Sorry, you need to enable JavaScript to visit this website.

ജോലി നഷ്ടമായ സതിയമ്മക്കെതിരെ പോലീസ് കേസ്, വ്യാജരേഖ ചമച്ചെന്ന് എഫ്.ഐ.ആര്‍

കോട്ടയം- പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായി സംസാരിച്ചതിന്റെ പേരില്‍ ജോലി നഷ്ടമായ സതിയമ്മക്കെതിരെ കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്തു. മൃഗസംരക്ഷണ വകുപ്പില്‍ വ്യാജരേഖയുണ്ടാക്കി ജോലി ചെയ്‌തെന്നു കാണിച്ചാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐശ്വര്യ കുടുംബശ്രീ സെക്രട്ടറി സുധാമോള്‍, പ്രസിഡന്റ് ജാനമ്മ, വെറ്ററിനറി സെന്റര്‍ ഫീല്‍ഡ് ഓഫീസര്‍ ബിനു എന്നിവരെയും കേസില്‍ പ്രതിചേര്‍ത്തു.

ബിനുവിനെതിരെ വകുപ്പുതല നടപടിക്കും സാധ്യതയുണ്ട്. രേഖകള്‍പ്രകാരം ജോലി ചെയ്യേണ്ട ലിജി മോള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. അതേസമയം സത്യസന്ധമായാണ് ജോലി ചെയ്തതെന്നും നിയമപരമായി നേരിടുമെന്നും സതിയമ്മ പ്രതികരിച്ചു.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെപ്പറ്റി പ്രതികരണം ചോദിച്ച ചാനല്‍ ലേഖകനോട് ഉമ്മന്‍ ചാണ്ടിയെ പുകഴ്ത്തിയും സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനെ അനുകൂലിച്ചും സതിയമ്മ സംസാരിച്ചത് സംപ്രേഷണം ചെയ്തത് 12നാണ്. 21ന് സതിയമ്മയെ ജോലിയില്‍നിന്നു പിരിച്ചുവിട്ടതാണ് രാഷ്ട്രീയ ചര്‍ച്ചയായത്. ഈ സംഭവത്തെ രാഷ്ട്രീയമായി ഇരുമുന്നണികളും ഏറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും യു.ഡി.എഫ് നേതാക്കന്മാരും സതിയമ്മയെ സന്ദര്‍ശിച്ച് പിന്തുണ വാഗ്ദാനം ചെയ്തു. ജോലിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സതിയമ്മ മൃഗസംരക്ഷണ വകുപ്പിന്റെ പുതുപ്പള്ളി സബ് സെന്ററിനു മുന്നില്‍ സമരം ആരംഭിച്ചിരുന്നു.

 

Latest News