പാലക്കാട് - ആളുമാറി വയോധികയെ അറസ്റ്റ് ചെയ്ത് നാലു വര്‍ഷത്തോളം കോടതി കയറ്റിയ സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയ്ക്ക് ശുപാര്‍ശ. കുനിശ്ശേരി സ്വദേശിനി ഭാരതിയമ്മയെ ആളുമാറി അറസ്റ്റ് ചെയ്ത സംഭവത്തിലാണ് നടപടിയെടുക്കുന്നത്. ഭാരതിയമ്മക്കുണ്ടായ മനോവിഷമവും പ്രയാസവും തിരിച്ചറിഞ്ഞെന്ന് പൊലീസിന്റെ അന്വേഷണം റിപ്പോര്‍ട്ടില്‍ പറയുന്നു. ഭാരതിയമ്മ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 84 വയസ്സുള്ള ഭാരതിയമ്മയ്ക്കാണ് പാലക്കാട് പോലീസിന്റെ ഗുരുതര വീഴ്ച്ചയെ തുടര്‍ന്ന് ദുരനുഭവം നേരിടേണ്ടി വന്നത്. വീട്ടില്‍ കയറി അതിക്രമം കാണിച്ചെന്ന കേസിലായിരുന്നു പോലീസ് ആളുമാറി ഭാരതിയമ്മയെ അറസ്റ്റ് ചെയ്തത്. താന്‍ ഒരു കേസിലും പ്രതിയല്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും പോലീസ് സമ്മതിച്ചില്ലെന്ന് വയോധിക പറഞ്ഞിരുന്നു. 1998ലാണ് കേസിന് ആസ്പദമായ സംഭവം. കള്ളിക്കാട് സ്വദേശി രാജഗോപാലിന്റെ വീട്ടിലെ ജോലിക്കാരിയായിരുന്നു കേസിലെ യഥാര്‍ത്ഥ പ്രതിയായ ഭാരതി. ഈ സ്ത്രീ വീട്ടുകാരുമായി പ്രശ്‌നമുണ്ടാക്കുകയും ചെടിച്ചട്ടിയും മറ്റും എറിഞ്ഞുടയ്ക്കുകയും അസഭ്യം പറയുകയും ചെയ്തു എന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് സൗത്ത് പോലീസ് ഭാരതിക്കെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയ ഭാരതി മുങ്ങുകയായിരുന്നു. പിന്നീട് അന്വേഷണം നടത്തിയെങ്കിലും ഈ സ്ത്രീയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. മുങ്ങിയ ഭാരതിക്ക് പകരം 2019 ല്‍ കുനിശേരി സ്വദേശി ഭാരതിയമ്മയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. താന്‍ ഒരിടത്തും വീട്ടുജോലി ചെയ്തിട്ടില്ലെന്നും ഏറെ നാളായി തമിഴ്‌നാട്ടിലാണെന്നും പറഞ്ഞെങ്കിലും ഇതൊന്നും കേള്‍ക്കാന്‍ പോലീസ് തയ്യാറായില്ലെന്ന് ഭാരതിയമ്മ പറഞ്ഞു. അറസ്റ്റിലായ ഇവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചെങ്കിലും കേസുമായി നടക്കേണ്ടി വന്നത് നാലുവര്‍ഷമാണ്.അപമാന ഭാരം താങ്ങാനാകാത്തതിനാലാണ് വിശ്രമജീവിതം നയിക്കേണ്ട ഈ പ്രായത്തില്‍ പരാതിയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചതെന്ന് ഭരാതിയമ്മ പറയുന്നു.