റിയാദ് - വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് സൗദിയിൽ ജോലി നേടിയ 712 എൻജിനീയർമാർ നിയമ നടപടികൾ നേരിടുന്നു. വ്യാജ സർട്ടിഫിക്കറ്റുകൾ കൈവശം വെക്കൽ, ഉപയോഗിക്കൽ എന്നീ ആരോപണങ്ങളാണ് ഇവർക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ ഉന്നയിച്ചിരിക്കുന്നത്. അറബ് രാജ്യങ്ങളിൽ നിന്നാണ് ഇവർ വ്യാജ സർട്ടിഫിക്കറ്റുകൾ സംഘടിപ്പിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ചിലർ അന്താരാഷ്ട്ര പ്രശസ്തമായ യൂനിവേഴ്‌സിറ്റികളുടെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റുകളാണ് നിർമിച്ചിരിക്കുന്നത്. പ്രതികൾക്ക് മൂന്നു വർഷം വരെ തടവും മൂന്നു ലക്ഷം റിയാൽ വരെ പിഴയും വിധിക്കണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ കോടതികളിൽ ആവശ്യപ്പെട്ടു. വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിക്കുന്നവർക്ക് തടവും നാടുകടത്തലും ശിക്ഷ ലഭിക്കും. കൂടാതെ വിദേശികളായ കുറ്റക്കാർക്ക് വീണ്ടും സൗദിയിൽ പ്രവേശിക്കുന്നതിൽ നിന്ന് ആജീവനാന്ത വിലക്കും ഏർപ്പെടുത്തും.
സൗദി കമ്പനികളിൽ ജോലിയിൽ പ്രവേശിക്കുന്നതിനു മുമ്പായി വിദേശ എൻജിനീയർമാരുടെ പക്കലുള്ള സർട്ടിഫിക്കറ്റുകൾ സൗദി കൗസിൽ ഓഫ് എൻജിനീയേഴ്‌സ് പരിശോധിക്കുന്നുണ്ട്. സൗദിയിൽ എത്തിയ ശേഷം വ്യാജ സർട്ടിഫിക്കറ്റുകളാണെ് കണ്ടെത്തുന്നവർക്കെതിരായ കേസുകൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയാണ് കൗൺസിൽ ചെയ്യുത്. പുതിയ ഇഖാമ നേടുന്നതിനും ഇഖാമ പുതുക്കുന്നതിനും മുമ്പായി വിദേശ എൻജിനീയർമാർ ഓലൈൻ വഴി കൗൺസിലിൽ രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്. സർട്ടിഫിക്കറ്റ് ഇഷ്യു ചെയ്ത യൂനിവേഴ്‌സിറ്റികൾ അവ ഒറിജിനലാണെന്ന് അറിയിക്കുന്ന പക്ഷം വിദേശ എൻജിനീയർമാരെ രജിസ്റ്റർ ചെയ്യുതിനുള്ള നടപടികൾ പൂർത്തിയാക്കുകയും സൗദിയിൽ ജോലി ചെയ്യുന്നതിനുള്ള ലൈസൻസ് അനുവദിക്കുകയും ചെയ്യും. ഇക്കാര്യം ഓലൈൻ വഴി ജവാസാത്ത് ഡയറക്ടറേറ്റിനെയും അറിയിക്കും.
വ്യാജ സർട്ടിഫിക്കറ്റാണെന്ന് കണ്ടെത്തിയാൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ചുമതലയുള്ള കമ്പനിയുടെ റിപ്പോർട്ടും യൂനിവേഴ്‌സിറ്റി കത്തും നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന് ഔദ്യോഗികമായി സമർപ്പിക്കും. സർട്ടിഫിക്കറ്റ് സൂക്ഷ്മ പരിശോധന, പരിചയസമ്പത്ത് വ്യവസ്ഥ തീരുമാനം ഏറ്റവും മികച്ച നിലയിൽ നടപ്പാക്കുന്നതിന് സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സിനെയും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തെയും ജവാസാത്തിനെയും നാഷണൽ ഇൻഫർമേഷൻ സെന്ററിനെയും പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ജനുവരി ഒന്നു മുതൽ അഞ്ചു വർഷത്തിൽ കുറവ് തൊഴിൽ പരിചയമുള്ള വിദേശ എൻജിനീയർമാരുടെ റിക്രൂട്ട്‌മെന്റ് സൗദി അറേബ്യ പൂർണമായും നിർത്തിവെച്ചിട്ടുണ്ട്. അഞ്ചു വർഷത്തിൽ കുറവ് പരിചയസമ്പത്തുള്ള എൻജിനീയർമാരെ റിക്രൂട്ട് ചെയ്യുന്നതിന് ഇപ്പോൾ അനുവദിക്കുന്നില്ല. നേരത്തെ സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന വിദേശ എൻജിനീയർമാർക്ക് മൂന്നു വർഷത്തെ തൊഴിൽ പരിചയമാണ് നിർബന്ധമാക്കിയിരുന്നത്. കൂടുതൽ സൗദി എൻജിനീയർമാർക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് ശ്രമിച്ചാണ് സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന വിദേശ എൻജിനീയർമാർക്ക് അഞ്ചു വർഷ പരിചയസമ്പത്ത് നിർബന്ധമാക്കിയത്.
അഞ്ചു മാസത്തിനിടെ സൗദിയിൽ നാലായിരത്തിലേറെ വിദേശ എൻജിനീയർമാർക്ക് തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ട്. ജനുവരി ഒന്നു മുതൽ മെയ് 31 വരെയുള്ള അഞ്ചു മാസക്കാലത്ത് 4,537 വിദേശ എൻജിനീയർമാർക്ക് ആണ് തൊഴിൽ നഷ്ടപ്പെട്ടത്. സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് രജിസ്‌ട്രേഷനുള്ള വിദേശ എൻജിനീയർമാരുടെ എണ്ണത്തിലാണ് അഞ്ചു മാസത്തിനിടെ ഇത്രയും വിദേശ എൻജിനീയർമാരുടെ കുറവുണ്ടായത്. വിദേശ എൻജിനീയർമാരുടെ കൂട്ടത്തിൽ ഇത്രയും പേർക്ക് സൗദിയിൽ തൊഴിൽ നഷ്ടപ്പെട്ടെന്നാണ് ഇത് വ്യക്തമാക്കുത്. ഇക്കാലയളവിൽ കൗൺസിൽ രജിസ്‌ട്രേഷനുള്ള സൗദി എൻജിനീയർമാരുടെ എണ്ണത്തിൽ 6,300 പേരുടെ വർധനവുണ്ടായി.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് രജിസ്‌ട്രേഷനുള്ള രണ്ടു ലക്ഷം എൻജിനീയർമാരാണുള്ളത്. 2,942 എൻജിനീയറിംഗ് കമ്പനികൾക്കും ഓഫീസുകൾക്കും കീഴിൽ ഇവർ ജോലി ചെയ്യുന്നു. എൻജിനീയർമാരിൽ 1,68,266 പേർ വിദേശികളാണ്. വിദേശ എൻജിനീയർമാരുടെ എണ്ണത്തിൽ അഞ്ചു മാസത്തിനിടെ 3.7 ശതമാനം കുറവുണ്ടായി. കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം സൗദിയിൽ 1,72,796 വിദേശ എൻജിനീയർമാരാണുണ്ടായിരുന്നത്. കൗൺസിൽ രജിസ്‌ട്രേഷനുള്ള എൻജിനീയർമാരിൽ 81.2 ശതമാനം വിദേശികളാണ്. കൗൺസിലിൽ രജിസ്റ്റർ ചെയ്ത സൗദി എൻജിനീയർമാരുടെ എണ്ണം അഞ്ചു മാസത്തിനിടെ 25,426 ൽ നിന്ന് 31,726 ആയി ഉയർന്നു. ആകെ എൻജിനീയർമാരിൽ സൗദി എൻജിനീയർമാരുടെ അനുപാതിൽ ആറു ശതമാനം വർധമനവുണ്ടായി. കഴിഞ്ഞ വർഷാവസാനം സൗദി എൻജിനീയർമാർ 13 ശതമാനമായിരുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സൗദി എൻജിനീയർമാർ 18.8 ശതമാനമാണ്.