കൊച്ചി- കെ. എസ്. ആര്‍. ടി. സിയുടെ ആസ്തികള്‍ സംബന്ധിച്ച് കൃത്യമായ മൂല്യനിര്‍ണയം നടത്തണമെന്ന് ഹൈക്കോടതി. ആസ്തി ബാധ്യതകള്‍ വ്യക്തമാക്കുന്ന ബാലന്‍സ് ഷീറ്റ് സമര്‍പ്പിക്കണമെന്നും വായ്പക്കായി പണയംവെച്ച ആസ്തികളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
മൂല്യനിര്‍ണയം നടത്തി ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സ്വകാര്യ ഏജന്‍സിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. തൊഴിലാളികളുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിനെതിരെ സൊസൈറ്റി സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്.
ജീവനക്കാര്‍ സൊസൈറ്റികളില്‍ നിന്ന് വായ്പയെടുക്കുന്ന തുക ശമ്പളത്തില്‍ നിന്ന് ഗഡുക്കളായി പിടിച്ച ശേഷം കെ. എസ്. ആര്‍. ടി. സിയാണ് സൊസൈറ്റിയിലേക്ക് അടയ്‌ക്കേണ്ടത്. എന്നാല്‍, കഴിഞ്ഞ കുറേക്കാലങ്ങളായി ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് കെ. എസ്. ആര്‍. ടി. സിയിലെ തുക പിടിക്കുന്നുണ്ടെങ്കിലും സൊസൈറ്റിയിലേക്ക് അടക്കുന്നില്ല. ഇതേതുടര്‍ന്നാണ് ചാലക്കുടിയില്‍ നിന്നുള്ള സൊസൈറ്റി ഹൈക്കോടതിയെ സമീപിച്ചത്.
പത്തു ലക്ഷം രൂപ സൊസൈറ്റിയില്‍ അടയ്ക്കണമെന്ന് കോടതി നിര്‍ദേശിച്ചെങ്കിലും ഉത്തരവ് ലംഘിക്കപ്പെട്ടതോടെ കോടതിയലക്ഷ്യ ഹരജി സമര്‍പ്പിക്കുകയായിരുന്നു. ഈ ഹരജിയിലാണ് പുനര്‍മൂല്യ മൂല്യനിര്‍ണയം നടത്തണമെന്ന് കോടതി നിര്‍ദേശിച്ചത്.