തിരുവനന്തപുരം - സമഗ്ര നഗരവികസന നയമാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്നും നവകേരള നഗരനയം നടപ്പാക്കാന്‍ കമ്മീഷന് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. തിരുവനന്തപുരം നഗരസഭയുടെ സ്മാര്‍ട്സിറ്റി പദ്ധതിയിലുള്‍പ്പെടുത്തി 113 ഇലക്ട്രിക് ബസുകള്‍ സിറ്റി സര്‍വീസിനായി കെ.എസ്.ആര്.ടി.സി സ്വിഫ്റ്റിന് കൈമാറുന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആദ്യഘട്ടമായി 60 ഇ-ബസുകളാണ് തിരുവനന്തപുരം ചാല ഗവണ്മെന്റ് മോഡല്‍ ബോയ്സ് സ്കൂള്‍ മൈതാനത്തു മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തത്. അന്താരാഷ്ട്ര വിദഗ്ധര്‍, അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ എന്നിവര്‍ ഉള്‍പ്പെട്ടതായിരിക്കും കമ്മീഷന്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ നഗരനയത്തിന്റ മാസ്റ്റര്‍പ്ലാന്‍ തയാറാക്കാന്‍ അന്താരാഷ്ട്ര വിദഗ്ധരുടെ സഹായം തേടും. നഗര പുനരുജ്ജീവനം, നഗര സൗന്ദര്യവല്‍ക്കരണം എന്നിവയ്ക്ക് 300 കോടി രൂപ പ്രാരംഭചെലവ് വരും. ഇതിന്റെ ആദ്യ ഗഡുവായ 100 കോടി രൂപ കിഫ്ബി മുഖേന നടപ്പാക്കുകയാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. നഗരത്തിലെ അടിസ്ഥാനസൗകര്യ വികസനം മാത്രമല്ല നഗരവാസികളുടെ ജീവിതവും ജീവനോപാധികളും മെച്ചപ്പെടുത്താനുള്ള നടപടികളും സ്വീകരിക്കും. അതിന്റെ ഭാഗമായാണ് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയത്. നമ്മുടെ ഗതാഗത സംവിധാനങ്ങളുടെ വേഗം ദേശീയ ശരാശരിയെക്കാള്‍ 40 ശതമാനം താഴെയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പുതിയ കാലത്തു വേഗതയേറിയ ഗതാഗത സംവിധാനം ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. അതിനാല്‍ നൂതന ഗതാഗത സംവിധാനം നമുക്ക് ഒരുക്കേണ്ടതുണ്ട്. അതു പരിസ്ഥിതി സൗഹൃദമായിരിക്കുകയും വേണം.
വന്ദേഭാരത് ട്രെയിനില്‍ ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണെന്നും അത്രയേറെ പേര് കേരളത്തില്‍ വേഗതയേറിയ സംവിധാനം ഉപയോഗിക്കുന്നതിനാല്‍ സംസ്ഥാനം പൊതുവെ എങ്ങിനെ ചിന്തിക്കുന്നുവെന്നു വ്യക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 113 ഹരിത ബസുകള്‍ തിരുവനന്തപുരം നഗരത്തില്‍ ഓടാന്‍ തുടങ്ങുന്നതോടെ സിറ്റി സര്‍ക്കുലര്‍ സര്‍വീസ് പൂര്‍ണമായും പരിസ്ഥിതി സൗഹൃദമാകും . പരിപാടിയില്‍ തദ്ദേശസ്വയംഭരണ മന്ത്രി എം. ബി രാജേഷ് അധ്യക്ഷത വഹിച്ചു