പുതുപ്പള്ളി- ഒളിവിലും മറവിലും നിന്ന് സംസാരിക്കുന്നവര്‍ക്കെതിരെ എങ്ങനെയാണ് നിയമ നടപടി എടുക്കാന്‍ പറ്റുകയെന്ന് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. മുഖമില്ലാത്തവര്‍ക്കെതിരെ നിയമനടപടിക്കില്ലെന്നും ധൈര്യമുണ്ടെങ്കില്‍ നേര്‍ക്കുനേര്‍ ആരോപണം ഉന്നയിക്കട്ടെയെന്നും അച്ചു പറഞ്ഞു. നുണ പ്രചാരണത്തിന് ജനം മറുപടി നല്‍കുമെന്നും സൈബര്‍ ആക്രമണത്തിനെതിരെ അച്ചു ഉമ്മന്‍ പ്രതികരിച്ചു. ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടി. മരിച്ചപ്പോള്‍ മക്കളെ വേട്ടയാടുന്നുവെന്നും അച്ചു പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടിന്റെ 40-ാം ദിനത്തോടനുബന്ധിച്ച് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ പ്രത്യേക പ്രാര്‍ഥനകള്‍ക്കു ശേഷം മാധ്യമങ്ങളുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അച്ചു ഉമ്മന്‍.
നിങ്ങളൊരു മൈക്കിന്റെ മുന്നില്‍ വന്ന് സംസാരിക്കൂ. ഒരാളെ ഒരുതരത്തിലും വ്യക്തിപരമായി ആക്ഷേപിക്കാന്‍ ഉമ്മന്‍ ചാണ്ടി എന്ന രാഷ്ട്രീയക്കാരന്‍ ഒരിക്കല്‍പോലും നിന്നിട്ടില്ല. യാതൊരുതരത്തിലും സത്യമല്ലാത്ത കാര്യങ്ങള്‍ ചര്‍ച്ചയില്‍ വരുത്താനാണ് ശ്രമം. ഞങ്ങളതിന് മറുപടി പറഞ്ഞുകൊണ്ടേയിരിക്കണം. ഈ വക ട്രാപ്പിലൊന്നും ഞങ്ങള്‍പെടുകയില്ല. നുണ പ്രചാരണത്തിന് ജനം മറുപടി നല്‍കും. അഴിമതിയില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് സൈബര്‍ ആക്രമണം. മക്കള്‍ക്കെതിരെയുള്ള വേട്ടയാടലാണ് നടക്കുന്നത് - അച്ചു ഉമ്മന്‍ പ്രതികരിച്ചു. ഉമ്മന്‍ ചാണ്ടിയുടെ മക്കള്‍ ആഡംബര ജീവിതം നയിക്കുന്നുവെന്ന തരത്തിലായിരുന്നു സൈബര്‍ പ്രചാരണം.