വടകര- ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കെതിരെ സമൂഹമാധ്യമങ്ങൾ വഴി നടത്തുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് സൊസൈറ്റി പോലീസിൽ പരാതി നൽകി. സൊസൈറ്റി നടത്തിയ നിർമ്മാണം തകർന്നെന്ന ആരോപണമാണ് പ്രചരിപ്പിക്കുന്നത്. സൊസൈറ്റി നടത്തിയ ഒരു നിർമ്മാണവും തകർന്നിട്ടില്ലെന്ന് സൊസൈഖറ്റി അധികൃതർ അറിയിച്ചു. ഇത്തരം വ്യാജ പ്രചാരണങ്ങൾ കേരള സമൂഹം തള്ളക്കളയണമെന്നും സൊസൈറ്റി അഭ്യർത്ഥിച്ചു. സ്വകാര്യ ലാഭത്തിനായി പ്രവർത്തിക്കുന്ന സ്ഥാപനമല്ലിത്. റോഡും പാലങ്ങളുമടക്കം 12 ഓളം പ്രവൃത്തികൾ തകർന്നെന്നാണ് സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നത്. ഇവയിൽ മൂന്നെണ്ണം ഒഴികെ മറ്റൊന്നുമായും സൊസൈറ്റിക്ക് ബന്ധമില്ല. സൊസൈറ്റി നടത്തിയ മൂന്ന് പ്രവൃത്തിയിൽ നിർമ്മാണ തകരാറ് മൂലം ഒരു കുഴപ്പവുമുണ്ടായിട്ടില്ല. പ്രകൃതിക്ഷോഭം മൂലം വാളാട് പുഴയോരത്ത് മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് മാനന്തവാടി -പെരിയ റോഡിന്റെ ഏതാനും മീറ്റർ ഭാഗം അരിക് ഇടിഞ്ഞത് മഴയെ തുടർന്നാണ്. ഏലപ്പാറ വാഗമൺ റോഡിൽ ഏതാനും സെന്റീമീറ്റർ മാത്രം വ്യാസത്തിലാണ് ഉറവപ്പാട് ഉണ്ടായത്. ദുരുദ്ദേശ്യത്തോടെ മനപ്പൂർവ്വം തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് സൊസൈറ്റി ആരോപിച്ചു. അത്തരം പ്രചാരണങ്ങൾ തള്ളിക്കളയണമെന്നും സൊസൈറ്റി അഭ്യർത്ഥിച്ചു.ചോമ്പാല പോലീസിലാണ് സൊസൈറ്റി നടപടി ആവശ്യപ്പെട്ട് പരാതി നൽകിയത്.