക്കയറ്റത്തിനിടെ കിറ്റ് കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണ്. കിറ്റ് ലഭിക്കാത്ത കുടുംബങ്ങളെല്ലാം തൊട്ടാൽ പൊള്ളുന്ന വലിയ വില കൊടുത്താണ് മാർക്കറ്റിൽനിന്ന് സാധനങ്ങൾ ലഭ്യമാക്കുന്നത്.