കോഴിക്കോട് - യു.പിയിൽ മുസ്‌ലിം വിദ്യാർത്ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച അധ്യാപികയുടെ നടപടിയിൽ വിമർശവുമായി നടൻ ഹരീഷ് പേരടി. ചന്ദ്രയാൻ മൂന്നിന്റെ അഭിമാനം കളയാൻ ഇങ്ങനെയൊരു അധ്യാപിക മതിയെന്നും വിശാല പ്രതിപക്ഷ കൂട്ടായ്മയായ 'ഇൻഡ്യ' മുസഫർനഗറിലെ സ്‌കൂളിനു മുന്നിൽ ഒത്തുകൂടണമെന്നും നടൻ ചൂണ്ടിക്കാട്ടി.
'ഇൻഡ്യ' എന്ന വിശാല പ്രതിപക്ഷ കൂട്ടായ്മ സമയം കളയാതെ മുസഫർനഗറിലെ ഈ സ്‌കൂളിന് മുന്നിൽ അല്ലേ ഒത്തുചേരേണ്ടേത്. അത് തെരഞ്ഞെടുപ്പ് രാഷ്ട്രീയമല്ല. മറിച്ച് മനസ്സിൽ പുഴുക്കുത്തുകളില്ലാത്ത വരുംതലമുറയുടെ യഥാർത്ഥ ഇന്ത്യയെ ഉണ്ടാക്കാനാണ്. ആ സ്‌കൂളിന്റെ മുന്നിൽനിന്ന് മതേതരത്വത്തിന്റെ ഒരു മുദ്രാവാക്യമെങ്കിലും ഉറക്കെ വിളിക്കൂ. വലിയ വിഭ്രാന്തിയിലൂടെ കടന്നുപോകുന്ന അടിയേറ്റ ആ കുട്ടിയുടെ മനസ്സെങ്കിലും ഒന്ന് തണുക്കട്ടെ. കേന്ദ്ര സർക്കാറേ, 685 കോടിയുടെ ചന്ദ്രയാൻ 3 എന്ന അഭിമാനം കളയാൻ ഇങ്ങനെയൊരു അധ്യാപിക മതിയെന്നു മറക്കരുതെന്നും നടൻ ഫേസ്ബുക്കിൽ കുറിച്ചു.