ദമാം - ഇന്ത്യയിൽ പടർന്നു കൊണ്ടിരിക്കുന്ന ഇസ്‌ലാമോഫോബിയ തീവ്ര വംശീയതയുടെ രൂപം പ്രാപിച്ചിരിക്കുകയാണെന്ന് പ്രവാസി വെൽഫയർ ഈസ്‌റ്റേൺ പ്രൊവിൻസ് കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇത് സമൂഹത്തിലേക്ക് വലിയ തോതിൽ വ്യാപിച്ചതിന്റെ ഉദാഹരണമാണ് യു.പി മുസഫർ നഗറിൽ നേഹ പബ്ലിക് സ്‌കൂളിൽ തൃപ്ത ത്യാഗി എന്ന അധ്യാപിക തന്റെ ക്ലാസിലെ മുസ്‌ലിം വിദ്യാർഥിയെ തിരഞ്ഞു പിടിച്ച് വംശീയ അതിക്രമങ്ങൾക്ക് വിധേയമാക്കിയ സംഭവം. ഇത് അങ്ങേയറ്റം നിന്ദ്യവും ഭീകരവുമാണ്.
തൃപ്ത ത്യാഗി എന്ന വ്യക്തിയുടെ വംശവെറിയുടെയോ വൈകല്യത്തിന്റെയോ മാത്രം പ്രശ്‌നമല്ല ഇത്. രാജ്യത്ത് ധർമ സൻസദിലൂടെയും വിദ്വേഷ പ്രസംഗങ്ങളിലൂടെയും ആഘോഷ അവസരങ്ങളെ പോലും മുസ്‌ലിം വിരുദ്ധ യുദ്ധ പ്രഖ്യാപനത്തിനായുള്ള അവസരമാക്കി മാറ്റുന്ന ഹിന്ദുത്വ സംഘടനകളുടെ ആക്രോശങ്ങളിലൂടെയും ഇസ്‌ലാമോഫോബിയ ഇന്ധനമാക്കി വ്യൂവർഷിപ് മത്സരം നടത്തുന്ന മാധ്യമങ്ങളുടെ നിലപാടുകളിലൂടെയും ശക്തമായ നടപടികൾ എടുക്കുന്നതിൽ തുടർച്ചയായി പരാജയപ്പെടുന്ന നിയമ നീതിന്യായ സംവിധാനങ്ങളുടെ നിഷ്‌ക്രിയത്വത്തിലൂടെയും ശക്തിപ്പെട്ടു വന്ന അന്തരീക്ഷമാണിത്.
തൃപ്ത ത്യാഗിയെ അറസ്റ്റ് ചെയ്യണം. ശക്തമായ നിയമ നടപടികൾ കൈക്കൊള്ളണം. ഇസ്‌ലാമോഫോബിയയെ കുറ്റകൃത്യമായി പ്രഖ്യാപിക്കുകയും മുസ്‌ലിം സമൂഹത്തിന് സവിശേഷ നിയമ പരിരക്ഷ ഉറപ്പ് വരുത്തുകയും വേണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.