മക്ക - ദുൽഹജ് ഏഴു വരെ ഹജ് അനുമതി പത്രം ഓൺലൈൻ വഴി റദ്ദാക്കാവുന്നതാണെന്ന് സിവിൽ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവനമായ അബ്ശിറിൽ അക്കൗണ്ടുള്ളവർക്ക് കാലാവധിയുള്ള ഹജ് തസ്‌രീഹ് ഓൺലൈൻ വഴി റദ്ദാക്കുന്നതിന് സാധിക്കും. ദുൽഹജ് ഏഴിനു ശേഷം ഹജ് അനുമതി പത്രം റദ്ദാക്കുന്നതിന് സൗദി പൗരന്മാർ ഏറ്റവും അടുത്തുള്ള സിവിൽ അഫയേഴ്‌സ് ഓഫീസിനെ നേരിട്ട് സമീപിക്കണം. ഹജ് സർവീസ് സ്ഥാപനം വഴി തസ്‌രീഹ് റദ്ദാക്കിയത് തെളിയിക്കുന്ന രേഖകളുമായി സൗദികൾ സിവിൽ അഫയേഴ്‌സ് ഓഫീസിലെത്തിയാണ് ഇതിനുള്ള അന്തിമ നടപടികൾ പൂർത്തിയാക്കേണ്ടത്.
ഹജ് നിർവഹിക്കുന്നതിനുള്ള അർഹത ഓൺലൈൻ വഴി അന്വേഷിച്ച് അറിയുന്നതിന് സാധിക്കും. ഉപയോക്താക്കൾക്ക് നേരിട്ട് ഓൺലൈൻ വഴി ഹജ് അനുമതി പത്രത്തിന്റെ പ്രിന്റൗട്ട് എടുക്കുന്നതിന് സാധിക്കും. ഹജ് അനുമതി പത്രത്തിന്റെ പ്രിന്റൗട്ടുകൾ എടുക്കുന്നതിന് ആഭ്യന്തര ഹജ് സർവീസ് കമ്പനികൾക്കും സ്ഥാപനങ്ങൾക്കും സർക്കാർ, സൈനിക വകുപ്പുകൾക്കും അധികാരം നൽകിയിട്ടുണ്ട്. തങ്ങളുടെ പട്ടികയിലുള്ള തീർഥാടകരുടെ ഹജ് അനുമതി പത്രത്തിന്റെ പ്രിന്റൗട്ടുകൾ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവനമായ അബ്ശിർ വഴി എടുക്കുന്നതിന് ഈ വകുപ്പുകളെ ചുമതലപ്പെടുത്തുന്നതിന് സാധിക്കും. ഹജ് ദിവസങ്ങളിലുണ്ടാകുന്ന ജനന, മരണങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് അൽമുഅയ്‌സിം കോംപ്ലക്‌സിലും ഗവൺമെന്റ് ഓഫീസുകൾ പ്രവർത്തിക്കുന്ന അൽഅവാലി കോംപ്ലക്‌സിലും സിവിൽ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റിനു കീഴിലെ രണ്ടു ഓഫീസുകൾ പ്രവർത്തിക്കും.
ഹജ് അനുമതി പത്രം നേടിയ ശേഷം എന്തെങ്കിലും കാരണവശാൽ ഹജ് നിർവഹിക്കുന്നതിന് പ്രതിബന്ധം നേരിടുന്ന പക്ഷം ഹജ് തസ്‌രീഹ് റദ്ദാക്കിയാൽ മാത്രമേ വരും വർഷങ്ങളിൽ ഹജ് നിർവഹിക്കുന്നതിന് അവർക്ക് സാധിക്കുകയുള്ളൂ. സൗദിയിൽ നിന്നുള്ളവർക്ക് അഞ്ചു വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഹജിന് അനുമതി നൽകുന്നത്. ഒരു തവണ ഹജ് നിർവഹിച്ചവർക്ക് അഞ്ചു വർഷം പിന്നിടാതെ വീണ്ടും ഹജ് അനുമതി ലഭിക്കില്ല. ഹജ് അനുമതി പത്രം നേടിയ ശേഷം ഹജ് നിർവഹിക്കാതിരുന്നാലും ഹജ് നിർവഹിച്ചവരുടെ കൂട്ടത്തിലാണ് അവരെ ഉൾപ്പെടുത്തുക. ഇത് ഒഴിവാക്കുന്നതിന് ഹജ് അനുമതി പത്രം റദ്ദാക്കൽ നിർബന്ധമാണ്.
പണമടക്കുന്നതിനു മുമ്പായി ഹജ് ബുക്കിംഗ് റദ്ദാക്കുന്നവർ പ്രത്യേക ഫീസ് നൽകേണ്ടതില്ല. എന്നാൽ വ്യവസ്ഥകൾ പൂർണമല്ലാത്തതിനാൽ ആഭ്യന്തര മന്ത്രാലയം ഹജ് അനുമതി പത്രം നിഷേധിച്ച ശേഷം ബുക്കിംഗ് റദ്ദാക്കുവർ 26.5 റിയാൽ നൽകേണ്ടിവരും. ദുൽഹജ് ഒന്നു വരെയുള്ള കാലത്ത് തെരഞ്ഞെടുത്ത ഹജ് പാക്കേജ് പ്രകാരമുള്ള പണം അടച്ച്, ഹജ് അനുമതി പത്രം പ്രിന്റ് ചെയ്യുന്നതിനു മുമ്പായി രജിസ്‌ട്രേഷൻ റദ്ദാക്കുന്നവർ 68.25 റിയാൽ നൽകേണ്ടിവരും. ദുൽഹജ് രണ്ടിന് ബുക്കിംഗ് റദ്ദാക്കുന്നവരിൽ നിന്ന് അവർ അടച്ച ഹജ് നിരക്കിന്റെ 30 ശതമാനവും ദുൽഹജ് മൂന്നിന് റദ്ദാക്കുന്നവരിൽ നിന്ന് 40 ശതമാനവും നാലിന് റദ്ദാക്കുന്നവരിൽ നിന്ന് 50 ശതമാനവും അഞ്ചിന് റദ്ദാക്കുന്നവരിൽ നിന്ന് 60 ശതമാനവും ആറിന് റദ്ദാക്കുന്നവരിൽ നിന്ന് 70 ശതമാനവും കട്ട് ചെയ്യും. ദുൽഹജ് ഏഴിന് ബുക്കിംഗ് റദ്ദാക്കുവർക്ക് അവർ അടച്ച പണത്തിൽ നിന്ന് ഒന്നും തന്നെ തിരികെ ലഭിക്കില്ല. ഇതിനു പുറമെ ഓലൈൻ സേവന ഫീസ് ഇനത്തിൽ 68.25 റിയാലും ബാങ്ക് ട്രാൻസ്ഫർ ഫീസ് ആയി 7.35 റിയാലും ഇവർ അടയ്‌ക്കേണ്ടിവരും.