ജിദ്ദ - ലോക രാജ്യങ്ങളിൽ നിന്ന് പുണ്യഭൂമിയിലേക്ക് പ്രവഹിക്കുന്നതിന് തുടങ്ങിയ ഹജ് തീർഥാടകർക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിന് ഹജ് സേവന മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ ഗവൺമെന്റ്, സ്വകാര്യ വകുപ്പുകളും സ്ഥാപനങ്ങളും ഏജൻസികളും തീവ്രയത്‌നം നടത്തണമെന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ആവശ്യപ്പെട്ടു. ജിദ്ദ അൽസലാം കൊട്ടാരത്തിൽ പ്രതിവാര മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിച്ചാണ് ഹാജിമാർക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിന് രാജാവ് നിർദേശിച്ചത്. എയർപോർട്ടുകളും തുറമുഖങ്ങളും കരാതിർത്തി പോസ്റ്റുകളും അടക്കം മുഴുവൻ അതിർത്തി പോസ്റ്റുകളിലും മക്കയിലും ജിദ്ദയിലും പുണ്യസ്ഥലങ്ങളിലും മീഖാത്തുകളിലും തീർഥാടകരുടെ നടപടിക്രമങ്ങൾ എളുപ്പമാക്കുകയും ഏറ്റവും മുന്തിയ സേവനങ്ങൾ നൽകുകയും പ്രയാസരഹിതമായി കർമങ്ങൾ നിർവഹിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുകയും വേണം. ഹാജിമാരെ സൽമാൻ രാജാവ് രാജ്യത്തേക്ക് സ്വാഗതം ചെയ്തു.
യുദ്ധക്കെടുതികളിൽ നിന്ന് കുട്ടികളെ അകറ്റിനിർത്തുന്നതിന് ഐക്യരാഷ്ട്രസഭയും യു.എൻ ഏജൻസികളും നടത്തുന്ന പ്രവർത്തനങ്ങളെ മന്ത്രിസഭാ യോഗം പ്രശംസിച്ചു. കുട്ടികളെ യുദ്ധമുന്നണിയിലേക്ക് റിക്രൂട്ട് ചെയ്യുകയും അവരെ മനുഷ്യകവചങ്ങളായി ഉപയോഗിക്കുകയും ജനവാസ കേന്ദ്രങ്ങളിൽ സ്ഥാപിച്ച ലോഞ്ചറുകളിൽ നിന്ന് മിസൈലുകൾ വിക്ഷേപിക്കുകയും ചെയ്യുന്ന ഹൂത്തികളെ രക്ഷാ സമിതി അപലപിക്കണം.
ഇസ്രായിലിനെ ജൂതരാഷ്ട്രമായി പ്രഖ്യാപിക്കുന്ന നിയമം ഇസ്രായിൽ പാർലമെന്റ് പാസാക്കിയതിനെ മന്ത്രിസഭ അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങൾക്കും മനുഷ്യാവകാശ തത്വങ്ങൾക്കും വിരുദ്ധമാണ്. ഫലസ്തീൻ, ഇസ്രായിൽ സംഘർഷത്തിന് സമാധാനപരമായ പരിഹാരം കാണുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് ഇത് വിഘാതം സൃഷ്ടിക്കും. ഈ നിയമവും ഫലസ്തീനികൾക്കെതിരായ വംശീയ വിവേചനം ശക്തമാക്കുന്ന ഇസ്രായിലിന്റെ മുഴുവൻ ശ്രമങ്ങളും അന്താരാഷ്ട്ര സമൂഹം നിരാകരിക്കണമെന്നും സൗദി മന്ത്രിസഭ ആവശ്യപ്പെട്ടു.