തിരുവനന്തപുരം- നിയമസഭയിലെ തികയാതെ പോയ ഓണസദ്യയുടെ പേരില്‍ സി.പി.എമ്മിലും വിവാദം. കാട്ടാക്കട മുതിയാവിള കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കേറ്ററിങ് സ്ഥാപനത്തിന് ഓണസദ്യയുടെ കരാര്‍ നല്‍കിയത് എങ്ങനെയെന്നാണ് സി.പി.എമ്മിലെ ചര്‍ച്ച. കാട്ടാക്കടയില്‍ സി.പി.എമ്മുമായി ബന്ധമുള്ളവര്‍ നടത്തുന്ന പ്രമുഖ ഹോട്ടല്‍ ശൃംഖലക്ക് ലഭിക്കാത്ത കരാറാണ് വിരുദ്ധ ചേരിയിലുള്ള വ്യക്തിക്ക് ലഭിച്ചത്. എന്നാല്‍, ക്വട്ടേഷന്‍ ക്ഷണിച്ചപ്പോള്‍ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയവര്‍ക്ക് കരാര്‍ നല്‍കുകയായിരുന്നെന്ന് നിയമസഭാ വൃത്തങ്ങള്‍ വ്യക്തമാക്കി.
നിയമസഭയില്‍ വ്യാഴാഴ്ച നടന്ന ഓണസദ്യയില്‍ പകുതിയോളം പേര്‍ക്ക് സദ്യ ലഭിച്ചിരുന്നില്ല. ഇതെക്കുറിച്ച് അന്വേഷണം തുടങ്ങി. സ്പീക്കര്‍ക്കു പോലും പായസവും പഴവും മാത്രം കഴിച്ച് തൃപ്തിപ്പെടേണ്ടി വന്നു. 1300 പേര്‍ക്ക് സദ്യ ഒരുക്കാനായിരുന്നു കരാര്‍ നല്‍കിയിരുന്നത്. സദ്യയുടെ ക്വട്ടേഷന്‍ നേടിയത് കാട്ടാക്കടക്കാരെന്ന് വാര്‍ത്ത വന്നതോടെ സി.പി.എം പ്രാദേശിക നേതൃത്വം അന്വേഷണം തുടങ്ങി. മനഃപൂര്‍വം വിവാദം സൃഷ്ടിക്കാന്‍ സദ്യ അലങ്കോലമാക്കിയെന്ന തരത്തില്‍ സി.പി.എമ്മിലെ ഒരു വിഭാഗം ആരോപിക്കുന്നുണ്ട്. സദ്യക്ക് ക്വട്ടേഷന്‍ നല്‍കിയവര്‍ നടപടിക്രമങ്ങള്‍ പാലിച്ചിരുന്നോ എന്ന് അന്വേഷിക്കണമെന്ന് അനൗദ്യോഗികമായി സി.പി.എം ആവശ്യപ്പെട്ടതായാണ് വിവരം.