Sorry, you need to enable JavaScript to visit this website.

സൗദിയിൽ പ്രബോധന പ്രവർത്തനങ്ങൾ  നിർത്തിവെച്ചിട്ടില്ലെന്ന് മന്ത്രി

അബ്ദുല്ലത്തീഫ് ആലുശൈഖ് 

റിയാദ് - ഇസ്‌ലാമികകാര്യ മന്ത്രാലയം പ്രബോധന പ്രവർത്തനങ്ങൾ നിർത്തിവെച്ചിട്ടില്ലെന്ന് വകുപ്പ് മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് വ്യക്തമാക്കി. പ്രബോധന പ്രവർത്തനങ്ങൾ മന്ത്രാലയം നിർത്തിവെച്ചു എന്ന നിലക്ക് പ്രചരിക്കുന്ന റിപ്പോർട്ടുകൾ ശരിയല്ല. പ്രബോധന പ്രവർത്തനങ്ങൾ  അഭംഗുരം തുടരുകയാണ്. സൗദി അറേബ്യയിൽ മാത്രമല്ല, ലോകമെങ്ങും പ്രബോധന പ്രവർത്തനങ്ങൾ നടത്തുന്നതിനും ലോകത്ത് നന്മ പ്രചരിപ്പിക്കുന്നതിനും വേണ്ടിയാണ് ഇസ്‌ലാമികകാര്യ മന്ത്രാലയം സ്ഥാപിച്ചതു തന്നെ. പ്രബോധന പ്രവർത്തനങ്ങളിൽ ചില നിയമ ലംഘനങ്ങളുണ്ടായിരുന്നു. അർഹതയും യോഗ്യതയുമില്ലാത്ത ചിലർ പ്രബോധന പ്രവർത്തന മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. മറ്റു ചില പ്രബോധകർ തങ്ങളുടെ വ്യക്തിപ്രഭാവത്തിനാണ് എപ്പോഴും ഊന്നൽ നൽകുന്നത്. ചില പ്രബോധന പ്രവർത്തനങ്ങൾക്ക് നേരത്തെ നൽകിയിരുന്ന ചില ലൈസൻസുകൾ പുനഃപരിശോധിക്കേണ്ടതുണ്ടായിരുന്നു. മന്ത്രാലയത്തിന്റെ ലൈസൻസില്ലാതെ ചില പ്രബോധന പ്രോഗ്രാമുകൾ സംഘടിപ്പിച്ചിരുന്നു. 
പ്രബോധന പ്രവർത്തനങ്ങൾ വ്യവസ്ഥാപിതമാക്കേണ്ടത് ഇസ്‌ലാമികകാര്യ മന്ത്രാലയത്തിന്റെ ചുമതലയാണ്. ഇസ്‌ലാമിന് അപകീർത്തിയുണ്ടാക്കുന്നതിനും ദേശീയൈക്യം തകർക്കുന്നതിനും ആളുകൾക്ക് ഹാനിയുണ്ടാക്കുന്നതിനും ഇസ്‌ലാമിക രാജ്യങ്ങളിൽ കിംവദന്തികൾ പ്രചരിപ്പിക്കുന്നതിനും പ്രബോധന പ്രവർത്തനങ്ങൾ ദുരുപയോഗിക്കപ്പെടുന്ന സാഹചര്യം തടയേണ്ടതുണ്ട്. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് പ്രബോധന പ്രവർത്തനങ്ങൾ വ്യവസ്ഥാപിതമാക്കി മാറ്റുന്നതിന് വിശിഷ്ട പണ്ഡിതരെയും വിദഗ്ധരെയും ഉൾപ്പെടുത്തി മന്ത്രാലയം പ്രത്യേക കമ്മിറ്റി രൂപീകരിച്ചത്. നടക്കാനിരിക്കുന്ന പ്രഭാഷണങ്ങളുടെ നിയമസാധുതയും പ്രഭാഷകരുടെ ആശയ സുരക്ഷയും ഉറപ്പുവരുത്തുക, പ്രഭാഷണങ്ങൾക്ക് തെരഞ്ഞെടുക്കുന്ന വിഷയങ്ങളുടെ തലക്കെട്ടുകൾ പരിശോധിക്കുക എന്നിവയെല്ലാമാണ് കമ്മിറ്റിയുടെ ദൗത്യം. ഇതിനകം പൂർത്തിയായ പ്രഭാഷണങ്ങളുടെയും പ്രബോധനപ്രവർത്തനങ്ങളുടെയും കാര്യത്തിൽ അന്വേഷണമില്ല. 
പ്രബോധനപ്രവർത്തനങ്ങൾ പരിഷ്‌കരിക്കുകയും വ്യവസ്ഥാപിതമാക്കുകയും ചെയ്യുന്നതിന് ലക്ഷ്യമിട്ടുള്ള നടപടികളാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ഇസ്‌ലാമികകാര്യ മന്ത്രാലയം പ്രബോധന പ്രവർത്തനങ്ങൾ നിർത്തിവെച്ചു എന്ന നിലക്ക് പ്രചരിപ്പിക്കുന്നവർ ആരാണെന്നും അവരുടെ ലക്ഷ്യങ്ങൾ എന്താണെന്നും എല്ലാവർക്കും അറിയാവുന്നതാണ്. ആളുകൾക്കിടയിൽ വിഷങ്ങളും മോശം ആശയങ്ങളും പ്രചരിപ്പിക്കുന്നതിന് ചിലർക്ക് അവസരം ലഭിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. എല്ലാവരും ഇത്തരക്കാരല്ല. പതിനായിരത്തിൽ ഒരു ശതമാനം പേർ മാത്രമാണ് പ്രബോധന പ്രവർത്തനങ്ങൾ ദുരുപയോഗിക്കുന്നത്. തീവ്രവാദത്തിൽ നിന്ന് മുക്തമായ മിതവാദമാണ് സൗദി അറേബ്യയുടെ രീതിശാസ്ത്രമെന്ന് എല്ലാവരും അറിയണമെന്നും ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു. 

Latest News